BREAKINGNATIONAL

2 വര്‍ഷം മുമ്പ് ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കിട്ടിയത് ഇപ്പോള്‍, അതും കാന്‍സല്‍ ചെയ്ത് റീഫണ്ടും കിട്ടിയത്, ഞെട്ടി യുവാവ്

ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ദിവസേനയെന്നോണം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. വേഗതയുടെ കാര്യത്തിലാണെങ്കില്‍ എത്രയും പെട്ടെന്ന് എത്തിക്കാന്‍ പറ്റുന്നോ അത്രയും പെട്ടെന്ന് എത്തിക്കാനാണ് ശ്രമം. എന്തിനേറെ പറയുന്നു, 10 മിനിറ്റിനകം ഓര്‍ഡര്‍ കയ്യിലെത്തുന്ന സാഹചര്യം വരേയും ഉണ്ടിന്ന്. എന്നാല്‍, അതില്‍ നിന്നും തികച്ചും വിഭിന്നവും കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതുമായ ഒരനുഭവമാണ് ഒരാള്‍ എക്‌സില്‍ (ട്വിറ്ററില്‍) ഷെയര്‍ ചെയ്തിരിക്കുന്നത്.
ജയ് എന്ന യുവാവിന്റേതാണ് അനുഭവം. ജയ് രണ്ട് വര്‍ഷം മുമ്പ് ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ ഇപ്പോഴാണത്രെ വന്നത്. 2022 ഒക്ടോബര്‍ ഒന്നിനാണ് ജയ് ആമസോണില്‍ പ്രഷര്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, പിന്നീട് അത് കാന്‍സല്‍ ചെയ്യുകയും ചെയ്തു. അതിന്റെ പൈസയും ജയ്ക്ക് തിരികെ കിട്ടിയിരുന്നു. എന്നാല്‍, അതിശയമെന്നല്ലാതെ എന്ത് പറയും രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ആ പ്രഷര്‍ കുക്കര്‍ ജയ്‌യുടെ വീട്ടിലെത്തിയത്രെ.
എന്തായാലും, ഈ സംഭവം ജയ് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നന്ദി ആമസോണ്‍ എന്നും പറഞ്ഞാണ് ജയ് ഇത് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഇതൊരു സ്‌പെഷ്യല്‍ പ്രഷര്‍ കുക്കര്‍ ആയിരിക്കണം എന്നും അദ്ദേഹം കുറിക്കുന്നു.
ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ ആമസോണും അതിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ആമസോണ്‍ പ്രതികരിച്ചത്. ഒപ്പം തങ്ങളുടെ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം അറിയിക്കാനും പറഞ്ഞിട്ടുണ്ട്.
എന്നാല്‍, എന്ത് പ്രശ്‌നമാണ് താന്‍ പറയേണ്ടത്. താന്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് തനിക്ക് റീഫണ്ടും കിട്ടിയിരുന്നു എന്നാണോ എന്നായിരുന്നു ജയ് കുറിച്ചത്. എന്തായാലും, പോസ്റ്റ് അധികം വൈകാതെ വൈറലായി മാറി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇതെന്താ ഈ പ്രഷര്‍ കുക്കര്‍ വല്ല ചൊവ്വയില്‍ നിന്നുമാണോ എത്തിച്ചത് ഇത്ര താമസിക്കാന്‍ എന്ന് തമാശയായി ചോദിച്ചവരുണ്ട്.

Related Articles

Back to top button