മലപ്പുറം :തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് ഇനിയില്ലെന്നും സി പി എം സഹയാത്രികൻ മാത്രമായി തുടരുമെന്ന് കെ ടി ജലീൽ എം എൽ എ .അദ്ദേഹം എഴുതിയ സ്വർഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തിലാണ് ഈ വെളിപ്പെടുത്തൽ . ബഷീർ എന്ന സുഹൃത്തിന് എഴുതുന്ന കുറിപ്പായിട്ടാണ് പുസ്തകത്തിൽ ഈ അധ്യായം ഉൾപ്പെടുത്തിയിട്ടുള്ളത്. പുസ്തകം ഇന്നു പ്രകാശനം ചെയ്തു. പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അധ്യയത്തിന്റെ പൂർണരൂപം: പാർലമെൻ്ററി രാഷ്ട്രീയത്തോട് വിട : എന്തുകൊണ്ട് ?
*ഡോ:കെ.ടി.ജലീൽ*
*സുഹൃത്തിനൊരു മറുകുറിപ്പ്*
പ്രിയപ്പെട്ട ബഷീറിന്,
സുഖം തന്നെയല്ലേ? നമ്മൾ തമ്മിൽ രാഷ്ട്രീയം പറയാതിരിക്കലാണ് ഭംഗി. അത് നമുക്കിടയിൽ ഒരു ചെറിയ അകൽച്ചയെങ്കിലും ഉണ്ടാക്കിയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കീഴുപറമ്പ് വഴി കടന്നു പോകുന്ന അവസരങ്ങളിലെല്ലാം നിന്നെയും കുടുംബത്തെയും അന്വേഷിച്ച് ഞാൻ എത്താറുണ്ട്. വീട്ടിൽ നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും. നിൻ്റെ ഉമ്മയെ അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ? പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഭക്ഷണം എത്ര വെച്ചുവിളമ്പിത്തന്നതാണ് ആ പാവം! നിന്നെക്കാൾ പരിഗണന എനിക്കാണ് ഉമ്മ തന്നിരുന്നത്. ഇപ്പോൾ കുറച്ചായി യാത്രകൾ കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് തമ്മിൽ കാണാൻ പറ്റാതിരുന്നത്. അല്ലാതെ ബോധപൂർവ്വമല്ല.
ഞാനൊരു വിരമിക്കൽ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായി മാറിക്കഴിഞ്ഞു. പണ്ട് പുസ്തകങ്ങൾ നമ്മുടെ ക്ലാസ്സിലെ കുട്ടികൾ മൽസരിച്ച് വായിച്ചിരുന്നത് ഇന്നും കണ്ണിൽ കാണുന്നു. ഒഴുക്കുനിലച്ച ഒരു പുഴ വീണ്ടും ഒഴുകാൻ തുടങ്ങിയ പ്രതീതിയാണ് വായന വീണ്ടും ചിന്തകളെ ഉണർത്തുമ്പോൾ അനുഭവപ്പെടുന്നത്. പന്ത്രണ്ടര വർഷം കോളേജ് ലക്ചറർ. അതും എൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്ന പി.എസ്.എം.ഒ ക്യാമ്പസിൽ. പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം. അദ്ധ്യാപകനായിരിക്കെ തന്നെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. 2006 മുതൽ കേരള നിയമസഭാംഗം. 2026-ൽ നാലാം ടേമും കൂടി പൂർത്തിയായാൽ 20 കൊല്ലം MLA. അതിൽ തന്നെ അഞ്ചുവർഷം മന്ത്രി. സി.പി.എം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാർട്ടി ആവശ്യപ്പെടുന്നെടത്തോളം കഴിവിൻ്റെ പരമാവധി സേവനം ഞാൻ നൽകും. സി.പി.ഐ (എം)-ൻ്റെ സഹയാത്രികനായി തുടരും.
നല്ല ജീവിത പങ്കാളി. നമുക്ക് ചീത്തപ്പേരുണ്ടാക്കാത്ത മക്കൾ. കട്ടക്ക് കൂടെനിൽക്കുന്ന സുഹൃത്തുക്കൾ. നിലമില്ലാകയത്തിൽ മുങ്ങിത്താണപ്പോൾ കൈ തന്ന് കരക്കെത്തിച്ച നാട്ടുകാർ. ഒരു പുരുഷായുസ്സ് ധന്യമാകാൻ ഇതിൽപരം എന്തുവണം! ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ഇനി മാന്യമായ പിൻമാറ്റം. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണമെന്നാണല്ലോ കാരണവൻമാർ പറയാറ്! ജീവിതത്തിൽ എന്ത് ആവുകയാണെങ്കിലും അറുപത് വയസ്സിനു മുമ്പ് ആകണം. അറുപത് കഴിഞ്ഞാൽ ശരീരത്തിന് മാത്രമല്ല കിതപ്പ് അനുഭവപ്പെടുക. കണ്ണുകളിൽ വെളിച്ചക്കുറവ് പടർന്നു തുടങ്ങും. ദേഷ്യം കൂടും. ഞങ്ങളുടെ കുടുംബം പൊതുവെതന്നെ പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണെന്ന് നിനക്കറിയാമല്ലോ? ഓർമ്മശക്തിയും പതിയെ കുറഞ്ഞ് വരും. പുതുതായി വായിക്കുന്നതൊന്നും മനസ്സിൽ നിൽക്കില്ല. മറവിയുടെ വാതിലിന് നീളവും വീതിയും കൂടും. പലരുടെയും പേരുകൾ പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ടും. പദവികൾ വഹിക്കുമ്പോഴുള്ള അസ്വാതന്ത്ര്യം എനിക്കെന്തോ ആസ്വദിക്കാൻ ആവുന്നില്ല. ഇനി ന്യുജെൻ രംഗത്തുവരട്ടെ. അവരുടേതു കൂടിയാണ് അധികാര പദവികളും അവസരങ്ങളും അടങ്ങുന്ന ഈ ലോകം. നവാഗതർക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഒരുമടിയും തോന്നുന്നില്ല.
നിയമനിർമ്മാണ സഭകളിൽ കിടന്ന് മരിക്കാമെന്ന് നമ്മൾ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ?
എതിരാളികൾക്ക് 4 തവണ തോൽപ്പിക്കാൻ അവസരം കൊടുത്തു. നാലിലും അവർക്ക് ജയിക്കാനായില്ല. ശരിയായ നിലപാട് ഉയർത്തിപ്പിടിച്ചതിൻ്റെ പേരിൽ ചവിട്ടിയരക്കപ്പെട്ടപ്പോഴുണ്ടായ വാശിയായിരുന്നു മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം പകർന്നത്. പൊതുപ്രവർത്തനം സിരകളിലൂടെ ഒരാവേശമായി ഒഴുകിയ കാലത്ത് ആ പ്രയാണം തടസ്സപ്പെടുത്താൻ “ചിലർ” ശ്രമിച്ചപ്പോൾ തോറ്റ് കീഴടങ്ങി വീട്ടിലിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അകാരണമായി അപമാനിക്കപ്പെടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന ക്ഷോഭം. വിപ്ലവബോധം ചിന്താമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചപ്പോൾ രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങി. ഒന്നുകിൽ “രാഷ്ട്രീയ മരണം”, അല്ലെങ്കിൽ അസാധ്യമെന്ന് ഭൂരിഭാഗം ആളുകളൂം കരുതിയ “അതിജീവനം”. ജനങ്ങൾ കയ്യുംമെയ്യും മറന്ന് ഐക്യപ്പെട്ടപ്പോൾ കന്നിയങ്കത്തിൽ ചരിത്രവിജയം. അന്ന് തുടങ്ങിയ വിശ്രമരഹിതമായ രണ്ട് പതിറ്റാണ്ട്! മൽസരിക്കാൻ മനുഷ്യാധ്വാനം മാത്രം പോര. വലിയ പണച്ചെലവും അനിവാര്യമാണ്. നമ്മളല്ലെങ്കിലും മറ്റേതെങ്കിലും ആളുകൾ പണം തന്ന് സഹായിച്ചാലല്ലേ പ്രചരണ പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ. ഒരു താൽപര്യങ്ങളുമില്ലാതെ നാല് തെരഞ്ഞെടുപ്പുകളിൽ അടുപ്പക്കാരും അഭ്യുദയകാംക്ഷികളും പാർട്ടിയും കയ്യയച്ച് സഹായിച്ചു. ഇനിയും അവരെ എന്തിന് ബുദ്ധിമുട്ടിക്കണം? അവർ ഇനിയും തരും. എന്നെക്കാൾ നന്നായി എന്നെ അറിയുന്നവരാണല്ലോ അവർ! പക്ഷെ, നമുക്കും വേണ്ടേ ഒരൗചിത്യം?
2026 ആകുമ്പോൾ എനിക്കും നിനക്കും വയസ്സ് 59 ആകും. 60 തികയാൻ ഒരു വർഷം മാത്രം ബാക്കി. തെരഞ്ഞെടുപ്പ് ഗോദയിൽ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഏറ്റവും യോജ്യമായ സമയം.
പെൻഷൻ തുക സ്വരൂപീച്ച് വർഷത്തിലൊരിക്കൽ ലോകം ചുറ്റിക്കറങ്ങണം. കണ്ടതെല്ലാം കുറിച്ചിടണം. നേരനുഭവങ്ങൾ ലോകരോട് വിളിച്ചു പറയണം. ഇതിനകം പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. രണ്ടെണ്ണം അച്ചടിയിലാണ്.”കേരളത്തിൻ്റെ ദാരാഷുക്കോ”യും”സ്വർഗ്ഗസ്ഥനായ ഗാന്ധിജി”യും, ഉടൻ വെളിച്ചം കാണും. ഇപ്പോൾ പതിമൂന്നാമത്തെ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്. റഫറൻസ് ഗ്രന്ഥങ്ങളിൽ ആവശ്യമുള്ളത് മുങ്ങിത്തപ്പുന്നതിന് ഇടയിലാണ് നീ അയച്ച മെസ്സേജ് കിട്ടിയത്. ഉടനെത്തന്നെ മറുകുറിപ്പ് അയാക്കാമെന്ന് കരുതി. വായന കൂടുമ്പോൾ ചോദ്യങ്ങളും കൂടിക്കൂടി വരും. സംശയ നിവാരണത്തിന് പരമാവധി ശ്രമിക്കുന്നുണ്ട്. അറിയുന്നവരെ ഫോണിൽ വിളിച്ചാണ് കാര്യങ്ങൾ തിരക്കുന്നത്. “സോഷ്യലിസ്റ്റായ മുഹമ്മദ് നബി” എന്നാണ് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൻ്റെ തലക്കെട്ട്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകളും എൻ്റെ മേശപ്പുറത്തുണ്ട്. ചില നിരീക്ഷണങ്ങളൊക്കെ വായിക്കുമ്പോൾ ചിരി വരും. അഭിപ്രായങ്ങൾ യുക്തിഭദ്രമാകുമ്പോഴേ ബുദ്ധിയുള്ളവർക്ക് അത് ഉൾകൊള്ളാനാകൂ.
മക്കൾ അവരുടെ യോഗ്യതയിൽ തന്നെ ഭേദപ്പെട്ട സ്ഥാനങ്ങളിൽ എത്തി. അതിൽ എൻ്റെ പങ്ക് പൂജ്യമാണ്. നല്ലപാതി കുഞ്ഞിമോൾക്കാണ് മുഴുവൻ ക്രെഡിറ്റും. പൊതുപ്രവർത്തകർക്ക് കുടുംബ കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാറില്ല. അതിൻ്റെ ഒരു നീരസം ഉപ്പാക്കും ഉമ്മാക്കും ഭാര്യക്കും മക്കൾക്കും കുടുംബക്കാർക്കും എല്ലാമുണ്ട്. തറവാട്ടു സ്വത്തിൽ പങ്കുവേണ്ടെന്ന് ഇപ്പോഴേ തീരുമാനിച്ചു. അത് പെങ്ങൻമാരും അനിയൻമാരും എടുക്കട്ടെ. നിന്നോടിത് പരസ്യപ്പെടുത്തുന്നത് ഒരു വീണ്ടുവിചാരം ഇക്കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ ചില കാരണങ്ങളുണ്ട്. ഏഴുമക്കളിൽ ഞാനാണ് മൂത്തയാൾ. എനിക്ക് ശമ്പളം കിട്ടിത്തുടങ്ങിയപ്പോഴേക്ക് പെങ്ങൻമാരുടെ കല്യാണമെല്ലാം കഴിഞ്ഞിരുന്നു. എല്ലാം ഉപ്പ ഒറ്റക്കാണ് നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് നടുവിൽ ചക്രശ്വാസം വലിക്കുമ്പോഴും മറ്റു പല രക്ഷിതാക്കളെയും പോലെ പഠിത്തം നിർത്തി ഗൾഫിൽ പോകാൻ ഒരിക്കലും അദ്ദേഹം നിർബന്ധിച്ചില്ല. ഞങ്ങൾ ഏഴുമക്കളുടെ ഭാരവും ഉപ്പ ഒറ്റക്ക് പേറി. എൻ്റെ വിവാഹത്തിൻ്റെ ചെലവെല്ലാം വഹിച്ചത് ഉപ്പയാണ്. കല്ല്യാണ സമയത്ത് ഞാൻ എം.ഫിലിന് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. ഭാര്യക്ക് നിർബന്ധമായും നൽകേണ്ട ”മഹറ്”(സ്വർണ്ണത്താലി) വാങ്ങിത്തന്നത് പോലും ഉപ്പയായിരുന്നു. എന്തിനധികം എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ ബലിയറുക്കാൻ പോത്തിനെ വാങ്ങി നൽകിയതും ഉപ്പ തന്നെ. അതുകൊണ്ടാണ് ഉപ്പയുടെ സമ്പാദ്യത്തിൽ കണ്ണും നട്ടിരിക്കാൻ മനസ്സ് സമ്മതിക്കാത്തത്. ഉപ്പയുടെയും ഉമ്മയുടെയും കാലശേഷം വല്ലതുമുണ്ടാകുമെങ്കിൽ അത് കൂടപ്പിറപ്പുകൾ പങ്കിട്ടെടുക്കട്ടെ. അവരാണ് അതിൻ്റെ യഥാർത്ഥ അവകാശികൾ. എൻ്റെ മുൻഗണനാ പട്ടികയിൽ പണത്തിൻ്റെ സ്ഥാനം വളരെ പിറകിലാണ്. പൊന്നിനും പണത്തിനും മുമ്പിൽ ഒരിക്കലും തോറ്റു കൊടുത്തിട്ടില്ല. സൗഹൃദത്തിനും സ്നേഹത്തിനും മുന്നിൽ പലപ്പോഴു അടിയറവ് പറഞ്ഞിട്ടുണ്ട്. എന്നെ അടുത്ത് മനസ്സിലാക്കിയ നിനക്ക് അത് ബോദ്ധ്യമായിക്കാണുമല്ലോ?
ഒരുതരി സ്വർണ്ണവും ഒരുരൂപയും കൊടുക്കാതെയാണ് എൻ്റെ രണ്ട് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത്. ഒന്നും വാങ്ങാതെ മകൻ്റെ നിക്കാഹും കഴിഞ്ഞു. മൂത്തമോൾ അസ്മ ബീവി കാലിഫോർണിയയിൽ “NVIDIA” എന്ന കമ്പനിയിൽ ഡീപ് ലേണിംഗ് എഞ്ചിനീയറാണ്. രണ്ടാമത്തെ മകൻ മുഹമ്മദ് ഫാറൂഖ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മൂന്നാമത്തെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി. അവളിപ്പോൾ MD-ക്ക് പഠിക്കുന്നു. മൂന്നുപേർക്കും മെറിറ്റിൽ പ്രവേശനം ലഭിച്ചതിനാൽ പഠനത്തിന് വലിയ പണമോ ശുപാർശയോ വേണ്ടി വന്നില്ല. മൂത്ത മരുമകൻ അജീഷ് കാലിഫോർണ്ണിയയിൽ “ആപ്പിളിൽ” സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. മരുമകൾ ശുഅയ്ബ LLB അവസാന വർഷത്തിലേക്ക് കടക്കുന്നു. ചെറിയ മകളുടെ ഭർത്താവ് ഷരീഫ് എം.ബി.ബി.എസ് കഴിഞ്ഞ് ശ്രീനഗർ സ്കിംസിൽ (SKIMS) MD ചെയ്യുന്നു.
കുഞ്ഞിമോൾ 2026 ൽ റിട്ടയർ ചെയ്യും. ഉപ്പാക്കും ഉമ്മാക്കും വലിയ ബുദ്ധിമുട്ടുകളില്ല. അനിയൻമാരും അനിയത്തിമാരും എന്നെക്കാൾ സാമ്പത്തിക ഭദ്രതയുള്ളവരാണ്. കുറേ നല്ല കൂട്ടുകാരാണ് എക്കാലത്തെയും എൻ്റെ വലിയ സമ്പാദ്യം. അവരുടെ അകമഴിഞ്ഞ സ്നേഹം നൽകിയ കരുത്ത് ചെറുതല്ല. ജീവിത വഴിയിലെ കൊടുംചൂടിൽ തണലേകിയ സഹപാഠികളെ മരിച്ചാലും മറക്കില്ല. ആശയകലഹം തീർത്ത പോരാട്ട ഭൂമികയിൽ ഉയിർക്കൊണ്ട നിശ്ചയങ്ങളെല്ലാം സാദ്ധ്യമായത് ജനങ്ങളുടെ അകമഴിഞ്ഞ ഐക്യദാർഢ്യം കൊണ്ടാണ്. അവരോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്.
ഇപ്പോൾ ഞാൻ പത്ത് പൈസയുടെ കടക്കാരനല്ല. നമ്മൾ ഒരുമിച്ച് പഠിച്ചിരുന്ന കാലത്തും എൻ്റെ സ്വഭാവം നിനക്കറിയാമല്ലോ? എന്തെങ്കിലും വാങ്ങിയ വകയിൽ പോലും ഒരാൾക്കും ഒരു രൂപ കൊടുക്കാനില്ല. സമ്പത്തിക ബാദ്ധ്യതയുടെ ഭാരമില്ലാതെ സ്വന്തം നാട്ടിൽ നടക്കാൻ കഴിയുക എന്നതിനപ്പുറം സന്തോഷം തരുന്ന മറ്റൊന്നില്ല. ക്രയവിക്രയത്തിൽ സൂക്ഷ്മത പാലിച്ചാലെ ഏത് കൊമ്പൻ്റെ മുഖത്ത് നോക്കിയും സംസാരിക്കാനുള്ള ത്രാണിയുണ്ടാകൂ. രാത്രി കിടന്നാൽ പെട്ടന്ന് ഉറക്കം വരാനും അത് അനിവാര്യമാണ്.
പൊതുപ്രവർത്തന വീഥിയിൽ എല്ലാവരെയും പരമാവധി സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. വോട്ടർമാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇനി ഏതാണ്ട് രണ്ട് വർഷമല്ലേ അവശേഷിക്കുന്നുള്ളൂ. ജനപ്രതിനിധി എന്ന നിലയിൽ എന്നെ വിവിധ ആവശ്യങ്ങൾക്കായി സമീപിച്ചവരോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്. ആരോടും ഒരു വിവേചനവും കാണിച്ചിട്ടില്ല. ഒരാളുടെയും അഭിമാനം ബോധപൂർവ്വം ക്ഷതപ്പെടുത്തിയിട്ടുമില്ല. എന്നാലും സമ്പൂർണ്ണത അവകാശപ്പെടാൻ ആവില്ല. കുറ്റങ്ങളും കുറവുകളും സംഭവിച്ചിട്ടുണ്ടാകും. ഉറപ്പാണ്. മനുഷ്യനല്ലെ? വ്യക്തിജീവിതത്തിലും തെറ്റുകൾ പറ്റിയിട്ടുണ്ട്. വൻപാപങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. എല്ലാം അറിയുന്ന ഒരു ശക്തി മേലെയുണ്ടല്ലോ? അവൻ്റെ റഡാറിനോളം വലിയ റഡാർ ലോകത്ത് വേറെയുണ്ടോ?
ഈശ്വരൻ്റെ ഖജാനയിലുള്ള കനിവിൻ്റെ നിധിശേഖരം ഈ വിനീതനുവേണ്ടിയും തുറക്കപ്പെടാതിരിക്കില്ല. പടച്ചതമ്പുരാൻ പൊറുക്കുമായിരിക്കും. സ്നേഹനിധികളായ മികച്ച ഗുരുനാഥൻമാരുടെ ശിക്ഷണം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സ്മരിക്കാതിരിക്കാൻ ആവില്ല.
എല്ലാ അർത്ഥത്തിലും ധന്യമായ ജീവിതം. സഫലമായ ഒരു തീർത്ഥാടനം പോലെ. വെള്ളാരം കല്ലുകൾ നിറഞ്ഞ കാട്ടാറിലൂടെ തണുത്ത വെള്ളമായി ഇടക്കിടെ കളകള ശബ്ദമുണ്ടാക്കി ഒഴുകണം. എങ്ങുനിന്നോ കുത്തിയൊലിച്ച് വരുന്ന പുഴയുടെ മാറിനോട് ചേർന്ന് കടലിൻ്റെ ഉപ്പുരസമായി അലിയണം. ചിതലിന് ഭക്ഷണമായി മാറണം. നല്ലപാതി കുഞ്ഞിമോൾക്ക് നാഥൻ ദീർഘായുസ്സ് നൽകട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. അവളാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ നെടുംതൂൺ. മേൽ പറഞ്ഞതൊന്നും ഭംഗിവാക്കുകളല്ല. എൻ്റെ കരളാണ് നിൻ്റെ മുമ്പിൽ തുറന്നു വെച്ചത്. അതും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവരുണ്ടാകും. ആരുടെയും വായ മൂടിക്കെട്ടാൻ നമുക്കാവില്ലല്ലോ? “ദൈവം നോക്കുക നമ്മുടെ ഹൃദയത്തിലേക്കാണെന്ന്” പണ്ട് നമ്മൾ ക്ലാസ്സിലെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചത് ഓർമ്മയില്ലെ! അതാണ് ഒരു സമാധാനം. എന്തൊക്കെ പുകിലുകൾ കഴിഞ്ഞു. എല്ലാം ജലരേഖയാണെന്ന് തെളിഞ്ഞല്ലോ?പണത്തോട് ആർത്തിയില്ലാത്തവന് ആരെപ്പേടിക്കാൻ? നമ്മുടെ ഉള്ള് പടപ്പുകൾ കണ്ടില്ലെങ്കിലും പടച്ചവൻ കാണുമെന്ന ഉറച്ച പ്രതീക്ഷയിൽ, നൻമകൾ നേർന്നുകൊണ്ട്,
സ്നേഹപൂർവ്വം
സ്വന്തം ജലീൽ
To
K Basheer, Kuvapra House, Kizhuparamba (PO), Areacode (Via),
Pin:676339, Malappuram.
Phone: 8086357830
(“സ്വർഗ്ഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായം)
– പുസ്തകം, ജലീൽ സമർപ്പിച്ചിരിക്കുന്നത് തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ്.