തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് റെയ്ഡിനിടയില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ നാടകമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഒരു പകലും രാത്രിയും നീണ്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ നാടകീയ രംഗങ്ങള്‍ക്കിടെയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത് നാടകമാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ ആദര്‍ശപുരുഷനാക്കി മാറ്റാന്‍ ആണ് ശ്രമങ്ങള്‍ നടക്കുന്നത്. ഈ ശ്രമങ്ങളാണ് ഇ ഡി പരിശോധന നടത്തിയപ്പോള്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലുണ്ടായത്.
സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യംചെയ്യലിന് നോട്ടീസ് നല്കിയ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. സി എം രവീന്ദ്രന് അറിയാതെ ഓഫീസില്‍ ഒരു ഫയല്‍ പോലും നീങ്ങില്ല. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രവീന്ദ്രനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആക്കിയത്. ഇത് എന്തിനു വേണ്ടിയാണ്?
ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവും മുല്ലപ്പള്ളി നടത്തി.