തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു സിബിഐ നല്‍കിയിട്ടുള്ള പൊതു സമ്മത പത്രം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിബിഐ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആയുധമായി മാറുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് നിലവില്‍വന്ന സിബിഐക്കു സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിനു പരിമിതിയുണ്ട്. ഇതു മറികടക്കാനാണ് സംസ്ഥാനങ്ങള്‍ പൊതുവായി സമ്മതപത്രം നല്‍കിയിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമായി സിബിഐ കേസുകള്‍ ഏറ്റെടുക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പല പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളും ഈ അനുമതി പിന്‍വലിച്ചിരുന്നു.
പൊതു സമ്മത പത്രം ഇല്ലാതാവുന്നതോടെ ഹൈക്കോടതിയുടെ ഉത്തരവോ സംസ്ഥാനത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന്റെ ഉത്തരവോ അനുസരിച്ചു മാത്രമേ സംസ്ഥാനത്തെ കേസുകള്‍ സിബിഐയ്ക്ക് ഏറ്റെടുക്കാനാവൂ.
ലൈഫ് മിഷന് ഇടപാടില്‍ ക്രമക്കേടു ചൂണ്ടിക്കാട്ടി സിബിഐ കേസെടുത്തപ്പോള്‍ സംസ്ഥാനം അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ലൈഫ് മിഷന് എതിരായ അന്വേഷണം സിബിഐ സ്റ്റേ ചെയ്തിരിക്കുകയാണ്.