ന്യൂഡല്‍ഹി : സമരം നടത്തുന്ന കര്‍ഷകനേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും. ഇന്നു രാത്രി ഏഴുമണിക്ക് അമിത് ഷായുടെ വസതിയിലാണ് ചര്‍ച്ച നടക്കുക.
അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചതായി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിഖായത്താണ് വെളിപ്പെടുത്തിയത്. അതിനിടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് കേന്ദ്രമന്ത്രി തോമറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കര്‍ഷക സമരം ഹരിയാന സര്‍ക്കാരിന്റെ നിലില്പ്പിനെ കൂടി പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്.
വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകസംഘടനകള്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് ആദ്യവട്ട ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും, കേന്ദ്ര കൃഷിമന്ത്രി നാളെ വീണ്ടും കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.