BREAKING NEWSLATESTWORLD

ഓക്‌സ്ഫഡ് വാക്‌സിന് ബ്രിട്ടനില്‍ അനുമതി

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് ബ്രിട്ടണ്‍ സര്‍ക്കാരിന്റെ അംഗീകാരം. നേരത്തെ അനുമതി നല്‍കിയ ഫൈസറിന്റെ വാക്‌സിന്റെ വിതരണം പുരോഗമിക്കുകയാണ്. ബ്രിട്ടണില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഓക്സ്ഫഡ് വാക്‌സിന് അംഗീകാരം നല്‍കിയത്. മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓക്‌സ്ഫഡ് വാക്‌സിന് ബ്രിട്ടണ്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതി അടിയന്തര യോഗം ചേരും.

ഓക്സ്ഫഡ് വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍.  രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനാണ് അംഗീകാരം ലഭിച്ചത്. അടിയന്തര വിതരണത്തിനാണ് അനുമതി നല്‍കിയത്. 10 കോടി വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ പഠനറിപ്പോര്‍ട്ടുകളനുസരിച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടണ്‍ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. വാക്സിന്‍ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഓക്‌സ്ഫഡ് വാക്‌സിന് ബ്രിട്ടണ്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതി അടിയന്തര യോഗം ചേരും. കോവിഡ് വാക്‌സിന് അംഗീകാരം തേടി കൊണ്ടുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ പരിഗണിക്കുന്നതിനായാണ് യോഗം ചേരുന്നത്. യോഗത്തില്‍ വാക്‌സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button