WEB MAGAZINE

ഥപ്പഡ് ഫെമിനിസത്തിന്റെ വ്യാജവ്യാഖ്യാനങ്ങള്‍

ബിജി ഗോപാലകൃഷ്ണന്‍

നവമാധ്യമ ചര്‍ച്ചകളിലും കൂട്ടായ്മകളിലും ആണ്‍പെണ്‍ ഭേദമെന്യേ ഇന്ന് സംസാരവിഷയമാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് തപ്സി പന്നുവും പവൈല്‍ ഗുലാട്ടിയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ”ഥപ്പഡ്” എന്ന ബോളിവുഡ് ചലച്ചിത്രം. പുരുഷാധിപത്യം സാമൂഹിക വ്യവസ്ഥിതിയെ നിശിതമായി വിമര്‍ശിക്കുന്നു എന്നവകാശപ്പെടുന്ന ഈ ചിത്രത്തില്‍ രത്ന പഥക് ഷാ, തന്‍വി അസ്മി, ദിയ മിര്‍സ, രാം കപൂര്‍, കുമുദ് മിശ്ര തുടങ്ങിയ വലിയ താരനിരയെയും അണിനിരത്തിയിട്ടുണ്ട്.
ലിംഗസമത്വം വിളിച്ചുപറയുന്ന ഒരു സ്ത്രീപക്ഷ സിനിമ എന്ന മുന്‍ധാരണ വെച്ചുപുലര്‍ത്തി കാണാനിരുന്നകൊണ്ടാകണം ചിത്രമെന്നെ പാടെ നിരാശപ്പെടുത്തി. എങ്കിലും പ്രമേയത്തോടു നീതിപുലര്‍ത്തുന്ന ആഴമുള്ള സംഭാഷണ ശകലങ്ങള്‍, താരങ്ങളുടെ മികവുറ്റ പ്രകടനം, അനുയോജ്യമായ പശ്ചാത്തല സംഗീതം ഛായാഗ്രഹണം എന്നിവ കൊണ്ട് വേറിട്ടു നില്‍ക്കുന്നൊരു ചിത്രമാണ് ”ഥപ്പഡ്”.അനുഭവ് സിന്‍ഹയുടെ സംവിധാനത്തിലെ ആവിഷ്‌കാര മികവ് കാണികളെ അലോസരപ്പെടുത്താതെ ചിത്രത്തിലൂടെ കൊണ്ടുപോകുന്നു.”ഏക് ടുക്കഡാ ധൂപ്” എന്ന് തുടങ്ങുന്ന സിനിമയിലെ ഏക ഗാനത്തിന്റെ സംഗീതവും ആവിഷ്‌കാരവും കഥയ്ക്കും സന്ദര്‍ഭത്തിനും അനുസരിച്ചു ഇഴുകി ചേര്‍ന്നിട്ടുണ്ട്. ആംഗലേയഭാഷയിലെയൊരു ഭാഷാശൈലി പ്രയോഗത്തിലുണ്ട് ”ശി റശഴൌശലെ”.അതെ പോലൊരു പ്രയോഗമാണ് ഈ സിനിമയെന്നാണ് ഈ സിനിമയെ പറ്റിയുള്ള എന്റെ കാഴ്ചപ്പാട്. തെളിച്ചു പറയുകയാണെങ്കില്‍ സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്നു എന്ന തോന്നല്‍ ഉളവാക്കുന്ന തരത്തിലുള്ള വിപണന ചേരുവകകള്‍ യഥാക്രമം ചേര്‍ത്തൊരുക്കിയ ഒരു സ്ത്രീവിരുദ്ധകച്ചവടസിനിമ.
ചോദ്യംചെയ്യലുകളോ ഭീഷണികളോ ഇല്ലാതെ തുടര്‍ന്നുപ്പോകുന്ന പുരുഷമേല്‍ക്കോയ്മയുടെ നേര്‍ക്ക് മുഖമടച്ചു കൊടുത്ത അടിയെന്നൊക്കെയാണ് സിനിമയെ പലരും വിശേഷിപ്പിക്കുന്നത്. അത് കാണുമ്പോഴാണ്പിന്നണി പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കണ്ണില്‍ എത്ര വിദഗ്ദ്ധമായി പ്രൊമോഷന്‍ വര്‍ക്കിലൂടെ പൊടിയിട്ടു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. ഭര്‍ത്താവു ഭാര്യയെ ദേഷ്യത്തിലൊന്നു തല്ലി അതേത്തുടര്‍ന്ന് ഭാര്യ വിവാഹമോചനം നേടിപ്പോയി-എന്നിങ്ങനെ ഒറ്റ ലൈനില്‍ ചിത്രത്തിന്റെ കഥപറയാം.എന്നാല്‍ കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നുന്ന ഇന്ത്യന്‍ കുടുംബവ്യവസ്ഥിതിയിലെ ഗുരുതരവും മാറ്റപ്പെടേണ്ടതുമായ ഒരു കീഴ്‌വഴക്കത്തെയെടുത്തു ചിത്രത്തിന് പ്രമേയമാക്കി എന്നത് പ്രശംസനീയമെങ്കിലും ലിംഗഅസമത്വം വരച്ചുകാണിച്ചതു കൊണ്ടല്ല ഈ സിനിമ ഇത്രമാത്രം ശ്രദ്ധനേടിയതും ചര്‍ച്ച വിഷയമായതും എന്നതും വിട്ടുകളയാനാകാത്ത ഒരു വസ്തുതയാണ്. പ്രൊമോഷന് ഉപയോഗിച്ചിരിക്കുന്ന പോസ്റ്ററുകളും ഉദ്ധരണികളും ഒക്കെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കുന്നത് ഭര്ത്താവിന്റെ ആ അടിയെ കേന്ദ്രബിന്ദുവാക്കികൊണ്ടു ഫെമിനിസം എന്ന ഓമനപ്പേരിട്ട് സിനിമ മാര്‍ക്കറ്റു ചെയ്തിരിക്കുന്നതാണ്. ഇത്രമാത്രം കെട്ടിഘോഷിക്കാനും മാത്രം എന്താണ് ഈ സിനിമ പറഞ്ഞു വെക്കുന്ന ആശയമെന്നും ചിത്രം പ്രശ്‌നവത്കരിക്കുന്നു എന്ന് അവകാശപ്പെടുന്ന പുരുഷാധിപത്യ ഘടനയ്ക്കെതിരെ എന്ത് പ്രതിവിധിയാണ് അല്ലെങ്കില്‍ എന്ത് സന്ദേശമാണ് ചിത്രം സമൂഹത്തിനു നല്‍കുന്നതെന്നും ചിന്തിക്കുന്ന കാണികള്‍ക്കു നിരാശ മാത്രം.
ഒരേ ദിനചര്യയിലൂടെ യാന്ത്രികമായി കടന്നു പോകുന്ന ഒരു കുടുംബജീവിതമാണ് കഥാനായികയായ അമുവിന്റേത്; എന്നാല്‍ അതിലവള്‍ സംതൃപ്തയും ആഹ്ലാദവതിയുമായിട്ടാണ് സിനിമയുടെ ആദ്യഭാഗത്തു ചിത്രീകരിച്ചിരിക്കുന്നത്. ഒരു നര്‍ത്തകിയാകണമെന്ന് സ്വപ്‌നംകണ്ടിരുന്ന അമു അതുപേക്ഷിച്ചു കുടുംബിനിയാകുന്നത് അവളുടെ സ്വന്തം താല്പര്യത്താലാണെന്നും അതില്‍ ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ ഇടപെടലുകള്‍ അശേഷമില്ലെന്നും ചിത്രത്തില്‍ പലയിടത്തും എടുത്തു പറയുന്നു. അടുത്തവീട്ടിലെ കുട്ടിയെ നൃത്തമഭ്യസിപ്പിച്ചു തന്റെ അഭിലാഷത്തോട് സമരസപ്പെട്ടു ‘സംതൃപ്തയായി’ അമു ജീവിക്കുന്നു. ഒരു പ്രേക്ഷക അല്ലെങ്കില്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് തോന്നിയ ഒരു സംശയമുണ്ട്. ആര്‍ക്കോ വേണ്ടി എന്തിനോവേണ്ടി അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയായിരുന്ന അമു അതുവരെ അവളോട് നീതികാണിച്ചിരുന്നോ ? മനുഷ്യരെ സംബന്ധിച്ചിടത്തോളം ആവര്‍ത്തനവിരസത മടുപ്പുളവാക്കുന്ന ഒന്നാണ്.വിട്ടുവീഴ്ചാ മനോഭാവത്തോടെ ഒരേ കാര്യം തന്നെ നിരന്തരം ചെയ്യേണ്ടി വരുന്നതിലപ്പുറം ദാരുണമായി മറ്റൊന്നുമില്ല. അസംതൃപ്തമായ ഒരു മനസ്സ് കൈവശംവെച്ചു സംതൃപ്തിയുടെ മുഖപടം അണിഞ്ഞു നടന്ന അമു ഭര്‍ത്താവിനോട് ചെയ്തുകൊണ്ടിരുന്നത് തെറ്റായിരുന്നില്ലേ?അങ്ങനെയൊരു തെറ്റ് സ്വന്തം ഭാഗത്തുവെച്ചുകൊണ്ടു ഒരിക്കല്‍ മാത്രം ഒരേഒരു തവണ മാത്രം ഭര്‍ത്താവിന് മാപ്പുകൊടുക്കാന്‍ അമ്മുവിന്റെ കഥാപാത്രം മാനസികമായി വളരാതിരുന്നതെന്തുകൊണ്ടാണ്?
അവളുടെ ഭര്‍ത്താവായ വിക്രം യാഥാസ്ഥിക മനസ്ഥിതി വെച്ചുപുലര്‍ത്തുന്ന ഒരു ഭര്‍ത്താവാണെന്ന് അഭിപ്രായപ്പെടാന്‍ നിര്‍വാഹമില്ല. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാരനായ വിക്രം തന്റെ ജോലിസംബന്ധമായ പലവിധകാര്യങ്ങളും ഭാര്യയുമായി പങ്ക്വെക്കാന്‍ തയ്യാറാകുന്ന ഒരു ഭര്‍ത്താവാണ് ,ഭാരതീയ സമൂഹത്തിലെ ഭൂരിപക്ഷം പുരുഷന്മാരും അങ്ങനെയല്ല എന്നത് കൂട്ടിവായിക്കേണ്ട ഒരു വസ്തുതയാണ്.അയാളുടെ കരിയറിലെ സുപ്രധാന വഴിത്തിരിവായ ഒരു മീറ്റിംഗിന് ശേഷം ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ മറന്നുകളയാതെ പറഞ്ഞ സമയത്തുതന്നെ കൃത്യമായി അവളെ വിളിച്ചു വിവരങ്ങള്‍ പങ്ക്വെച്ച ഭര്‍ത്താവാണ് വിക്രം. കുലസ്ത്രീ ധര്‍മ്മമായി പാചകത്തെ കരുതുന്ന ഒരു സമൂഹത്തില്‍ പാചകമറിയാത്തതിന്റെ പേരില്‍ നിബന്ധനകള്‍ അടിച്ചേല്പിക്കാത്ത അധിക്ഷേപിക്കാത്ത ഒരു ഭര്‍ത്താവാണ് വിക്രം. അമു അവളുടെ വീട്ടിലേക്കു പോകുന്നുവെന്ന തീരുമാനമെടുത്തപ്പോഴും വളരെ ദിവസം അവിടെ ചിലവഴിച്ചപ്പോഴും കടുംപിടുത്തം പിടിക്കാതിരുന്ന ഭര്‍ത്താവാണയാള്‍.അങ്ങനെയുള്ള വിക്രം പുരുഷമേല്‍ക്കോയ്മയുടെ പ്രതിരൂപമോ വക്താവോ ആകുന്നതെങ്ങനെ? അങ്ങനെയൊരു തൊങ്ങല്‍ വിക്രത്തിനു ഏതാനും രംഗങ്ങളില്‍ പുരുഷപ്രേക്ഷകരെ നോവിക്കാത്തമട്ടില്‍ ചാര്‍ത്തികൊടുക്കാന്‍ തിരക്കഥാകൃത്തു വൈദഗ്ധ്യം കാണിച്ചിട്ടുണ്ട്. ”വെറുതെയൊരു ഭാര്യ” എന്ന സിനിമയിലെ ജയറാം അവതരിപ്പിച്ച ഭര്‍തൃകഥാപാത്രത്തെ വിക്രത്തോട് ചേര്‍ത്ത് തുലനം ചെയ്താല്‍ വടക്കേയിന്ത്യയിലെ യാഥാസ്ഥികരായ പുരുഷപ്രേക്ഷകരുടെ അപ്രീതി സമ്പാദിക്കാതെ സ്ത്രീപക്ഷ സിനിമയായി ”ഥപ്പടി”നെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്ന കച്ചവടമിടുക്കു കാണാം.
