KERALALATESTNEWS

‘ഉത്രയ്ക്ക് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നു, വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്’‌; സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്

കേരളത്തെ നടുക്കിയ ഉത്ര കൊലപാതകത്തിൽ ഉത്രയുടെ ഭർത്താവും കേസിലെ പ്രതിയുമായ സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരിയിൽ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയിൽ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേർത്തു.

പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടത് മാസങ്ങൾക്കു മുമ്പാണ്. പാമ്പുകളെ കൈകാര്യം ചെയ്യാൻ യൂ ട്യൂബ് വീഡിയോകൾ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബർ പരിശോധനയിൽ പൊലീസ് കണ്ടെത്തി. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരൻ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂർഖൻ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിയൊക്കെ ചെയ്താണ് ഏപ്രിൽ 22 ന് ഡിസ് ചാർജ് വാങ്ങി ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാൽ ജാറിലടച്ച മൂർഖനുമായി സൂരജെത്തി.

മേയ് 6 ന് അർധരാത്രി ഒരു മണിയോടെ ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കി മൂർഖൻ പാമ്പിനെക്കൊണ്ട് വലതു കൈത്തണ്ടയിൽ രണ്ടു തവണ കടിപ്പിച്ചു മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാൻ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാൾ ശ്രമിച്ചു. അടുത്ത ദിവസം പുലർച്ചെ അമ്മയാണ് ഉത്രയെ മരിച്ച നിലയിൽ കാണുന്നത്. ഉത്രയുടെ സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ രക്ഷപ്പെടുമെന്ന് സൂരജ് കരുതിയെങ്കിലും പൊലീസ് പിന്നാലെയുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വസതിയിൽ ഒളിവു ജീവിതം നയിക്കുമ്പോഴാണ് സൂരജ് പിടിയിലായത്.

Related Articles

Back to top button