KERALAKOTTAYAMLOCAL NEWS

പന്തയത്തിന് റെഡി ആണോ, പൂഞ്ഞാര്‍ തെക്കേക്കര പന്ത്രണ്ടാം വാര്‍ഡില്‍ നിഷ മാത്രമേ ജയിക്കൂ!

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം ഇപ്പോള്‍. ഏത് സ്ഥാനാര്‍ഥി ജയിക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങളും പന്തയവുമെല്ലാം കൊഴുക്കുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പൂഞ്ഞാര്‍ തെക്കേക്കര പന്ത്രണ്ടാം വാര്‍ഡ് കേരളമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. കാരണം അറിയണ്ടേ? ഇവിടെ നിഷയെന്ന വനിത മാത്രമേ വിജയിക്കൂ എന്ന് തറപ്പിച്ചു പറയാം. വേണേല്‍ പന്തയം വെച്ചോ? കാരണം ഇവിടത്തെ സ്ഥാനാര്‍ഥികളെല്ലാം നിഷ തന്നെയാണ്.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ‘നിഷ’മാരെ തന്നെയാണ്. ആദ്യം പാര്‍ട്ടിക്കാര്‍ക്ക് ഈ പേരിലെ കൗതുകം മനസിലായില്ലെങ്കിലും സോഷ്യല്‍മീഡിയയിലെ പ്രചാരണം കൊഴുത്തപ്പോഴാണ് സ്ഥാനാര്‍ഥികളെല്ലാം നിഷമാരായ കാര്യം എല്ലാവരും ശ്രദ്ധിച്ചത്.

കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസിലെ നിഷാ ഷാജി മത്സരിക്കുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ നിഷാ സാനുവാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി താമര അടയാളത്തില്‍ നിഷാ വിജിമോനാണ് മത്സരിക്കുന്നത്. നിഷ ത്രയങ്ങളുടെ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

വാര്‍ഡില്‍ ആളുകള്‍ കൂടുന്നിടത്തെല്ലാം ഇന്ന് ‘നിഷാ’ വിശേഷമാണ് ചര്‍ച്ച. ആരൊക്കെ തര്‍ക്കിച്ചാലും ഒരു കാര്യം ഉറപ്പിക്കാം. പൂഞ്ഞാര്‍ പഞ്ചായത്തിലെ ഈ പന്ത്രണ്ടാം വാര്‍ഡില്‍ നിഷയെ വിജയിക്കൂ. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിഷമാരില്‍ ആരാകും പഞ്ചായത്തിലെത്തുക എന്ന കാത്തിരിപ്പിലാണ് പന്ത്രണ്ടാം വാര്‍ഡുകാര്‍. നിഷ എന്ന പേര് കേട്ടാല്‍ പൂഞ്ഞാറുകാര്‍ക്ക് ആദ്യം ഓര്‍മ വരിക നിഷ ജോസ് കെ മാണിയെ ആണ്. എന്നാല്‍ പൂഞ്ഞാറുകാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതാകട്ടെ 12ാവാര്‍ഡിലെ നിഷമാരെ കുറിച്ചും.

Related Articles

Back to top button