അമുവിന്റെ വീട്ടില്‍ ജോലിചെയ്യുന്ന സുനിത ഗാര്‍ഹികപീഡനത്തിന്റെ ഇരയാണ് .സുനിത തന്റെ ജീവിതം നിര്‍വികാരതയുടെ പുകമറയിട്ടു നര്‍മത്തില്‍ കലര്‍ത്തി അമുവിനോട് പങ്ക്വെക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും സുനിത എന്ന സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളോ വെല്ലുവിളികളോ അമു എന്ന കുലവധുവിനെ അലട്ടിയിരുന്നേയില്ല,ഒരു ”ഥപ്പഡ്” അവള്‍ക്കും കിട്ടും വരെ. അടുക്കളയില്‍ പെരുമാറുന്ന നേരത്തുള്ള ചില്ലറ കൊച്ചുവര്‍ത്തമാനം മാത്രമായിരുന്നു അമുവിന് സുനിതയുടെ ആ സംസാരങ്ങളത്രയും. മറ്റൊരു സ്ത്രീയുടെ സ്വാഭിമാനത്തെ ഹനിക്കുന്ന ജീവിതാനുഭവങ്ങള്‍ നിരന്തരം കേട്ടിട്ടും ഒന്നും തോന്നാതിരുന്ന അമുവിന് ഭര്‍ത്താവില്‍ നിന്നും ഒരു അടികൊണ്ടപ്പോള്‍ സ്ത്രീത്വത്തിനു അടിയേറ്റു മുറിവേറ്റു എന്നൊക്കെ പറഞ്ഞുവെക്കാനാണ് തിരക്കഥാകൃത്തു ചിത്രത്തില്‍ ശ്രമിച്ചിരിക്കുന്നത്. ഇതിലൂടെ കപട ഫെമിനിസമാണ് മാര്‍ക്കറ്റു ചെയ്യാന്‍ സിനിമ ശ്രമിച്ചതെന്ന് വ്യക്തം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയെന്ന മഹത്തായ ആശയമാണ് ഫെമിനിസ പ്രസ്ഥാനങ്ങള്‍ ചെയ്തുവരുന്നത്. ഫെമിനിസമെന്ന ഉല്‍കൃഷ്ടമായൊരു ആശയത്തെ വികലമാക്കി സമൂഹത്തിലേക്ക് തെറ്റായ ഒരു സന്ദേശമെത്തിക്കുകയാണ് സിനിമ ചെയ്തത്. എല്ലാവരും നോക്കിനില്‍ക്കേ അവള്‍ക്കേറ്റ അടിയില്‍ മുറിവേറ്റതായി സംവിധായകന്‍ കാണിച്ചുതരുന്നത് അമുവിന്റെ ഈഗോയാണ് അല്ലാതെ സ്വാഭിമാനമല്ല. ഈഗോ എന്ന വാക്കുകേട്ട് തെറ്റിദ്ധാരണ വേണ്ട .മനസ്സിന്റെ ത്രിതലത്തില്‍ നില്‍ക്കുന്ന ‘ഞാന്‍’ എന്ന ഭാവത്തെയാണ് ഈഗോ എന്ന് വിളിച്ചത്. അല്ലെങ്കില്‍ മനസ്സിന്റെ തേരാളിയെയാണ് ഈഗോ എന്നതുകൊണ്ട് ഞാന്‍ ഉദേശിച്ചത്. ഒപ്പം ഈഗോ മോശപ്പെട്ട ഒന്നല്ല എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ .സ്ത്രീയുടെ സ്വത്വത്തെ പറ്റി അമു ബോധവതിയല്ല. ആയിരുന്നുവെങ്കില്‍ സുനിതയുടെ പ്രയാസങ്ങളില്‍ ഒരു കൈതാങ്ങാനാകാന്‍ അമു ശ്രമിച്ചേനെ.എന്നാല്‍ മുറിപ്പെട്ട ഈഗോയോടെ അമു അവളെ നോക്കികണ്ടപ്പോള്‍ തിരിച്ചറിവുണ്ടാകുന്നു അവളുടെ സ്വാഭിമാനം അഥവാ ലെഹള ൃലുെലര േഎന്നേ അവള്‍ സ്വയം നഷ്ടപെടുത്തിയിരുന്നുവെന്ന്. സ്ത്രീസമത്വത്തെ, ലിംഗനീതിയെ കുറിച്ചു കാഴ്ചപ്പാടുള്ള ഒരു സ്ത്രീയായി അമുവിനെ പ്രേക്ഷകര്‍ എവിടെയും കാണുന്നില്ല. മറിച്ചു പുരുഷന്റെ നേതൃത്വത്തിലുള്ള ഒരു കുടുംബത്തിനായി തന്റെ സ്വത്വത്തെ തന്നിലേക്ക് അടിച്ചമര്‍ത്തി സ്വയം വിധേയപ്പെട്ടു ജീവിക്കാന്‍ തീരുമാനമെടുത്തവളായിട്ടാണ് സിനിമ അവളെ വരച്ചിടുന്നത്.ഭര്ത്താവിന്റെ തല്ലില്‍ സ്വാഭിമാനം തകര്‍ന്ന അമു ഇറങ്ങി ചെന്നതും അഭയം തേടിയതും മാതാപിതാക്കളുടെ ചിറകിനടിയിലാണ്.ഭര്‍ത്താവെന്ന ഒരു പുരുഷന്റെ കരുതലില്‍ നിന്നും അച്ഛനെന്ന മറ്റൊരു പുരുഷന്റെ സംരക്ഷണയിലേക്കു ഒരു മാറ്റം. അച്ഛന്റെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് ഒരു വീടെടുത്തു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന അമു എന്ത് വിമോചനാശയമാണ് മുന്നോട്ട് വെക്കുന്നത്? മനുസ്മൃതിയിലെ ശ്ലോകവും ആശയങ്ങളുമാണ് ഈയവസരത്തില്‍ മനസ്സില്‍ തെളിയുന്നത്.സ്ത്രീകളെ പലേടത്തും മനുസ്മൃതി വാഴ്ത്തുന്നുണ്ടെങ്കിലും പുരുഷാധീശത്വത്തെ മനു അംഗീകരിച്ചു. ബ്രഹ്മാവ് തന്റെ ദേഹം രണ്ടു ഭാഗമാക്കിയെന്നും ഒരു പകുതിയില്‍ നിന്ന് പുരുഷനും മറ്റേപകുതിയില്‍ നിന്ന് സ്ത്രീയും ഉടലെടുത്തു.പുരുഷന്‍ സ്ത്രീയില്‍ നിന്ന് വിരാട് പുരുഷനെ സൃഷ്ടിച്ചു.അങ്ങനെ ബ്രഹ്മാവിന്റെ പകുതിയാണ് സ്ത്രീയെന്നും അവള്‍ പുരുഷന് തുല്യയാണെന്നും സൂചിപ്പിക്കുന്ന മനുസ്മൃതി തുടര്‍ന്നങ്ങോട്ട് പുരുഷന് കീഴ്പ്പെട്ടു നില്‍ക്കേണ്ട, രക്ഷാകര്‍തൃത്വമില്ലാതെ നിലനില്പില്ലാത്ത രണ്ടാം തരം പൗരയായിട്ടാണ് സ്ത്രീയെ പരിഗണിക്കുന്നത്.അതേപോലെയാണ് ഈ സിനിമയും.പുരുഷാധിപത്യത്തിലൂടെ സ്വാഭിമാനം നഷ്ടപ്പെട്ട അമു നിലനില്പിനായി അച്ഛനെന്ന മറ്റൊരു പുരുഷന്റെ സംരക്ഷണയിലേക്കു മാറി. അതായതു സ്ത്രീക്ക് ഒറ്റയ്‌ക്കൊരു അസ്തിത്വം ഇല്ലെന്ന് സിനിമ ഗോപ്യമായി പറയുന്നു.
‘ബസ് ഏക് ഥപ്പഡ് ത്താ… ലേക്കിന്‍ നഹി മാര്‍നാ ചാഹിയെ ത്താ.” ഏറെ വൈകാരികമായി ചിത്രീകരിച്ച ഒരു സന്ദര്‍ഭത്തില്‍ അമു പറയുന്ന വാക്കുകളാണ്. ശരിയാണ് അടിക്കാന്‍ പാടില്ലായിരുന്നു, നൂറു ശതമാനം അംഗീകരിക്കുന്നു. സ്ത്രീയ്ക്ക് നേരെ കൈയുയര്‍ത്താന്‍ ഒരു ബന്ധവും പുരുഷനു അധികാരം നല്‍കുന്നില്ല. ഭര്‍ത്താവോ സഹോദരനോ കാമുകനോ ആരുമായികൊള്ളട്ടെ എത്ര ദേഷ്യമുള്ള സാഹചര്യവുമായിക്കൊള്ളട്ടെ, ഒരേയൊരു തവണയെങ്കില്‍ പോലും അത് തെറ്റു തന്നെയാണ്. പക്ഷേ ആ അടി എന്ന ചര്‍ച്ചാവിഷയത്തെ പുറഞ്ചട്ടയാക്കി വിവാഹമോചനമെന്ന കടുത്ത വഴിയിലേക്ക് നടന്നുപോകുന്ന നായിക എന്ത് സ്ത്രീ വിമോചനവിപ്ലവമാണ് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്ന് ചിന്തിക്കേണ്ടത് പ്രേക്ഷകരാണ്.
ഭാര്യാഭര്‍തൃ ബന്ധമെന്നതൊരു ആത്മബന്ധമാണ്.തന്നേതന്നെയാണ് പങ്കാളിയിലൂടെ ഒരു തലംകഴിഞ്ഞാല്‍ അവനവന്‍ കാണുന്നത്.ആ ബോധ്യത്തിന്റെ പുറത്താണ് ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവു ഭാര്യയോടും മറയില്ലാതെ ദേഷ്യപ്പെടുന്നത്. അപരിചിതരുടെയടുത്തോ അല്ലെങ്കില്‍ പ്രണയത്തിലായ ആദ്യനാളുകളില്‍ കമിതാവിനോടോ നഷ്ടപ്പെടുമെന്ന ഭയം മൂലം ആരുംതന്നെ ദേഷ്യം കാണിക്കുന്നില്ല. ദേഷ്യമുണ്ടെങ്കിലും നമ്മളത് ഉള്ളിലൊതുക്കുന്നു. എന്നാല്‍ സ്വന്തമാണെന്നു തോന്നുന്നിടത്തു് നമ്മളത് പ്രകടിപ്പിക്കുന്നു എന്നതാണ് സത്യം.ആഴത്തില്‍ വേരോടിയ ഒരു ബന്ധത്തില്‍ ക്ഷമിക്കാനും പൊറുക്കാനുമുള്ള ഒരു മനസ്സുണ്ടാകും. അടി കൊണ്ട ശേഷം അമു ഭര്‍ത്താവിനോട് പറയുന്നുണ്ട് അയാളോട് തെല്ലും സ്‌നേഹം അവശേഷിക്കുന്നില്ലെന്ന്.ശരിയാണ് വിക്രം അവളെ തല്ലാന്‍ പാടില്ലായിരുന്നു.ആ അവസരത്തില്‍ അങ്ങനെയൊരു പ്രതികരണം അവളില്‍ നിന്നുണ്ടാകുന്നത് സ്വാഭാവികമാണെന്ന് കരുതിയാല്‍പോലും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുന്ന ഭര്‍ത്താവിന് ഒരുവട്ടം പോലും മാപ്പുകൊടുക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് അവളുടെ മനസ്സ് മുരടിച്ചു എന്ന് സിനിമ പറയുന്നത് വിശ്വസനീയമല്ല. അങ്ങനെ ഒരു മനസ്ഥിതിയിലേക്കു അവള്‍ എത്തപെട്ടുവെങ്കില്‍ തന്റെ സ്വത്വം നഷ്ടപ്പെടുത്തി അഡ്ജസ്റ്റ് ചെയ്തു ജീവിച്ചതുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടിവരും, അല്ലാതെ തല്ലല്ല വില്ലനായത്; തല്ലിനെ ന്യായീകരിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. കുടുംബകോടതിയുടെ വരാന്തയില്‍വെച്ചു എല്ലാമുപേക്ഷിച്ചു അയാള്‍ മടങ്ങിവന്നു എന്നവളോട് പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ അവളോടുള്ള സ്‌നേഹം വ്യക്തമാകുന്നുണ്ട്. എന്നാല്‍ അയയാത്ത മനസ്സുമായി വിവാഹമോചനം നേടി പിരിയുന്ന അമുവിനെ കപടസ്ത്രീവാദിയാക്കുകയാണ് ”ഥപ്പഡ്” എന്ന സിനിമ ചെയ്യുന്നത്.
സിനിമയിലെ മറ്റു പ്രധാനപ്പെട്ട സ്ത്രീകളെ വിലയിരുത്തുകയാണെങ്കിലും പാത്രസൃഷ്ടി വിഭിന്നമല്ല.സമൂഹത്തിന്റെ സദാചാരകണ്ണുകള്‍ക്ക് തൃപ്തിപകരും വിധം കഥാകൃത്തതുനിര്‍വഹിച്ചിട്ടുണ്ട്.അവിഹിത ബന്ധം പുലര്‍ത്തി അതില്‍ സന്തോഷം കണ്ടെത്തി കുടുംബബന്ധം ശിഥിലമാക്കാതെ മുന്നോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന നേത്ര എന്ന അഭിഭാഷക ഒരുവേള അമുവിന്റെ ചിന്തകളില്‍ നിന്ന് വീര്യം ഉള്‍ക്കൊണ്ടു കുടുംബമുപേക്ഷിച്ചിറങ്ങിപോകുന്നു. ഭര്‍ത്താവിനൊപ്പം കാമുകനെക്കൂടി ഉപേക്ഷിക്കുന്നതിലൂടെ സദാചാര പട്രോളിംഗ്കാരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട് സിനിമ. അവളുടെ സന്തോഷം കാമുകനൊപ്പമൊരു ജീവിതമാണെങ്കില്‍ അതുതിരഞ്ഞെടുക്കാതെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അങ്ങനെയൊരു തീരുമാനം കൈക്കൊള്ളേണ്ട കാര്യമെന്തായിരുന്നു? ഒപ്പം മനസ്സിലേക്ക് വരുന്ന മറ്റൊരു ചോദ്യമുണ്ട്.നേത്രയാകട്ടെ അമുവാകട്ടെ തങ്ങളുടെ അസംതൃപ്തി എന്തുകൊണ്ട് ജീവിതപങ്കാളിയോട് തുറന്നുപറയാന്‍ ശ്രമിച്ചില്ല? വിവാഹമോചനം അല്ലെങ്കില്‍ കുടുംബമുപേക്ഷിച്ചു ഒറ്റയ്ക്ക് ജീവിക്കുക എന്നതാണോ സ്ത്രീവിമോചനമായി സിനിമ മുന്നോട്ട് വെക്കുന്ന ആശയം?
പുനര്‍വിവാഹത്തെ കുറിച്ച് ചിന്തിക്കാത്ത ഭര്‍ത്താവിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ഒരു സ്ത്രീയായിട്ടാണ് അമ്മുവിന്റെ അയല്‍ക്കാരിയായ ശിവാനിയെ സിനിമ നെയ്‌തെടുത്തിരിക്കുന്നത്. വിധവയായ ഒരു സ്ത്രീക്ക് സമൂഹം കല്പിച്ചുനല്‍കിയ യാഥാസ്ഥിക ചട്ടക്കൂടിനുള്ളില്‍ ഭദ്രമാണ് ശിവാനിയെന്ന കഥാപാത്രം. സുനിതയും സ്വാതിയെന്ന സഹോദരപത്‌നിയും മാത്രമാണ് അല്പമെങ്കിലും തന്റേടത്തോടെ പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെ എതിര്‍പ്പിന്റെ ശബ്ദമായത്. ആകെ മൊത്തം വിശകലനം ചെയ്താല്‍ യാഥാസ്ഥിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് ലിബറല്‍ ഫെമിനിസം പറയാന്‍ ശ്രമിച്ചു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടൊരു തട്ടിക്കൂട്ട് സിനിമയാണ് ”ഥപ്പഡ്”

Related Articles

Back to top button