ARTICLESWEB MAGAZINE

ഉണ്മയുടെ ഉലകത്തിലേക്ക്

വി.കെ. ശ്രീധരൻ

നാട്ടുവിജ്ഞാനത്തിന്റെ നിറദീപങ്ങൾ ജ്വലിച്ചുയരുകയാണ്.  പഴമയുടെ പല്ലവികൾ ഹൃത്തിലേറ്റുന്ന പുതു തലമുറ.  അനുഭവങ്ങളുടെ ആകാശപരപ്പിൽ പ്രായോഗിക തയുടെ മാരിവില്ല്.  വൈജാത്യങ്ങളിൽ, ഭിന്ന മാർഗ്ഗങ്ങളിൽ നാട്ടറിവിന്റെ മണ്ണിൽ നവ നാമ്പുകൾ.  ‘ഫോക്’ എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം ‘നാടോടി’, നാടൻ ജനം വിജ്ഞാ നത്തെ സൂചിപ്പിക്കുന്നത് ‘ലോർ’.  അങ്ങനെ ഫോക്‌ലോർ നാടോടി വിജ്ഞാനമാകുന്നു.  ഇതിനെ സംബന്ധിച്ച പഠനം നാടോടി വിജ്ഞാനീയം (എീഹസഹീൃശേെശര)െ വിശ്വാസ പ്രമാണങ്ങളിലും ജീവിതചര്യകളിലും വിഭിന്നരും ചെറുതും ഒറ്റപ്പെട്ടവരുടേതുമായ ഒന്നാണ് ഉന്നത സമൂഹത്തിൽ നിന്നും വേറിട്ടുനില്ക്കുന്ന നിമ്ന്ന വിഭാഗത്തിലെ നാടൻ ജനസമൂഹം.  അല്ലൻ ഡന്റസ് പറയുന്നത് പരിഷ്‌കൃത സമൂഹത്തിലെ അപരിഷ്‌കൃത ഘടകമാണിതെന്ന് സാക്ഷര സമൂഹത്തിലെ നിരക്ഷർ.   ശിഥിലമായ പൊതു ജീവിത ത്തിൽ, ഒരു സമൂഹ മനസ്സ് രൂപപ്പെടുന്നത് പ്രത്യേക ഗോത്ര, വർഗ്ഗ, ജാതി, വിഭാ ഗങ്ങളിൽ.  തൊഴിലിൽ, ആഘോഷത്തിൽ, ആചാര ക്രമത്തിൽ, ഭാഷയിൽ ഒക്കെ സമരസപ്പെട്ട് രൂപപ്പെടുന്നതാണ് ‘ഫോക്’.  ജനത മുഴുവനുമല്ല ‘ഫോക്’.  ആധുനിക പരിഷ്‌കാരങ്ങളും പുസ്തകങ്ങളുടെ സ്വാധീനവും ചെന്നെത്താത്ത സമൂഹങ്ങളിലാണ് യഥാർത്ഥ നാടൻ സംസ്‌കാരം കാണുന്നത് എന്നാണ് കഫിന്റെ നിരീക്ഷണം.

