WEB MAGAZINEARTICLES

ഡൽഹിയിലെ കർഷക സമരത്തിലേക്ക്, കേരളത്തിൽ നിന്ന് ഒറ്റയ്ക്കെത്തിയ മലയാളി വിദ്യാര്‍ത്ഥി

കെ.എം.എസ്

ഇന്ന് 27ാം നാള്‍, മുലകുടിമാറാത്ത കൈക്കുഞ്ഞു മുതല്‍ 80തിന്റെ വാര്‍ദ്ധക്യത്തില്‍ രോഗശയ്യയില്‍ കഴിയുന്ന മനുഷ്യര്‍ വരെ ഡല്‍ഹിയിലെ രക്തം ഉറയുന്ന തണുപ്പിനെ അതിജീവിച്ച് രാജ്യത്തെ പോറ്റുന്ന കര്‍ഷകര്‍ക്കുവേണ്ടി സമരത്തിലാണ്. അതിശൈത്യത്തില്‍ 41 മനുഷ്യരുടെ ജീവനെടുത്തു. ഇനിയും കുറെ മനുഷ്യര്‍ പിടഞ്ഞുവീണു മരിക്കുമായിരിക്കും. എന്നാല്‍ ഡല്‍ഹിയിലെ മണ്ണില്‍ അവര്‍ നാട്ടിയ കാല്‍ ഉറച്ചുതന്നെ നില്‍ക്കും.ഇതെല്ലാം കണ്ടും കേട്ടും എങ്ങനെയാണ് ഒരു കര്‍ഷകന്‍ അല്ല, ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ കഴിയുക.
നിദ്ര നടിച്ചവര്‍ക്കും, നിദ്രയില്‍ ആയിരുന്നുവര്‍ക്കും ഒരു പാഠമാണ് നിരഞ്ജന്‍ എന്ന 18 വയസ്സുകാരന്‍. ജീവിതത്തില്‍ വലിയ സമരങ്ങളോ അനുഭവ പാഠവമോ ഉള്ള ആളല്ല. പത്തനംതിട്ട നവോദയ വിദ്യാലയത്തിലെ വെറും പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി മാത്രം.പലപ്പോഴും സ്വജീവിതാനുഭവ പാഠങ്ങള്‍ മാത്രമാകില്ല ഒരാളെ നിലപാടുള്ള വ്യക്തിത്വത്തിലേക്കെത്തിക്കുന്നത്. അത് ചുറ്റുപാടുമുള്ള ജീവിതത്തേയും ചലനങ്ങളേയും കാണാനും തിരിച്ചറിയാനും അതില്‍ നിന്ന് സാമൂഹ്യ ശരിയുടെ ബോധം ആര്‍ജ്ജിക്കാനും ശ്രമിക്കുന്ന അന്വേഷണ തൃഷ്ണയും ഘടകമാകുമല്ലോ…
അതിന്റെ നേര്‍സാക്ഷ്യമാകുന്നു നിരഞ്ജന്‍.

സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്ന ചിന്തയുമായി മുന്നോട്ടു പോയപ്പോഴാണ് നിരഞ്ജന് മനസ്സിലായത് രാജ്യത്ത് ആളിക്കത്തുന്ന കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ കേരളത്തില്‍ നിന്നും ഒരാളെങ്കില്‍ ഒരാള്‍, അവര്‍ക്കു വേണ്ടി അവിടെ പോകണമെന്ന്.അതിന്റെ ഫലമായാണ് സാമൂഹിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയായ ഹൈവിന്റെ വിദ്യാര്‍ത്ഥി പ്രതിനിധിയായി നിരഞ്ജന്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ചത്.തിരുവല്ല മുത്തൂര്‍ ,സുബ്രഹ്മണ്യന്റെയും ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായ ബിന്ദുവിന്റെയും മകനാണ് നിരഞ്ജന്‍.

ദല്‍ഹിയില്‍ എത്തിയതിന് പിന്നാലെ മനസ്സില്‍ പോരാട്ടിന്റെ ഊര്‍ജ്ജം സിരകളിലേക്ക് ഇരച്ച് കയറി.നാടിന്റെ അതിജീവനത്തിനായി പോരടുന്ന കുറേ മനുഷ്യര്‍.എഐകെഎസ് അഖിലേന്ത്യാ നേതാവ് കൃഷ്ണപ്രസാദിനെ ബന്ധപ്പെട്ടുവെങ്കിലും ഡല്‍ഹിയിലെത്തിയ ശേഷം കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. കര്‍ഷകര്‍ നിരഞ്ജനെ അവര്‍ക്കൊപ്പം നിര്‍ത്തി. “രാത്രി നേരം അവരെനിക്ക് കട്ടിയുള്ള കമ്പിളി തന്നു. രണ്ടു ദിവസം ഞാന്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവര്‍ക്കൊപ്പം അന്തിഉറങ്ങി. 4 ഡിഗ്രീ കൊടും തണുപ്പില്‍ അവര്‍ക്കൊപ്പം താമസിച്ചു.തിക്കരി, ഖാസിപൂര്‍, സിംഗു ബോര്‍ഡറുകളില്‍ പല ദിവസങ്ങളിലായി പല കര്‍ഷകരുമായും അവരുടെ പ്രശ്നങ്ങളെ പറ്റി ചോദിച്ചറിഞ്ഞു.രാജ്യത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന അവഗണനയും പ്രയാസ്സങ്ങളും എല്ലാം അവരുടെ മുഖത്ത് പ്രകടമാണെന്ന് നിരഞ്ജന്‍ പറയുന്നു”

വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമരത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി ഇന്ത്യയൊട്ടാകെയുള്ള വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കുന്നതിന്റെ സാധ്യതയെപ്പറ്റി ദല്‍ഹിയിലുള്ള വിദ്യാര്‍ത്ഥി നേതാക്കളായ ഐഷി ഖോഷ്, വിക്കി മഹേശരി, സിദ്ധാന്ത്, ശിശു രഞ്ജന്‍ എന്നിവരുമായും ചര്‍ച്ചചെയ്തു. അവരുടെ അഭിപ്രായം കണക്കിലെടുത്ത് സ്റ്റുഡന്‍സ് ഫോര്‍ ഫാര്‍മേഴ്‌സ് ഫാര്‍മേഴ്‌സ് എഗൈന്‍സ്റ്റ് കോര്‍പ്പറേറ്റ് എന്ന ഗ്രൂപ്പ് രൂപീകരിച്ചു.

പഞ്ചാബികളും ഹരിയാനക്കാരുമാണ് സമരത്തിന്റെ ഭൂരിഭാഗവും. കര്‍ഷക ബില്‍ പിന്‍വലിക്കാതെ അവര്‍ ഒരടി പിന്നോട്ടില്ല എന്നാണ് അവര്‍ പറയുന്നത്.ഇന്ത്യയെമ്പാടും ഇതിനെ വ്യാപിപ്പിക്കാനുള്ള പരിശ്രമം നടക്കുന്നു. കൊടും തണുപ്പില്‍ എത്ര പേരുടെ ജീവന്‍ ബലി കൊടുത്താലും അവരുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല.സിംഘു അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായി മാറാന്‍ നിരഞ്ജന് അധിക സമയം വേണ്ടി വന്നില്ല. ഡല്‍ഹിയിലുള്ള രാഷ്ട്രീയ നേതാവായ മലയാളിയായ കെ എന്‍ രാമചന്ദ്രനെ ബന്ധപ്പെടാന്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ഊര്‍ജ്വസ്വലമായി.

Inline

ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് പഠനവും ജോലിയുമെല്ലാമുപേക്ഷിച്ച് , അക്കാലത്ത് വിദ്യാര്‍ത്ഥികളും ചെറുപ്പ ക്കാരും ആവേശത്തോടെ അണിചേര്‍ന്ന ചരിത്രത്തിന് സമാനമാണ് ഇപ്പോള്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് യുവജനങ്ങളും വിദ്യാര്‍ത്ഥികളുമടക്കം എത്തിച്ചേരുന്നത്.അതേ , ഇത് സ്വാതന്ത്ര്യ സമരം തന്നെയാണല്ലോ ? പതിനെട്ടു കാരനായ നിര ഞ്ജന്‍ ഡല്‍ഹിയില്‍ എത്തി കര്‍ഷപ്രക്ഷോഭത്തിന്റെ മഹാപ്രവാഹത്തില്‍ ഉള്‍ച്ചേരുമ്പോള്‍ അത് ചരിത്രത്തിന്റെ ഗുണാത്മക ആവര്‍ത്തനമാകുന്നു. ദേശസ്‌നേഹത്തിന്റെ , മനുഷ്യസ്‌നേഹത്തിന്റെ , ശരി പക്ഷ രാഷ്ട്രീയത്തിന്റെ കൊടിയടയാളമാകുന്നു. മുഴുവന്‍ മലയാളികള്‍ക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യമാകുന്നു. അഭിമാനിക്കാം കേരളീയര്‍ക്ക് ഈ യുവ പോരാളിയുടെ സമരവീര്യത്തെ കണ്ട്…….

.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker