കൊറോണ വൈറസിന്റെ വരവും ലോക്ക്ഡൗണും വരുത്തിയ പ്രശനങ്ങള്‍ ചില്ലറയല്ല. കൂട്ടുകാരുമായി അടിച്ചു പൊളിക്കാനായി ഒരു കറങ്ങി നടക്കാന്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും എന്നാണ് ചിലരുടെ ചിന്ത. അതെ സമയം ഡേയ്റ്റിങിന് പോകാന്‍ പറ്റാത്ത ‘സിംഗിള്‍ പസങ്കകളുടെ’ വിഷമവും അവഗണിക്കാനാവില്ല. ഏതായാലും കൊറോണ കേസുകള്‍ കുറഞ്ഞുവരുന്നതോടെ അധികം താമസമില്ലാതെ ലോകം പഴയപടിയിലാവും എന്ന പ്രതീക്ഷയിലാണ് പലരും.
ന്യൂയോര്‍ക്കിലും മറ്റും വാക്സിനേഷന് വഴി കൊറോണ കേസുകള്‍ കാര്യമായി കുറഞ്ഞതോടെ നീയന്ത്രണങ്ങള്‍ പലതും കുറച്ചിട്ടുണ്ട്. ഡേയ്റ്റിങ് സൈറ്റുകളിലും മറ്റും കഴിഞ്ഞ ചില മാസങ്ങളായി പരിചയപ്പെട്ട യുവതി യുവാക്കള്‍ നേരിട്ട് കണ്ടുമുട്ടന്നതിന്റെ തിരക്കിലാണ് ഈ നഗരത്തില്‍. ബ്രിട്ടീഷ് വില്‍ എന്ന് പേരുള്ള യുവാവും മാസങ്ങളായി താന്‍ ഡേയ്റ്റിങ് സൈറ്റുകളില്‍ പരിചയപ്പെട്ട ന്യൂയോര്‍ക്കിലെ സ്ത്രീകളെ നേരില്‍ കാണാന്‍ തീരുമാനിച്ചു.
ന്യൂയോര്‍ക്ക് നഗരത്തിലെ 14 സ്ത്രീകളെയാണ് വില്‍ കാണാന്‍ തീരുമാനിച്ചത്. പക്ഷെ ഓരോരുത്തര്‍ക്കും പ്രത്യേകം മെസ്സേജ് അയക്കുന്നതിന് പകരം വില്ലിന് ഒരു അബദ്ധം പറ്റി. എല്ലാവര്ക്കും കൂടെ ഗ്രൂപ്പ് മെസ്സേജ് അയച്ചു വില്‍. ‘ഹേ അപരിചിതേ! നമ്മള് കഴിഞ്ഞ വര്‍ഷം ബംബിളില്‍ (ഡേയ്റ്റിങ് ആപ്പ്) പരിചയപ്പെട്ടു. പക്ഷേ കോവിഡ് കാരണം നമുക്ക് കണ്ടുമുട്ടാന്‍ പറ്റിയില്ല. ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ട്. നിങ്ങള്‍ ഇപ്പോഴും അവിവാഹിതയാണോ എന്നാണ് എനിക്കറിയേണ്ടത്?’ വില്‍ ഗ്രൂപ്പ് ചാറ്റില്‍ മെസ്സേജ് അയച്ചു.
പിന്നെ നടന്നത് ചിന്തിക്കാവുന്നതല്ലയുള്ളൂ. അധികം താമസമില്ലാതെ ഒരു സ്ത്രീയുടെ മറുപടി വന്നു ‘നിങ്ങള്‍ 14 സ്ത്രീകള്‍ക്ക് ഒരേസമയം ടെക്സ്റ്റ് ചെയ്തു. ഗുഡ്ബൈ വില്‍.’ മറ്റൊരു സ്ത്രീ ‘നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ 14 പേര്‍ക്ക് മെസ്സേജ് അയച്ചു എന്ന് മനസ്സിലാക്കിയോ?’ എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു സ്ത്രീ വില്ലിനൊപ്പം ഡേയ്റ്റിങിന് പോയിരുന്നു എന്നും വില്‍ തട്ടിപ്പുകാരാണെന്ന് എന്നും കൂടെ പറഞ്ഞതോടെ ശുഭം.
കാര്യങ്ങള്‍ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വില്‍ നൈസായി ഗ്രൂപ്പില്‍ നിന്നും എസ്കേപ്പ് ആയി. ഇതേതുടര്‍ന്ന് സ്ത്രീകള്‍ ‘ബ്രിട്ടീഷ് വില്‍സ് എയ്ഞ്ചല്‍സ്’ എന്ന് ഗ്രൂപ്പിന് പുനര്‍നാമകരണം ചെയ്തു. വില്ലുമായി ഡേയ്റ്റ് ചെയ്യുന്നതിനേക്കാള്‍ ഭേദം തങ്ങള്‍ ഒത്തുകൂടുന്നതാണ് എന്ന അഭിപ്രായത്തില്‍ 14 സ്ത്രീകളും ഒരു പാര്‍ട്ടി നടത്താനുള്ള തയ്യാറെടുപ്പിലാണ്.