തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ട്; 140 കോടി ഇന്ത്യക്കാര്‍ എന്റെ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. മാധ്യമ തലക്കെട്ടിലല്ല ജനവിശ്വാസം. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.ജനങ്ങളുടെ വിശ്വാസം തന്റെ സുരക്ഷാ കവചമാണ്. വിശ്വാസം ഒറ്റരാത്രിയില്‍ ഉണ്ടായതല്ല. വ്യാജ ആരോപണം ഉന്നയിച്ചാല്‍ ജയിക്കുമോ? അങ്ങനെ ജയിക്കാമെന്നാണ് ചിലരുടെ വിചാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടി വി ഷോകളിലൂടെ നേടിയതല്ല തന്റെ പാരമ്പര്യം. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ തെറ്റായ ആരോപണങ്ങള്‍ കൊണ്ട് സാധിക്കില്ല. ചിലര്‍ പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനായി. തന്റെ കുടുംബവും അജണ്ടയും ഇന്ത്യയാണ്.
140 കോടി ഇന്ത്യക്കാര്‍ തന്റെ കുടുംബമാണ്. രാഹുലിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് മനസിലാകും. വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രതിപക്ഷത്തിന് നിരാശയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലര്‍ നിരാശരാണ്. നിരാശയ്ക്ക് കാരണം അവര്‍ക്കെതിരായ തുടര്‍ച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും സ്വതന്ത്രമായി നടക്കാം. ശ്രീനഗറില്‍ എല്ലാവരും സുരക്ഷിതര്‍. സുരക്ഷയില്ലാതെ ലാല്‍ ചൗക്കില്‍ പോകാം. രാഹുലിന് ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തനായി. സാഹചര്യമൊരുക്കിയത് ബിജെപി സര്‍ക്കാരാണ്. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികള്‍ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
2004 മുതല്‍ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോള്‍ നിര്‍മാണ ഹബായി മാറി. നിരാശരായ ചിലര്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ സ്വീകരിക്കാന്‍ തയ്യാറല്ല. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില നേതാക്കള്‍ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കോണ്‍ഗ്രസ് നയപ്രഖ്യാപന പ്രസംഗത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. നയസ്തംഭനത്തില്‍ നിന്നും കുംഭകോണങ്ങളില്‍ നിന്നും രാജ്യം മുക്തമാവുകയാണ്. മഹാമാരിക്കാലത്ത് ഇന്ത്യ അഭിമാനത്തോടെ നിലകൊണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.