SPORTS

ക്രിക്കറ്റ് ആരവം കാത്ത് ആരാധകക്കൂട്ടം; നിര്‍ണായക പ്രഖ്യാപനവുമായി ഐസിസി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐസിസി. കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ നിലവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. അതാത് രാജ്യങ്ങള്‍ ഇളവ് നല്‍കുന്നതനുസരിച്ച് മത്സരങ്ങള്‍ തുടങ്ങാറാകുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഐസിസി മുന്നോട്ട് വച്ചിരിക്കുന്നത്.

14 ദിവസത്തെ സമ്പർക്ക വിലക്കിൽ പരിശീലന ക്യാമ്പുകൾ നടത്തണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കൂടാതെ, ടീമുകൾ മെഡിക്കൽ ഓഫീസർമാരെ നിയമിക്കണം. ഐസിസിയുടെ ആരോഗ്യ ഉപദേശക സമിതി വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് സുരക്ഷിതമായി മത്സരങ്ങള്‍ നടത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍, ലോകത്ത് എപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങുമെന്നത് ഐസിസി വ്യക്തമാക്കിയിട്ടില്ല. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോ രാജ്യത്തിനും അവരുടേതായ സുരക്ഷാ മാനദന്ധങ്ങള്‍ കൊണ്ട് വരാനാകും. ഓരോ രാജ്യത്തെയും പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കി വേണം മാനദണ്ഡങ്ങള്‍ തയാറാക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കി.

ആഭ്യന്തര, രാജ്യാന്തര മത്സരങ്ങള്‍ ഈ മാനദണ്ഡപ്രകാരം മാത്രമേ സംഘടിപ്പിക്കാകൂ. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നതെങ്കിലും ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലില്‍ അടുത്തവര്‍ഷത്തെ ഐപിഎല്‍ നടത്തേണ്ടതുണ്ട് എന്നതിനാല്‍ ടി20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമെന്ന ആശങ്ക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിനുണ്ട്. ഇതിന് പുറമെ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെയും ഇത് ബാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker