റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു. ഉമ്മ ഫാത്തിമ, സഹോദരന്‍, അമ്മാവന്‍ എന്നിവരെയാണ് റഹീം കണ്ടത്. 18 വര്‍ഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിര്‍വഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയാണ് റഹീമിനെ കണ്ടത്.
18 വര്‍ഷങ്ങളായി ജയിലിലുള്ള മകന്‍, ഒരുവട്ടമൊന്ന് കാണാന്‍ കൊതിച്ച് ഉമ്മ. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഉംറ നിര്‍വ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു കുടുംബം റിയാദില്‍ എത്തിയത്. റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയാണ് അവര്‍ റഹീമിനെ കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യന്‍ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു. നേരത്തെ ജയിലിലെത്തി ആരും തന്നെ കാണെണ്ടല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്. പിന്നീട് പല തലത്തിലുണ്ടായ ഇടപെടലിന് ശേഷമാണ് കൂടിക്കാഴ്ച്ച നടന്നത്.
ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായി. അപ്പോള്‍ തന്നെ മരുന്ന് കഴിച്ചു. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം അന്ന് സുഹൃത്തുക്കളോട് ഫോണില്‍ പറഞ്ഞത്. ഈ മാസം 17നാണ് റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയല്‍ കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയല്‍ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് നിര്‍ണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.
110 1 minute read