BREAKINGINTERNATIONALNATIONAL
Trending

18ന് താഴെയാണ് ഭാര്യയുടെ പ്രായമെങ്കില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധംപോലും കുറ്റകരം- ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടിന് താഴെയാണ് ഭാര്യയുടെ പ്രായമെങ്കില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരമാണെന്ന് ബോംബെ ഹൈക്കോടതി. ഇത് ബലാത്സംഗക്കുറ്റമാണെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ പ്രതിയായ യുവാവിനെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച കീഴ്‌കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സമാനമായ കേസിലെ സുപ്രീംകോടതി വിധികൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി. വിവാഹിതയാണെങ്കില്‍ പോലും 18-ന് താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് ഗോവിന്ദ സനപ് ചൂണ്ടിക്കാട്ടി. ഭര്‍ത്തൃബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകള്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. പ്രതിയുടെ വിവാഹാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. പെണ്‍കുട്ടി മറ്റൊരു ടൗണിലേക്ക് ജോലിക്കായി പോയി. കുട്ടിയെ പിന്തുടര്‍ന്ന് പോയ യുവാവ് പല തരത്തിലുള്ള സഹായങ്ങളുമായി ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, വിവാഹവാഗ്ദാനം നടത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പെണ്‍കുട്ടി ഗര്‍ഭിണിയുമായി. യുവാവ് പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പെണ്‍കുട്ടിയില്‍ വിശ്വാസമില്ലെന്നും ഇയാള്‍ പറഞ്ഞു.
ഇതോടെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വാര്‍ധ പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നാണ് പോലീസ് കേസെടുത്തതും പ്രതി കുറ്റക്കാരനെന്ന് കോടതി വിധി വരുന്നതും. ഇതിനെതിരേയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button