ന്യൂഡല്‍ഹി: അബുജ്മദിലെ മാവോവാദി ക്യാമ്പില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടത് 31 നക്സലുകള്‍. കൊല്ലപ്പെട്ടവരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ.) മുതിര്‍ന്ന നേതാവ് നീതിയും ഉള്‍പ്പെടുന്നു എന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ സമയത്ത് അബുജ്മദിലെ മാവോവാദി ക്യാമ്പില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് കമലേഷും ഉണ്ടായിരുന്നതായാണ് വിവരം.
മാവോയിസ്റ്റുകളുമായി ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ആദ്യമായാണ് ഇത്രയും നക്സലുകള്‍ കൊല്ലപ്പെടുന്നത്. മരിച്ചവരില്‍ 18 പുരുഷന്മാരും 13 സ്ത്രീകളും ഉള്‍പ്പെടുന്നു. ഛത്തീസ്ഗഡ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലുകളാണ് അബുജ്മദില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ എല്ലാവരുടേയും പാരിതോഷികത്തുക കൂട്ടിവെച്ചാല്‍ ഒരുകോടി 80 ലക്ഷം വരുമെന്ന് പോലീസ് പറയുന്നു.
ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒമ്പതു മാസത്തിനകം 194 മാവോയിസ്റ്റുകളെയാണ് വധിച്ചത്. എണ്ണൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 738 പേര്‍ കീഴടങ്ങി.
ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാന വിഷയം അബുജ്മദില്‍ നടന്ന ആന്റി-നക്സല്‍ ഓപ്പറേഷന്‍ ആയിരുന്നു. സംസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഓപ്പറേഷന്‍ വിജയകരമായതെന്നും ഇതൊരു നല്ല ഉദാഹരണമാണെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയേയും ആന്ധ്രാപ്രദേശിനെയും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
47 Less than a minute