ബംഗളൂരു: ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കര്‍ണാടക ആര്‍ടിസി തയാറെടുക്കുന്നതിടെ പ്രതികരണവുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ശക്തി പദ്ധതി നഷ്ടത്തിലേക്ക് നയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ (കെഎസ്ആര്‍ടിസി) എത്തിക്കുകയാണ് ചെയ്തത്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഒന്നും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നാണ് ശക്തി പദ്ധതി. കര്‍ണാടകയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ചെയര്‍മാന്‍ എസ് ആര്‍ ശ്രീനിവാസ് പറഞ്ഞു. ബസ് ചാര്‍ജ് 15-20 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. നിരക്ക് വര്‍ധനയില്ലാതെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് നിലനില്‍ക്കാനാവില്ലെന്നും ബസ് ചാര്‍ജ് പരിഷ്‌കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-20 വര്‍ഷത്തിലാണ് കഴിഞ്ഞ തവണ നിരക്ക് പരിഷ്‌കരണം നടത്തിയത്. അന്ന് ഡീസല്‍ വില ലിറ്ററിന് 60 രൂപയായിരുന്നത് ഇപ്പോള്‍ 93 രൂപ കടന്നിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണികളുടെ നിരക്കും വര്‍ധിച്ചതിനാല്‍ പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും പിടിച്ചുനില്‍ക്കാന്‍ നിരക്ക് പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം കോര്‍പ്പറേഷന് 295 കോടി രൂപയുടെ നഷ്ടമുണ്ടായതായി ശ്രീനിവാസ് വെളിപ്പെടുത്തി. ശക്തി പദ്ധതി വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍.
കോര്‍പ്പറേഷന് 8,000 ബസുകളാണുള്ളത്. മിക്ക ബസുകളും ഒമ്പത് ലക്ഷം മുതല്‍ 12 ലക്ഷം കിലോമീറ്റര്‍ വരെ ഓടിയിട്ടുണ്ട്. 450 ഓളം എസി ബസുകള്‍ 20 ലക്ഷം കിലോമീറ്ററുകള്‍ക്കപ്പുറം ഓടി. ഈ വസ്തുതകള്‍ കണക്കിലെടുത്ത്, പുതിയ ബസുകള്‍ വാങ്ങണമെന്ന ആവശ്യകതയും മുന്നിലുണ്ട്. അത് നിരക്ക് പരിഷ്‌കരണമില്ലാതെ മറ്റ് മാര്‍ഗമില്ല. ഒരു സ്വയംഭരണ സ്ഥാപനമായതിനാല്‍, എല്ലാ സമയത്തും സര്‍ക്കാരിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ശ്രീനിവാസ് പറഞ്ഞു.
70 1 minute read