WEB MAGAZINEARTICLES

യുക്തിവാദി നേതാവ് രവിചന്ദ്രൻ സാറും അദ്ദേഹത്തിന്റെ പിൻഗാമികളും വായിച്ചറിയാൻ ഒരു കർഷക സമര അനുകൂലി എഴുതുന്നത്

ദീപക് പച്ച
യുക്തിവാദി നേതാവ് രവിചന്ദ്രൻ സാറും അദ്ദേഹത്തിന്റെ പിൻഗാമികളും വായിച്ചറിയാൻ സ്നേഹപൂർവ്വം ഒരു കർഷക സമര അനുകൂലി എഴുതുന്നത്.
കാർഷിക നിയമങ്ങളെ ന്യായീകരിച്ചും കർഷക സമരത്തെ പരിഹസിച്ചും 39 മിനുട്ടും നാല്പത് സെക്കൻഡും ദൈർ ഘ്യമുള്ള അദ്ദേഹത്തിന്റെ വീഡിയോ മുഴുവനും കേട്ടു. യാതൊരു മുൻവിധിയും ഇല്ലാതെ അദ്ദേഹം ഉയർത്തുന്ന വാദങ്ങളെ രണ്ടു ഭാഗങ്ങളിലായി പരിശോധിക്കാൻ ആണ് ഞാൻ ഇവിടെ ശ്രമിക്കുന്നത് ( സാറിന്റെ അവതരണ ശൈലിയിൽ കർഷരോടും അവരെ സംഘടിപ്പിക്കുന്ന സംഘടനകളോടും നിറഞ്ഞു നിൽക്കുന്ന പരിഹാസത്തെ ഞാൻ തത്കാലം കണക്കിൽ എടുക്കുന്നില്ല).
ആ വീഡിയോയുടെ ആദ്യ പന്ത്രണ്ട് മിനുട്ടോളം അദ്ദേഹം ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. അതിൽ പറയുന്ന മൂന്ന് കാര്യങ്ങൾ ( Disguised Unemployment തത്ക്കാലം ഞാൻ ഒഴിവാക്കി )
a. കർഷകന് മതിയായ വില കിട്ടുന്നില്ല
b. കാർഷിക മേഖലയിലെ ഉൽപ്പാദനം കൂടി. അതിനാലാണ് വില കിട്ടാത്തത്
c. ശേഖരിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ കുറെയേറെ പാഴായി പോകുന്നു.
ഇതിൽ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യത്തോട് ഞാൻ അദ്ദേഹത്തോട് പൂർണമായും യോജിക്കുന്നു. കാർഷിക മേഖലയിൽ ഹരിത വിപ്ലവത്തെ തുടർന്ന് സ്വാതന്ദ്ര്യം ലഭിച്ച കാലത്തേക്കാൾ ഉൽപ്പാദനം കൂടി എന്ന കാര്യത്തിലും എനിക്ക് അദ്ദേഹത്തോട് എതിരഭിപ്രായം ഇല്ല. പക്ഷെ ഉൽപ്പാദനം കൂടിയതിനാലാണ് വില കുറഞ്ഞത് എന്ന ലളിതമായ സാമ്പത്തിക ശാസ്ത്ര യുക്തിയിൽ അല്ല കാര്യങ്ങൾ. അദ്ദേഹത്തിന്റെ യുക്തിയിൽ ഇവിടെ കാർഷിക ഉൽപ്പന്നങ്ങൾ എല്ലാവര്ക്കും ആവശ്യത്തിലധികം ലഭിക്കുന്നു. ആ ആവശ്യം നിറവേറ്റാൻ ആവശ്യമായതിലും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു. അതുകൊണ്ടാണ് വില കിട്ടാത്തത് എന്നാണ്.
107 രാജ്യങ്ങളെ ഉൾപ്പെടുത്തി ഇക്കൊല്ലം പ്രസിദ്ധീകരിച്ച ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ (Global Hunger Index) 94 മത് സ്ഥാനം നേടിയ ഒരു രാജ്യത്തെ ജനതയോടാണ് അദ്ദേഹം ഇത് പറയുന്നത്. ബഹുഭൂരിഭാഗം ജനങ്ങളും വയറു നിറച്ചു ഉണ്ണാതെ ഉറങ്ങാൻ പോകുന്ന നമ്മുടെ രാജ്യത്താണ് FCI ഗോഡൗണുകളിൽ കെട്ടി കിടക്കുന്ന ധാന്യങ്ങൾ കാലിത്തീറ്റയ്ക്കായി യൂറോപ്പിലേക്ക് അയച്ചത് എന്നും അദ്ദേഹം മറക്കുന്നു. കർഷകരുടെ ഉൽപ്പന്നങ്ങൾ സർക്കാർ വാങ്ങി അത് പൊതു വിതരണ സംവിധാനത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് അവരുടെ സാമ്പത്തിക നില അനുസരിച്ചു സൗജന്യമായോ കുറഞ്ഞ നിരക്കിലോ വിതരണം ചെയ്യുകയാണ് വേണ്ടത്. ഈ പൊതു വിതരണ സംവിധാനം ദുർബലപ്പെട്ടു പോയതും ഉൽപ്പന്ന സംഭരണത്തിൽ നിന്നും സർക്കാർ പിന്മാറിയതുമാണ് പ്രശ്നം. അത് കാണാതെയാണ് ഉൽപ്പന്നങ്ങൾ ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കുന്നതാണ് പ്രശ്നം എന്നദ്ദേഹം പറയുന്നത്.
