
ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉൾപ്പെടെ 6 യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ദേശീയ ടീം നായകനുമായ സൗരവ് ഗാംഗുലി. സഞ്ജുവിനും ദേവ്ദത്തിനും ഒപ്പം സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ എന്നിവരെയാണ് ഗാംഗുലി ഈ സീസണിലെ മികച്ച യുവതാരങ്ങളായി തെരഞ്ഞെടുത്തത്. ഇവർക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
സൂര്യകുമാർ യാദവിന് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇടം ലഭിക്കാത്തതിനെപ്പറ്റിയും ഗാംഗുലി പ്രതികരിച്ചു. “സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലെത്തുന്ന കാലം വിദൂരമല്ല. വളരെ മികച്ച കളിക്കാരനാണ് അദ്ദേഹം.”- ഗാംഗുലി പറഞ്ഞു.
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹർഭജൻ സിംഗ്, ഇന്ത്യൻ ക്യാപ്റ്റനും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കർ തുടങ്ങിയവരൊക്കെ സെലക്ടർമാരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി സെലക്ടർമാരോട് വിശദീകരണം തേടണമെന്ന് വെങ്സാർക്കർ പറഞ്ഞിരുന്നു. ക്ഷമയോടെ ഇരിക്കണമെന്നും അവസരം ലഭിക്കുമെന്നും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
അതേ സമയം, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി എന്നിവർ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സഞ്ജുവും വരുണും ടി-20 ടീമിൽ സ്ഥാനം നേടിയപ്പോൾ ഗിൽ ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.