സിഡ്നി: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്പില് കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഓസ്ട്രേലിയ. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് ആണ് ഓസ്ട്രേലിയ അടിച്ചു കൂട്ടിയത്.
ഫിഞ്ചിന്റെ പക്വതയാര്‍ന്ന സെഞ്ചുറിയും, സ്മിത്തിന്റെ വേഗതയേറിയ സെഞ്ചുറിയുമാണ് ഓസ്ട്രേലിയയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 63 പന്തില്‍ നിന്ന് 10 ഫോറും നാല് സിക്സും പറത്തിയാണ് സ്മിത്ത് സെഞ്ചുറി തികച്ചത്. ആരോണ്‍ ഫിഞ്ച് 124 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്സും പറത്തി 114 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയന്‍ ഇന്നിങ്സിന് ഓപ്പണര്‍മാര്‍ ശക്തമായ അടിത്തറ ഇട്ടതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണത് സ്കോര്‍ 156ല്‍ നില്ക്കുമ്പോള്. 76 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെ വന്ന സ്മിത്ത് സ്കോറിങ്ങിന്റെ വേഗം കൂട്ടി.
ഒരുഘട്ടത്തില്‍ സെഞ്ചുറിക്ക് അരികില്‍ നിന്ന ഫിഞ്ചിനെ ഒരുവശത്ത് നിര്‍ത്തി സ്മിത്ത് തുടരെ ബൗണ്ടറികള്‍ പായിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അവസാന ഓവറില്‍ മുഹമ്മദ് ഷമിയാണ് സ്മിത്തിനെ മടക്കിയത്. മടങ്ങുമ്പോള്‍ സ്മിത്തിന്റെ സമ്പാദ്യം 66 പന്തില്‍ നിന്ന് 11 ഫോറിന്റേയും നാല് സിക്സിന്റേയും അകമ്പടിയോടെ 105 റണ്‍സ്.
നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റൊയ്നിസിനെ ചഹല്‍ മടക്കിയെങ്കിലും മാക്സ് വെല്‍ കത്തിക്കയറി. 19 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി 45 റണ്‍സ് ആണ് മാക്സ് വെല്‍ നേടിയത്. ലാബുഷെയ്ന് 2 റണ്‍സ് നേടി പുറത്തായി. കെയ്റേ 13 പന്തില്‍ നിന്ന് 17 റണ്‍സ് നേടി.
ബൗളിങ്ങില്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വേണ്ടി അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്. 10 ഓവറില്‍ ഷമി 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബൂമ്ര ഒരു വിക്കറ്റ് വീഴ്ത്തിയത് 73 റണ്‍സ് വഴങ്ങി. 83 റണ്‍സ് വഴങ്ങിയാണ് സെയ്നി 1 വിക്കറ്റ് പിഴുതത്. സ്പിന്നര്‍മാര്‍ക്ക് അല്‍പ്പമെങ്കിലും സാധ്യത പ്രതീക്ഷിച്ച പിച്ചില്‍ ചഹല്‍ വഴങ്ങിയത് 89 റണ്‍സ്.