വാങ്മയ വിജ്ഞാനത്തിന്റെ ശാസ്ത്രീയ പഠനം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിൽ.  ഫോക് ലോറിന്റെ പിതാക്കൾ എന്നറിയപ്പെടുന്ന ജർമ്മനിയിലെ വിൽഹെംഗ്രിം, ജേക്കബ്ഗ്രിം എന്നീ ഗ്രിം സഹോദരന്മാർ.  അവർ ഉപയോഗിച്ചത് വോയ്‌സ് ഫെസ്റ്റ്, വോയ്‌സ് ലൈഡ്, വോയ്‌സ് ഇപ്പോസ്, വോയ്‌സ് പോയസി എന്നീ ജർമ്മൻ പദസംയുക്തങ്ങളുടെ തത്ഭവമായ വോയ്‌സ് കുണ്ടെ എന്ന സംജ്ഞ.  ഫോക്‌ലോർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഇംഗ്ലണ്ടിലെ പുരാവസ്തു ഗവേഷകനായ വില്യം ജോൺ തോംസ് 1846 ആഗസ്റ്റ് 22 ന് അതിനിയം മാസികക്ക് അയച്ച കത്തിൽ.  ഇത് ലോക ഫോക്‌ലോർ ദിനം. (ണീൃഹറ എീഹസഹീൃല ഉമ്യ)  അദ്ദേഹമാണ് ആംഗ്ലേയ ഫോക്‌ലോർ സൊസൈറ്റി സ്ഥാപക പ്രസിഡണ്ട്.  നാടൻ ജനതയുടെ സംസ്‌കൃതിയേയും അറിവിനേയും വിജ്ഞാന ശേഖര ങ്ങളെയും പുൽകുന്നത് അവരുടെ നിത്യജീവിത രീതി, വിശ്വാസങ്ങൾ, വാമൊഴികൾ, പഴഞ്ചൊല്ലുകൾ, വിനിമയങ്ങൾ, കലാപൈതൃകം, പുരാവൃത്തങ്ങൾ തുടങ്ങിയവ.  രണ്ടുശതകങ്ങൾക്ക് മുൻപ് പാശ്ചാത്യനാടുകളിൽ ഫോക്‌ലോർ പഠന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു.  എന്നാൽ നവോത്ഥാനത്തിന്റെ തിരിനാളം ഭാരതത്തിൽ തെളിഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ.  കേരളത്തിൽ വേരോട്ടമുണ്ടായത് ഇരു പതാം നൂറ്റാണ്ടോടുകൂടി.  ഒപ്പം സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികളും.   ആധുനിക തയും നവോത്ഥാനവും അതിന്റെ ബീജാവാപത്തിന് കാരണമായപ്പോൾ, ദേശീയബോധം അത് ത്വരിതപ്പെടുത്തി.  ഭാഷാപോഷിണി ഐതിഹ്യമാല പ്രസിദ്ധീകരിച്ചതും ശ്രീ. രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേർണലിൽ ധാരാളം ഫോക്‌ലോർ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ സാഹചര്യത്തിൽ.  കീഴാളരായ ആളുക ളുടെ ആശയ പ്രകാശനോപാധിയാണ് ഫോക്‌ലോർ എന്ന ധാരണയുടെ ഫലമായി ഫോക്‌ലോർ സമാഹരണ പ്രവർത്തനങ്ങൾ പ്രോത്സാഹിക്കപ്പെട്ടു.  കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് ആശയങ്ങളും മറ്റുപുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാടുകളുമാണ് ഇതിന് സഹായകമായത്.  ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിൽ അടിമകളായിത്തീർന്ന കീഴാള രായ മനുഷ്യരുടെ വേദനയും ആശയാഭിലാഷങ്ങളുമാണ് നാടൻ പാട്ടുകളിലൂടെയും കലകളിലൂടെയും പ്രതിഫലിപ്പിക്കപ്പെടുന്നത് എന്നതിനാൽ അവയോട് ഒരു തരത്തിലുള്ള വർഗ്ഗതാല്പര്യം പുരോഗമന പ്രസ്ഥാന പ്രവർത്തകർ പുലർത്തിയിരുന്നു.  എന്നാൽ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പക്ഷത്തായിരുന്ന ഇവർ അന്ധവിശ്വാ സങ്ങളോടും അനാചാരങ്ങളോടും കെട്ടുപിണഞ്ഞിരുന്ന ഫോക്‌ലോറിനെ പൂർണ്ണമായി സ്വീകരിക്കാൻ വിമുഖരുമായിരുന്നു.

