BREAKING NEWSKERALALATEST

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലല്‍ എല്‍ഡിഎഫിന്റെ മിനിമം പരിപാടിയല്ല; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലല്‍ എല്‍ഡിഎഫിന്റെ മിനിമം പരിപാടിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനോ, ഒരു ഭീഷണിയായി വളര്‍ന്നിട്ടുപോലുമില്ല എന്നുണ്ടെങ്കില്‍, ഇതൊരു ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പൊലീസിന് മാത്രമാണ്. കേന്ദ്രത്തില്‍ നിന്നും ഫണ്ടും സൗകര്യങ്ങളും അവര്‍ക്ക് ലഭിക്കും. അതിന് വേണ്ടി ആളുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ല. ഈ നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

തെക്കേ ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തണ്ടര്‍ ബോള്‍ട്ട് രൂപീകരിച്ച് വനാന്തരങ്ങളില്‍ പരിശോധന നടത്തുമ്പോള്‍, ജാര്‍ഖണ്ഡിലേതു പോലെ മാവോയിസ്റ്റ് സാന്നിധ്യമോ പ്രവര്‍ത്തനമോ കേരളത്തില്‍ ഇല്ല. നക്സലുകളുടെ ഉന്മൂലന സിദ്ധാന്തത്തോട് സിപിഐക്ക് യോജിപ്പില്ല. അതേസമയം തന്നെ തീവ്ര രാഷ്ട്രീയം ഉള്ളപ്പോള്‍ തന്നെ അവരെയെല്ലാം വെടിവെച്ചു കൊന്നുകളയാം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയായ നിലപാടാണെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ നക്സല്‍ മൂവ്മെന്റ് 70 കളുടെ ആദ്യം രൂപം കൊണ്ടതാണ്. ഇന്ന് ഈ ഗ്രൂപ്പുകളില്‍ പലതും ജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനമാണ് സിപിഐഎംഎല്‍. വനാന്തരങ്ങളിലുള്ളവരില്‍ പലരും ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്തരത്തില്‍പ്പെട്ടവരെയെല്ലാം വെടിവെച്ചു കൊല്ലാമെന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല.

മീന്‍മുട്ടിയിലുണ്ടായതും ഏറ്റുമുട്ടലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, പൊലീസ് വെടിവെച്ചു കൊന്നതാണെന്നാണ് നാട്ടിലുള്ള സംസാരം. ആ മൃതദേഹം നേരിട്ടു കാണാനായ ജനപ്രതികള്‍ക്ക്, മൃതദേഹത്തിലെ ബുള്ളറ്റുകളും പരിക്കുകളും കണ്ടിട്ടുള്ളവര്‍ തൊട്ടടുത്തു നിന്നും വെടിവെച്ചതാണെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഏറ്റുമുട്ടലാണെങ്കില്‍ ഒരു പൊലീസുകാരനു പോലും പരിക്കേറ്റിട്ടില്ല. ഒരാള്‍ പോലും ചികില്‍സ തേടി സമീപത്തെ ആശുപത്രിയില്‍ പോയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഏറ്റുമുട്ടല്‍ എന്നത് ഏകപക്ഷീയമായ വെടിവെപ്പാണ് എന്നാണ് മനസ്സിലാകുന്നത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുതിരുമെന്നാണ് വിശ്വസിക്കുന്നത്. പൊലീസിന് എതിരാണെങ്കില്‍ അത് കോടതിയില്‍ എത്താറില്ല. മാവോയിസ്റ്റ് വേട്ടയില്‍ നിന്നും തണ്ടര്‍ ബോള്‍ട്ട് പിന്മാറണം. കേരളത്തിലെ എല്‍ഡിഎഫിന്റെ മിനിമം പരിപാടിയല്ല ആളുകളെ വെടിവെച്ചു കൊല്ലല്‍. ആളുകളെ വെടിവെച്ചു കൊല്ലുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിപിഐയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകളും കാനം നിഷേധിച്ചു. സിപിഐയില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണ്. പുറത്തുവന്നത് പാര്‍ട്ടി കമ്മറ്റികളില്‍ നടക്കാത്ത കാര്യങ്ങളാണ്. പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ കൂടിയത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും, തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും വേണ്ടിയാണ്.

ഇതിനിടെ ഇടതുമുന്നണിയില്‍ കുഴപ്പങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുക ലക്ഷ്യമിട്ടാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരില്‍ വന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. സ്റ്റേറ്റ് കൗണ്‍സിലില്‍ അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നതാണ് വാസ്തവം. കണ്ണൂരില്‍ ഇടതുമുന്നണി സീറ്റ് ചര്‍ച്ചയടക്കം പൂര്‍ത്തീകരിച്ച് മുന്നേറുകയാണ്. അതിനിടെ കുഴപ്പങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം വാര്‍ത്തകളിലൂടെ ലക്ഷ്യമിടുന്നതെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker