BREAKINGNATIONAL

15കാരിയെ പീഡിപ്പിച്ചു: രണ്ടുമാസത്തെ തിരച്ചിലിനൊടുവില്‍ ഗായകന്‍ സഞ്ജയ് ചക്രബര്‍ത്തി അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബര്‍ത്തി അറസ്റ്റില്‍. കൊല്‍ക്കത്ത പോലീസാണ് പോക്‌സോ കേസില്‍ ഗായകനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് ഗായകനെ പിടികൂടിയത്.
ജൂണ്‍ മാസത്തിലാണ് സഞ്ജയ് ചക്രബര്‍ത്തിയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവം നടക്കുന്നത്. കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീതപരിശീലനം നല്‍കിയിരുന്നു. ഇവിടെവെച്ചാണ് സംഗീത വിദ്യാര്‍ത്ഥിയായ 15-കാരിയെ സഞ്ജയ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് ബാക്കി വിദ്യാര്‍ത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡനശ്രമമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. ഇവിടെവെച്ച് ഡോക്ടറോടാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെല്‍ഘരിയ പോലീസില്‍ പരാതി നല്‍കി. സംഭവം നടന്നത് ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
സഞ്ജയ് ചക്രബര്‍ത്തി നവംബര്‍ 18-വരെ പോലീസ് കസ്റ്റഡിയില്‍ തുടരും. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായും മറ്റുള്ളവരുമായും സംസാരിക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തിയുടെ സഹോദരന്‍കൂടിയാണ് സഞ്ജയ്.

Related Articles

Back to top button