ഐക്യകേരളം നിലവിൽ വന്നതോടെ ഒരു കേരളീയതാബോധം സൃഷ്ടിക്കേണ്ടത് അന്നത്തെ ആവശ്യമായിരുന്നു.  കേരളത്തിന്റെ തനതായ സ്വത്വാനേഷണം ആരംഭി ക്കുന്നത്  ഈ ഘട്ടത്തിൽ.  കേരളത്തിന്റെ തനതായ പാരമ്പര്യം എന്താണെന്നതിന് മറുപടിയായി നാടൻ പാട്ടുകളുടെയും കലകളുടെയും ശേഖരണവും പഠനവും നടക്കുക യുണ്ടായി.  കാമ്പിശ്ശേരി കരുണാകരനെയും വെട്ടിയാർ പ്രേംനാഥിനെയുമൊക്കെ പ്രചോദിപ്പിച്ചത് ഇത്തരം ചിന്തകൾ.  എന്നാൽ ആധുനികതയുടെ തിരതല്ലലിൽ ഈ പ്രവർത്തനങ്ങളെ വിലയിരുത്താനോ ഗൗനിക്കാനോ കേരളീയ ജനത താല്പര്യ പ്പെട്ടതായി കാണുന്നില്ല.  സ്വാതന്ത്ര്യാനന്തരം ഇന്ത്യ പൊതുവെയും കേരളം വിശേ ഷിച്ചും വികസന പ്രവർത്തനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  മാറ്റപ്പെടേ ണ്ടത് സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക അവസ്ഥയെയായിരുന്നു എന്ന ചിന്ത യാണ് പുരോഗമനസ്വഭാവമുള്ള സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടായി രുന്നത്.2  ആകാശവാണിയിലെ പ്രൊഡ്യൂസർ എന്ന നിലക്ക് നിരവധി നാടൻ കലാകാരന്മാർക്ക് അവരുടെ പാട്ടുകളും കലകളും ആകാശവാണിയിൽ അവതരിപ്പിക്കാൻ അവസരം നല്കിയ ജി. ഭാർഗ്ഗവൻ പിള്ള ഉത്തരകേരളത്തിലെ ഉൾനാടുകളിലോളം ചെന്ന് നാടൻ കലാകാരന്മാരിൽ നിന്നും ദത്തങ്ങൾ സമാഹരിച്ചു. (2:32,33,34,35)  അദ്ദേഹം കേരള പോക്‌ലോർ അക്കാദമിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു.

