KERALABREAKING NEWSLATEST

കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യം; എന്ത് അന്വേഷണവും നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ല. റെയ്ഡ് അസംബന്ധമാണ്. പല ഓഡിറ്റുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നും ധനമന്ത്രി പറഞ്ഞു.

ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ല. നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കെഎസ്എഫ്ഇയില്‍ വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയില്‍ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയില്‍ എത്തുന്നത്, വിജിലന്‍സ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയര്‍മാന്‍ നല്‍കുമെന്നും ധനമന്ത്രി പ്രതികരിച്ചു.

ഓപറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്.

ചിട്ടികളില്‍ ക്രമക്കേടുണ്ടെന്ന ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി കെഎസ്എഫ്ഇ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നു എന്നായിരുന്നു പരാതി. റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.

Related Articles

Back to top button