ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം പതിനൊന്നാം ദിവസവും തുടരവെ, പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. ഡിസംബര്‍ 9ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രഡിഡന്റിനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ഷകരുടെ വിഷയങ്ങള്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ രാജ്യമെമ്പാടും കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ഷകര്‍ ആഹ്വാനം ചെയ്ത എട്ടാം തീയതിയിലെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എഎപി രംഗത്തെത്തി. എട്ടാം തീയതിയിലെ ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടി ശിരോമണി അകാലിദളും രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ച് ആശയവിനിമയം നടത്താനായി അകാലിദള്‍ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഭാരത് ബന്ദിന് ഇടത് പാര്‍ട്ടികളും ടിആര്‍എസും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എട്ടാംതീയതി പാര്‍ട്ടി ഓഫീസുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ, സിപിഎം, സിപിഐഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കി. കര്‍ഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റ് ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തിന് പിന്തുണ നല്കാന് രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു. അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരെ ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.