കൂട്ടായ്മയുടെ കൂടുകൾ

ഭൗതികവും ആത്മീയവുമായ രംഗങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അതി ദ്രുതം.  പരിവർത്തനത്തിന്റെ പല്ലവികൾ സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യ പ്പെടുന്ന രീതിയിൽ ജീവിതം സങ്കീർണ്ണമാക്കിയത് സാങ്കേതികജ്ഞാനം, പുത്തൻ പരിഷ് കാരങ്ങൾ, യാന്ത്രികവും വ്യാവസായികവുമായ മാറ്റങ്ങൾ, ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ, പരിസ്ഥിതി നാശം, വിപണി വിസ്മയങ്ങൾ, നഗര കുടിയേറ്റങ്ങൾ തുടങ്ങിയവ.     കുറ്റിയറ്റുകൊണ്ടിരിക്കുന്നത് വിവിധ വംശങ്ങൾ, ഭാഷകൾ, സസ്യജന്തു ജീവജാലങ്ങൾ.  കാടിന്റെ ചരിത്രം ഇവിടത്തെ പ്രാചീന സംസ്‌കൃതിയുടെ ചരിത്രമാണ്.  അത് തോറ്റവന്റെ ചരിത്രമാണ്.  ഓരോ ഗോത്രത്തിന്റെ നീതിന്യായ വ്യവസ്ഥയും ഭരണ വ്യവസ്ഥയും കാടിന്റെ ജൈവ വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു.  ലോകത്തിലെല്ലായിടത്തും സംഭവിച്ചതുപോലെ യൂറോ കേന്ദ്രീകൃത ശാസ്ത്രബോ ധത്തിന്റെ ആയുധങ്ങൾ കൊണ്ട് ആദിവാസി സംസ്‌കാരം നിലംപരിശാക്കി. (1:15,16) സ്വാർത്ഥതയിൽ നിന്നും പരാർത്ഥതയിലേക്ക് നീങ്ങുന്നതാണ് ഫോക്‌ലോർ.  ഇന്ന് ആട്ടവും പാട്ടും കലയും കൈവേലയും ആഖ്യാനവും ആപ്തവാക്യങ്ങളും ചാർത്തപ്പെ ടുന്നത് ഏതെങ്കിലുമൊരു വ്യക്തിയിൽ.  പണ്ടത്തെ ആവിഷ്‌കാരങ്ങൾ അജ്ഞാത കർത്തൃത്വം (അിീി്യാീൗ)െ ഒരാളുടേത് മാത്രമാണെന്ന ചിന്തയാണോ എല്ലാം നമ്മുടേതെന്ന സങ്കല്പ മാണോ ശ്രേഷ്ഠം?  കാർഷിക ഗീതങ്ങളും കാട്ടിലെ നൃത്തചുവടുകളും ചിട്ടപ്പെടു ത്തിയതാര്?  അസംഖ്യം കരകൗശലങ്ങളും നിർമ്മിതികളും ചിത്രങ്ങളും തയ്യാറാക്കി യതിന്റെ ക്രെഡിറ്റ് ആർക്കാണ്?  ഒരു സമുദായം, പ്രദേശം, വിഭാഗം എന്നിങ്ങനെ ഒരു കൂട്ടത്തിന്.  പ്രാധാന്യം കർത്താവിനല്ല കൃതിക്ക്, ചെയ്തികൾക്ക്.  വ്യക്തിയാണെങ്കിൽ തന്നെ ഒരു പ്രത്യേക സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ. ഊന്നൽ സങ്കുചിത വല്ക്കരണത്തിന് (ശിറശ്ശറൗമഹശമെശേീി)ന് ബദലായി സഹവർത്തിത്വത്തിന്, സമഭാവനക്ക്.  കല്യാണതലേന്ന് ഒത്തുകൂടിയിരുന്നത് ഇന്നത്തെപ്പോലെ സദ്യക്ക് വേണ്ടി മാത്രമല്ല, ഒരുക്കങ്ങൾക്ക് – പന്തലിടാനും പന്തിയിൽ വിളമ്പാനും.  ഇവന്റ് മാനേജ്‌മെന്റും കാറ്ററിംഗും കൺവെട്ടത്തുണ്ടായിരുന്നില്ല.  പുരമേയാനും പ്രാദേശിക ഉത്സവങ്ങൾക്കും പ്രകടമായിരുന്നു ഇത്തരം പാരസ്പര്യങ്ങൾ.  ലാഭവും ലോപവും കീഴടക്കിയ ഗ്രാമീണതക്കുമേൽ വാണിജ്യവും വ്യാകുലതയും താണ്ഡവമാടി.  പട്ടണ പ്രവേശന ത്തിന്റെ തോത് പാഞ്ഞുകയറുമെന്നാണ് കണക്ക്.  2036 ൽ ഇന്ത്യയിലെ ജനസംഖ്യ 152 കോടിയാകുമെന്ന് ദേശീയ ജനസംഖ്യാ കമ്മീഷൻ.  ജനസംഖ്യാ വർധനവിൽ 70 ശതമാനവും നഗരങ്ങളിൽ.  നഗരവാസികളാകുന്നത് ജനസംഖ്യയുടെ 39 ശതമാനം,  ഡൽഹിയിൽ 100 ഉം കേരളത്തിൽ 92 ഉം ശതമാനം.  2011 ൽ ഇത് യഥാക്രമം 98, 52 ശതമാനമായിരുന്നു. സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും നഷ്ടബോധം വേട്ടയാടുന്ന ആധുനിക മനുഷ്യൻ ആരായുന്നത് മോചനമാർഗ്ഗങ്ങൾ.  അങ്ങനെ അവൻ കണ്ടെത്തിയതിലൊന്ന് സംസ്‌കാരത്തിന്റെ അടിവേരുകൾ അന്വേഷിച്ച്, സമകാലിക ജീവിതത്തിന് സഹായകമായി വർത്തിക്കുന്ന നാടോടി വിജ്ഞാനം. (ളീഹസഹീൃല) ഉല്പാദന സജ്ജീകരണങ്ങളും അടിസ്ഥാനാവശ്യങ്ങളും നിർവ്വഹിക്കുന്ന ഉപചാരം, ആചാരങ്ങളും ചിട്ടകളും, നാടൻ പാട്ടുകൾ, പാട്ടുകഥകൾ, ഐതിഹ്യങ്ങൾ, ഉത്സവങ്ങൾ, ജോലി, കല, കൈവേല, നാടൻ പാചകം, ഔഷധ സമ്പ്രദായം, നാടൻ വിനോദങ്ങൾ എന്നിവ അതിന്റെ ഉൾതുടിപ്പുകൾ.

കർമ്മപഥങ്ങൾ

പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും അമേരിക്കൻ ഫോക്‌ലോർ സൊസൈറ്റി പ്രസിഡണ്ടുമായിരുന്ന വില്യം ആർ ബാസ്‌കം ഫോക്‌ലോറിന് പ്രധാനമായി നാല് ധർമ്മങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്നു.  സമൂഹം കല്പിക്കുന്ന വിരോധങ്ങളിൽ നിന്നും സ്വന്തം ജീവശാസ്ത്രപരവും ഭൂമിശ്‌സ്ത്രപരവുമായ അതിർത്തികളെ ഉല്ലംഘിച്ച് വിചിത്ര കല്പനയിലേക്ക്.  ആഗ്രഹങ്ങളുടെ സഫലീകരണത്തിനുള്ള അബോധോപാധിയാണ് ഒന്നാമത്തേത്.  വിശ്വാസവും സദാചാരനിഷ്ഠയും പ്രതിഫലിപ്പിക്കുന്ന പുരാവൃത്തമാണ് രണ്ടാമത്തേത്.  അക്കാരണത്താൽ അതിന്റെ നിരീക്ഷകരും ഭാരവാഹിത്വം വഹിക്കു ന്നവരും അവയുടെ ന്യായീകരണത്തിൽ നിലകൊള്ളേണ്ടിവരുന്നു.  അടുത്തത് ‘അക്ഷരവിഹീന’രുടെ ബോധനം.  തലമുറകളായി ആദേശം ചെയ്യപ്പെടുന്ന അറിവും അനുഭവവും പങ്കിടുന്നത് നിരക്ഷരരായ സാധാരണക്കാർക്കും വിദ്യാസമ്പന്നരായ മറ്റുള്ളവർക്കും ഒരുപോലെ ഗുണപ്രദം.  മനുഷ്യനെ വഴികാട്ടുന്ന പ്രായോഗിക നിയമ ങ്ങൾ ഉൾകൊള്ളുന്നതാണ് ഫോക്‌ലോർ എന്ന് മലിനോവ്‌സ്‌കി ചൂണ്ടിക്കാട്ടുന്നു.  കഥ, പഴഞ്ചൊല്ല്, കടംകഥ, ഉത്സവം, ആഘോഷം, പ്രമാണങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, മാന്ത്രിക കർമ്മങ്ങൾ, വംശീയ വൈദ്യം തുടങ്ങിയവ പഠന പ്രക്രിയയാകുന്നു.   സമുദായത്തിന്റെ വഴിതെറ്റിപ്പോകുന്ന പ്രവർത്തനങ്ങളെ  സ്വാധീനിക്കുവാനും നിയന്ത്രി ക്കുവാനും നാട്ടുപഴമാപഠനം ഉപയുക്തമാകുന്നതായി ബാസ്‌കം നിരീക്ഷിക്കുന്നു.  സാമൂഹിക നിയമങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തടയുകയോ നിയന്ത്രി ക്കുകയോ ചെയ്യുക എന്നത് സാമൂഹിക ആവശ്യം.  ഇതോടൊപ്പം തന്നെ ഒട്ടും അപ്രധാ നമല്ലാത്ത ധർമ്മമാണ് വിനോദം.

Inline

രാഷ്ട്രീയ ധർമ്മമായി ഡോഡൺ ചൂണ്ടിക്കാട്ടുന്നത് വർഗ്ഗ സമരത്തെ സംബന്ധിച്ച പുരോഗതിക്ക് സോവിയേറ്റ് റഷ്യയും പാശ്ചാത്യ സിദ്ധാന്തങ്ങൾക്കെതിരായി കമ്മ്യൂണിസ്റ്റ് ചൈനയും ഫോക്‌ലോറിനെ ഉപയോഗപ്പെടുത്തിയതാണ്.  ഫോക്‌ലോറിസം വൈവിധ്യ ത്തിനുവേണ്ടിയുള്ള ആധുനിക മനുഷ്യന്റെ വിനോദ പ്രവർത്തനം.  നിയത സന്ദർഭ ത്തിൽ നിന്നും പുത്തൻ സാഹചര്യങ്ങളിലേക്ക് പറിച്ചുനടുമ്പോൾ സംജാതമാകുന്നത് യഥാർത്ഥ നാട്ടറിവല്ല.  കല, സാഹിത്യം, മാധ്യമങ്ങൾ, വാണിജ്യം എന്നിവയിൽ പ്രത്യക്ഷപ്പെടുന്ന അനുകരണങ്ങൾ.  കേരളത്തിൽ 1990 കളുടെ അവസാനത്തോടെയാണ് നാടോടി വിജ്ഞാനത്തിന് സാമാന്യേന സ്വീകാര്യത ലഭിക്കുന്നത്.  ഈ പരിവർത്ത നത്തിന് നിദാനമായത് ഫോക്‌ലോർ ദത്തങ്ങൾക്ക് കച്ചവട മൂല്യം ലഭിക്കുന്നതുവഴി.  അറുപതുകൾ മുതൽ തൊണ്ണൂറുകളുടെ മധ്യംവരെ വരേണ്യ വിഷയങ്ങളുടെ ഇടയിൽ ഫോക്‌ലോർ അജ്ഞരുടെ ജല്പനങ്ങളായാണ് കണക്കാക്കിയിരുന്നത്.  ലോകത്തി ലെല്ലായിടത്തേതും പോലെ ഇന്ന് കേരളത്തിലും ഫോക്‌ലോർ അനിവാര്യതയും ആവേ ശവുമായി മാറിയിരിക്കുന്നു.  പ്രയുക്ത ഫോക്‌ലോർ (അുുഹശലറ എീഹസഹീൃല) ഫോക് ലോറിസത്തിന്റെ  പ്രകടിത രൂപം. കേവലം ഫാഷനും മറ്റാവശ്യങ്ങൾക്കുമായി സമൂ ഹത്തെ വഞ്ചിക്കുന്നതാണ് കൃത്രിമ നാട്ടറിവ് (എമസലഹീൃല).

കാഴ്ചപ്പാടിന്റെ കല്പനകൾ

പ്രാക്തന വിശ്വാസങ്ങളുടെയും ജീവിത രീതികളുടെയും തിരോധാനത്തിനിടയാക്കിയത് പരിഷ്‌കാരോന്മുഖമായ ജിവിതവും നഗരവത്കരണവും.  ഗ്രാമങ്ങളിലെന്നപോലെ പട്ടണത്തിലും വികസിച്ചുവരുന്ന പൊതു മനസ്സിന്റെ പ്രവർത്തനത്തിന് സാധുതയും സാധ്യതയുമുണ്ട്.  നാടൻ വിജ്ഞാനം ഭൗതിക സംസ്‌കാരത്തിന്റെ ഒരു പഠന വിഷയം.  കൂടുതൽ അറിയാൻ, വ്യാഖ്യാനിക്കാൻ, തങ്ങളുടെ സമ്പാദ്യം (ഇതുവരെ സ്വരു ക്കൂട്ടിയത്, ഉണ്മ) മനസ്സിലാക്കാൻ പ്രയോജനപ്രദം.  ആദിമരുടെ ഭൗതികവും സാമൂഹി കവുമായ ഘടകങ്ങൾ അപഗ്രഥിക്കുന്ന നരവംശശാസ്ത്രം, മനോവിജ്ഞാനീയം, മനു ഷ്യന്റെ പെരുമാറ്റവും ജീവിതരീതികളും, ചരിത്രവിജ്ഞാനം, പുരാവസ്തു വിജ്ഞാനീയം, സാമൂഹിക വിജ്ഞാനം, സാമൂഹ്യ മനോവിജ്ഞാനീയം, ഭാഷ വിജ്ഞാനീയം, ധനതത്ത്വശാസ്ത്രം, സാഹിത്യം തുടങ്ങിയവയുമായി നാട്ടുവിജ്ഞാന ശാസ്ത്രം പൂരക വിജ്ഞാനത്തിന്റെ പദവി അലങ്കരിക്കുന്നു.

ജൈവ പാരമ്പര്യം ഇതിന്റെ ഉൾക്കരുത്ത്.  ഫോക്‌ലോറിൽ പ്രതിഫലിക്കുന്നത് ദേശകാ ലങ്ങൾക്കതീതമായി വ്യാപരിക്കുന്ന വിശ്വാസ പ്രമാണങ്ങളും സ്വഭാവരീതികളും.  സമൂഹത്തിന്റെ സമ്പത്തും സംഭാവനയും.  സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം ദ്യോതിപ്പിക്കുന്നു.    സജാതീയ ജനങ്ങളെ വൈകാരികവും ഭൗതികവുമായി ഐക്യവും വ്യത്യാസവും നല്കികൊണ്ട് പരസ്പരം സന്ധിപ്പിക്കുന്ന സഞ്ചിത വിജ്ഞാനമത്രെ ഫോക്‌ലോർ.  ഘടകങ്ങൾ വ്യക്തിപരമാണെങ്കിലും പുനരുല്പാദന, ആവർത്തന പ്രവർത്തനങ്ങളിലൂടെ ജനസഞ്ചയത്തിന്റെ മൊത്തമായി മാറുന്നു.  ഫോക്‌ലോർ സംസ്‌കൃതിയുടെ ജീവശക്തിയാകുന്നതങ്ങനെ.  അനാവരണം ചെയ്യപ്പെടുന്നത് നാടൻ സമൂഹങ്ങളുടെ ജീവിത വൃത്തിയും മനോഗതിയും.  ദേശാന്തര ഗമനങ്ങളിലൂടെയും കൂടികലർന്നും മായം കലരാം.  പുത്തൻ അറിവുകൾ കൂടിചേരുന്നു.  പ്രകാരഭേദം, പാഠഭേദം, രീതിഭേദം എന്നിങ്ങനെ മാറ്റങ്ങൾക്ക് വിധേയം.  പിറന്നുവീഴുന്ന മണ്ണിന്റെ ചൂടും ചൂരും ഉൾച്ചേർപ്പ്.  വ്യക്തികളെ ആച്ഛാദനം ചെയ്യുന്നത് ഉത്പത്തിക്കു നിദാനമായ പ്രദേശത്തിനും സമൂഹത്തിനും ഊന്നൽ നല്കി. നൈസർക്ഷികതയും ലാളിത്യവുമാണ് നാടൻ വിജ്ഞാനത്തിന്റെ മുഖമുദ്ര.  പാഠം (ഠലഃ)േ ഉണ്ടാകാമെങ്കിലും വാമൊഴി വഴക്ക മാണത് (ഛൃമഹ).  മാനസിക വസ്തുതകളുടെ കേവല രേഖകളാണ് അതിന്റെ ലിപി.

റഫറൻസ്

  1. ഉണ്ണികൃഷ്ണൻ. ഇ (എഡി) കാട്ടറിവുകൾ. ഡി.സി.ബുക്‌സ് 2004
  2. രാഘവൻ പയ്യനാട് – നാടൻകല, നാടൻ കലാകാരൻ, നാടൻ കലാതത്ത്വം – ലേഖനം     പൊലി – 15, 16 2007 ഒക്‌ടോബർ – 2008 മെയ് – കേരള ഫോക്‌ലോർ അക്കാദമി, കണ്ണൂർ
  3. വിഷ്ണു നമ്പൂതിരി എം.വി. നാടോടി വിജ്ഞാനീയം, ഡി.സി. ബുക്‌സ് 2007.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker