വിയന്ന: ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ ഭീകരന് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വധിച്ചിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ‘സാമ്രാജ്യത്തിലെ പോരാളി’യാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് തങ്ങളുടെ വാര്‍ത്താമാധ്യമമായ അമാഖിലൂടെ അറിയിക്കുകയും ചെയ്തു. ആസ്ട്രിയന്‍-മാസിഡോണിയന്‍ ഇരട്ട പൗരത്വമുള്ള കുജ്തിം ഫെജ്സുലായി എന്ന ഇരുപതുകാരനായ ഐഎസ് അനുഭാവിയാണ് ആക്രമണം നടത്തിയത്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇയാളെ 22 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ നേരത്തെ പുറത്തിറങ്ങി.
ആക്രമണത്തിന്റെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഫെജ്സുലായി മാത്രമാണ് ആക്രമണം നടത്തിയതെന്നും മറ്റൊരാളുടെ സാന്നിധ്യം ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നുമാണ് അറിയിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജനങ്ങളോട് റെക്കോഡിംഗുകള്‍ എത്തിച്ചു നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധിടങ്ങളിലായി റെയ്ഡ് നടത്തിയ പൊലീസ് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അക്രമി ഫെജ്സുലായിയുടെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായകമായ പല തെളിവുകളും കണ്ടെത്തിയെന്നും സൂചനകളുണ്ട്. ഇതില്‍ നിന്നും ഇയാല്‍ അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു ചിത്രവും കണ്ടെടുത്തിരുന്നു. കയ്യില്‍ ആയുധങ്ങളേന്തി നില്ക്കുന്ന ചിത്രമാണിത്. ഈ ആയുധം തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. അക്രമസമയത്ത് ഇയാള്‍ വ്യാജ ബെല്‍റ്റ് ബോംബും ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.
നാലു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഓസ്ട്രിയ. 22പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.