ശേഖരിക്കാനുള്ള സംവിധാനം ഇല്ലാതെ പാഴായിപ്പോകുന്നു എന്നതും ശരിയാണ്. അതിന് സർക്കാർ ചെയ്യേണ്ടത് ആ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുക എന്നതാണ്. അതിനു നിലവിലുള്ള മണ്ടി കളുടെ എണ്ണം പോരാ. National Commision On Agriculture (NCA) നിർദ്ദേശിച്ചത് ഏതൊരു കർഷകനും വണ്ടിയിൽ ഒരു മണിക്കൂർ കൊണ്ട് ഏറ്റവും അടുത്ത മണ്ടിയിൽ എത്താൻ കഴിയുന്ന സ്ഥിതി വേണം എന്നാണ്. അതിനു വേണ്ടി ചെയ്യേണ്ടത് ഒരു മണ്ടിയുടെ പരിധി 80 km2 എങ്കിലും ആക്കി ചുരുക്കുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥിതി ഉണ്ടാവണമെങ്കിൽ 41000 മണ്ടികൾ എങ്കിലും രാജ്യത്ത് ഉണ്ടാകണം. എന്നാൽ നിലവിലുളളത് 6630 മണ്ടികൾ മാത്രമാണ്. അതിനാലാണ് കർഷക സംഘടനകൾ മണ്ടികൾ കൂട്ടണം എന്ന് കാലങ്ങളായി പറയുന്നത്.
2. വീഡിയോയുടെ 12 മുതൽ 23 വരെയുള്ള പതിനൊന്നു മിനുട്ടുകളിലാണ് അദ്ദേഹം കേന്ദ്ര സർക്കാർ പാസ്സാക്കിയ ആദ്യ നിയമം Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020 – (FPTC Act) ഗുണങ്ങളെ കുറിച്ച് പറയുന്നത്. അദ്ദേഹം നിയമത്തിന്റെ മേന്മയായി പറയുന്നത് മൂന്ന് കാര്യങ്ങളാണ്
a. കർഷകന് ഉൽപ്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വതദ്ര്യം
b. സംസ്ഥാന സർക്കാരുകൾ നേരത്തെ ചുമഴ്ത്തിയിരുന്ന ടാക്‌സുകൾ ഇല്ലാതാകുന്നു
c. ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുന്നു.
ഇത് മൂന്നും എത്രമാത്രം പൊള്ളയായ വാദങ്ങൾ ആണെന്ന് പരിശോധിക്കാം
a . കർഷകന് എവിടെയും വിൽക്കാനുള്ള സ്വാതന്ദ്ര്യം എന്നത് തത്വത്തിൽ നേര് തന്നെ. പക്ഷെ ചെറുകിട കർഷകർക്ക് ദൂരെ എവിടെയെങ്കിലും പോയി വിൽക്കാനുള്ള ട്രസ്റൻപോർട് കോസ്റ്റ വഹിക്കാനുള്ള ത്രാണിയില്ല. അതുകൊണ്ട് അവർ അടുത്ത് ലഭിക്കുന്ന വ്യാപാരിക്ക് തന്നെ വിൽക്കും. ഇങ്ങനെ ഒരു വൻകിട വ്യാപാരി തന്റെ അടുത്ത ഉൽപ്പന്നങ്ങൾ വാങ്ങാൻ വരുമ്പോൾ അയാളോട് വിലപേശാൻ കർഷകന് ഒരു കരുത്തും ഇല്ല എന്ന് നമ്മൾ മനസ്സിലാക്കണം. തന്റെ ഉൽപ്പന്നങ്ങൾ എത്രയും പെട്ടന്ന് വിറ്റഴിക്കേണ്ട ബാധ്യത അയാൾക്കുണ്ട്. നേരത്തെ ആണെങ്കിൽ മണ്ടി മാർക്കറ്റുകളിൽ അവനു MSP ക്ക് ആ ഉൽപ്പന്നങ്ങൾ വിൽക്കാം എന്ന സാധ്യതയുണ്ട്. പുതിയ നിയമത്തോടെ അതില്ലാതാവുകയാണ്. നല്ലവരായ വൻകിട കോർപറേറ്റുകൾ വന്നു നിയമപരമായി ഒരു ബാധ്യതയും ഇല്ലെങ്കിലും MSP യെക്കാൾ ഉയർന്ന വിലയിൽ കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന കിനാശേരിയാണ് ശ്രീ രവിചന്ദ്രൻ സ്വപ്നം കാണുന്നത്. അമ്മാതിരി പകൽ കിനാവുകൾ കാണാൻ കോർപറേറ്റുകളെ അറിയുന്ന ആരും തുണിയുമെന്നു തോന്നുന്നില്ല
b. AMPC യിൽ സർക്കാരുകൾ നികുതി വാങ്ങുന്നു എന്നത് നേര് തന്നെയാണ്. പക്ഷെ ഈ നികുതിപ്പണം കൊണ്ട് സർക്കാർ എന്താണ് ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം കാർഷിക-സാമ്പത്തിക വിദഗ്ദനായ ആർ. രാമകുമാർ ദി. ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. മണ്ടി ടാക്‌സുകൾ പാഴായി പോകുന്നു എന്ന് കരുതുന്നത് ശരിയല്ല. അതിൽ നല്ലൊരു ശതമാനം മണ്ടികളുടെ infrasturcture development നു വേണ്ടി തന്നെയാണ് സർക്കാർ ഉപയോഗിക്കുന്നത്. മണ്ടി ടാക്‌സിലെ കുറവ് മണ്ടികളുടെ വികസനത്തെ തടയും എന്നാണ് അദ്ദേഹം പറയുന്നത്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ഈ മണ്ടി ടാക്സ് ഗ്രാമീണ മേഖലയിലെ റോഡുകൾ , ഗ്രാമീണമേഖലയിലെ ആശുപത്രികളും മൃഗാശുപത്രികളും, കുടിവെള്ള വിതരണവും, വൈദ്യുദീകരണംവും മെച്ചപ്പെടുത്താൻ കൂടിയാണ് ഉപയോഗിക്കുന്നത്. അത്തരം ഗ്രാമീണ നിക്ഷേപങ്ങൾ ഇതോടെ സാരമായി ബാധിക്കും.
c. ഇടനിലക്കാർ നടത്തുന്ന ചൂഷണം ഇല്ലാതാക്കുന്നു എന്നതാണ് അദ്ദേഹം കാണുന്ന ഈ നിയമത്തിന്റെ വലിയ മേന്മ. ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷെ പുതിയ നിയമ വഴി നേരിട്ട് കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ വൻകിട വ്യാപാരികൾക് അവസരം ലഭിക്കുമ്പോൾ ഇടനിലക്കാർക്ക് കിട്ടിരിക്കുന്ന സർപ്ലസ് കൂടി വൻകിട വ്യാപാരികൾക്ക് കിട്ടുമെന്നേ ഉള്ളൂ. അതായത് ഇടനിലക്കാരുടെ ജോലി കൂടി കോർപറേറ്റ് കമ്പനികൾ ചെയ്യും എന്ന് സാരം. ഇത് കർഷകരെ സംബന്ധിച്ചു ചൂഷണം അവസാനിപ്പിക്കുന്നില്ല. ചൂഷണത്തിന്റെ വേദി മാറുന്നു എന്നേയുള്ളൂ. കര്ഷകന് അതുകൊണ്ട് മെച്ചമൊന്നും ഇല്ല. നാട്ടിലെ ഒരു കോപ്പറേറ്റീവ് ബങ്കാണോ അതോ വൻകിട സ്വകാര്യ ബാങ്കുകൾ ആണോ കണ്ണിൽ ചോരയില്ലാത്ത പെരുമാറുന്നത് എന്ന് ആലോചിച്ചാൽ മതി.
ഇതുകൂടാതെ MSP (Minimum Support Price ) കിട്ടുകയില്ല എന്ന കർഷകരുടെ ഭീതിയെ അദ്ദേഹം രണ്ടു കാര്യങ്ങൾ പറഞ്ഞാണ് ഖണ്ഡിക്കാൻ ശ്രമിക്കുന്നത്
a. MSP തരുമെന്ന് സർക്കാർ ഉറപ്പു നല്കിയിട്ടുണ്ടല്ലോ
b. താല്പര്യമുള്ള കർഷകന് APMC മണ്ടിയിൽ പോയി പോയി വിൽക്കാൻ APMC നിലവിൽ ഉണ്ടല്ലോ എന്ന്
ഇതിൽ കേന്ദ്ര സർക്കാരിന്റെ നിയമപരമായ ഉറപ്പിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അത് അദ്ദേഹത്തിന് വിശ്വസിക്കാം. തത്കാലം കർഷകർക്ക് വിശ്വാസം ഇല്ല. വിശ്വാസം വ്യക്തിപരമായ കാര്യമാണല്ലോ.
രണ്ടാമത്തെ കാര്യമാണ് രസകരമായത്. APMC ഉണ്ടല്ലോ, അവിടെപ്പോകാമല്ലോ എന്നാണ് പറയുന്നത്. ഞാൻ ഒരു ഉദാഹരണം പറയാം, അതിനു മുന്നേ ഒരു സാമൂഹ്യ യാഥാർഥ്യം നിങ്ങൾ എല്ലാം മനസിലാക്കണം. ഒരു കർഷകനും വ്യാപാരിയെയും താരതമ്യപ്പെടുത്തിയാൽ ആരുർക്കാണ് കൂടുതൽ ദുർബലമായ സ്ഥിതിയുള്ളത്. തീർച്ചയായും കർഷകന്, കാരണം അവന്റെ ഉൽപ്പനങ്ങൾ വിൽക്കുക എന്നത് അവനെ സംബന്ധിച്ച് വ്യാപാരിക്ക് അത് വാങ്ങുക എന്നതിനേക്കാൾ പ്രധാനമാണ്. ഇക്കാര്യം മനസ്സിൽ വേണം. |(ഇത് മനസ്സിലായില്ലെങ്കിൽ പിന്നെ ശ്രീ രവിചന്ദ്രൻ പറയുന്നത് ശരിയെന്നു തോന്നും )
ഇനി ഒരു ഉദാഹരണം പറയാം, നിങ്ങളുടെനാട്ടിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും , ഒരു സ്വകാര്യ ആശുപത്രിയും ഉണ്ട്. വരുന്ന രോഗികളുടെ ഒ. പി തുകയുടെ പകുതിയാണ് രണ്ടിടത്തും ഡോക്ടർക്ക് കിട്ടുക. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ. പി തുക ഇരുപത് രൂപയും സ്വകാര്യ ആശുപത്രിയിൽ 100 രൂപയുമാണ്. നേരത്തെ നിയമ പ്രകാരം ഡോക്ടർ ഉച്ചവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകണം. സ്വാഭാവികമായും രോഗികൾ അവിടെപോകുന്നു. പിന്നീട് സർക്കാർ നിയമം മാറ്റി, ഡോക്ടർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകാ രാവിലെയും സ്വകാര്യ ഹോസ്പിറ്റലിൽ പോകാം. പക്ഷെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന സംവിധാനം അവിടെ തന്നെയുണ്ട്. രോഗികൾക്ക് വേണമെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ പോകാം. പക്ഷെ അവിടെ ഡോക്ടർ ഉണ്ടാകുമെന്നു ഒരു ഉറപ്പുമില്ല. സ്വാർത്ഥരായ ഡോക്ടർമാർ എന്തായാലും സ്വകാര്യ ആശുപത്രിയിലെ പോകൂ, കാരണം അവർക്ക് അതാണ് ലാഭം.
മേൽപ്പറഞ്ഞ ഉദാഹരണം ഇത്തിരി ഒറ്റയായി തോന്നാം. സത്യത്തിൽ ഈ രോഗികളുടെ അവസ്ഥയാണ് ഇന്ത്യൻ കര്ഷകന്. ഡോക്ടർമാരുടെ അവസ്ഥയിലാണ് വ്യാപാരികളും. ആ സാമൂഹ്യ യാഥാർഥ്യം മനസിലാക്കാൻ കഴിയാത്തതു കൊണ്ടാണ് ശ്രീ രവിചന്ദ്രൻ വേണമെങ്കിൽ APMC ഉണ്ടല്ലോ എന്ന് ചോദിക്കുന്നത്.
രാഷ്‌ടീയ പരമായി മാത്രമല്ല , ഒരു കേവല യുക്തിവാദി എന്ന നിലയിൽപ്പോലും ശ്രീ രവിചന്ദ്രന്റെ വാദങ്ങൾ സ്വീകാര്യമായ ഒന്നല്ല. യുക്തിവാദം എന്നത് ഭൗതിക യാഥാർഥ്യങ്ങളിൽ ഊന്നി നിൽക്കേണ്ടുന്ന ഒരു വിജ്ഞാന ശാസ്ത്ര മാണ്. അതിന്റെ പ്രമുഖ പ്രചാരകൻ എന്ന നിലയിൽ രവിചന്ദ്രൻ കുറച്ചു കൂടി യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം എന്നത് ഒരപേക്ഷയാണ്.
(ബാക്കി രണ്ടു നിയമങ്ങളെ അദ്ദേഹം ന്യായീകരിക്കുന്ന അവസാന 15 മിനുട്ടിനുള്ള മറുപടി പിന്നീട് എഴുതാം )

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker