WEB MAGAZINE

മേരി ഹസ്‌കല്‍, ഖലീല്‍ ജിബ്രാന് ആരായിരുന്നു മേരി ഹസ്‌കല്‍?

അബു ജുമൈല

സ്വന്തം കഴിവുകള്‍ക്കപ്പുറം സൗഹൃദത്തിന്റെയും ഉദാരമനസ്‌കതയുടെയും പേരില്‍ പ്രശസ്തയായ വനിതയാണ് മേരി എലിസബത്ത് ഹസ്‌കല്‍. ദേവതാരുക്കള്‍ക്കും മുന്തിരിത്തോട്ടങ്ങള്‍ക്കും പ്രസിദ്ധമായ ലബനോന്റെ അമര്‍ത്യനായ പ്രവാചകന്‍ എന്നറിയപ്പെടുന്ന അനശ്വരകവിയും ചിത്രകാരനും തത്വചിന്തകനും ആയ ഖലീല്‍ ജിബ്രാനെ അറിയുന്നവര്‍ മേരി ഹസ്‌കലിനെ അറിയാതിരിക്കില്ല.
അമേരിക്കയിലെ സൗത്ത് കരോലിനയിലെ കൊളംബിയയില്‍ അലക്‌സാണ്ടര്‍ ഷിവ്‌സ് ഹസ്‌കലിന്റെയും ആലിസ് വാന്‍ യെവെരിന്റെയും പുത്രിയായി 1873 ഡിസംബര്‍ 11ന് മേരി എലിസബത്ത് ഹസ്‌കല്‍ ജനിച്ചു. പ്രസ്ബിറ്റെറിയന്‍ കോളേജിലും മസാച്ചുസെറ്റിലെ വെല്ലെസ്ലി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപികയായി സേവനം ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച ഹസ്‌കല്‍ സ്‌കൂള്‍ ഓഫ് ഗേള്‍സില്‍ പ്രധാനാധ്യാപിക ആയി സേവനം തുടര്‍ന്നു. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകയായ മേരി നല്ലൊരു എഴുത്തുകാരിയും അസ്വാദകയും ആയിരുന്നു.
വടക്കന്‍ ലബനോനിലെ ചരിത്രപ്രസിദ്ധമായ ബുഷ്രയില്‍ ജനിച്ച ജിബ്രാനും സഹോദരങ്ങളായ പീറ്റര്‍, മിരിയാന, സുല്‍ത്താന എന്നിവരോടൊപ്പം അമ്മ കാമില 1895 ല്‍ ബോസ്റ്റണിലേക്ക് കുടിയേറി താമസിച്ചു. കടുത്ത ദാരിദ്ര്യമായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്. വളരെയേറെ കഷ്ടപ്പെട്ടാണ് കാമില കുട്ടികളെ വളര്‍ത്തിയത്. മിരിയാനയും ചെറിയ ജോലികള്‍ ചെയ്ത് അമ്മയെ സഹായിച്ചു.. അവിടെ ബോസ്റ്റന്‍ പബ്ലിക്
സ്‌കൂളിലും പിന്നീട് മദ്രസത്തുല്‍ ഹികമത്തിലും (ജ്ഞാനകേന്ദ്രം)ആയിരുന്നു ജിബ്രാന്റെ വിദ്യാഭ്യാസം. മദ്രസത്തുല്‍ ഹികമത്തില്‍ പതിനഞ്ചാം വയസ്സില്‍ കൂട്ടുകാരോടൊപ്പം സ്‌കൂള്‍ മാഗസിന്‍ ആരംഭിച്ച ജിബ്രാന്‍ വളരെ വേഗം കവിയായി അംഗീകരിക്കപ്പെട്ടു. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു ജിബ്രാന്‍. എന്നാല്‍ വിധിവൈപരീത്യം എന്ന് പറയട്ടെ 1902ല്‍ സുല്‍ത്താനയും 1903 ല്‍ പീറ്ററും മരണപ്പെട്ടു. അടുത്തടുത്തുള്ള മക്കളുടെ മരണം കാമിലക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൂന്നു മാസം ആയപ്പോള്‍ കാമിലയും അദ്ദേഹത്തോട് വിടപറഞ്ഞു. അമ്മയുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്ന ജിബ്രാനെ ഈ വേര്‍പാട് വല്ലാതെ സ്പര്‍ശിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നീട് തുന്നല്‍ പണികള്‍ ചെയ്താണ് മിരിയാന കുടുംബം പുലര്‍ത്തിയത്.
ജിബ്രാന്റെ സാഹിത്യ ചിത്രകലാ വാസന തിരിച്ചറിഞ്ഞ അധ്യാപകര്‍ അദ്ദേഹത്തെ സാമൂഹ്യ പ്രവര്‍ത്തകയായ ജെസ്സി ഫെര്‍്‌മോണ്ടിന്റെ സഹായത്തോടെ പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഫ്രെഡ് ഹോളണ്ട് ഡേയുടെ അടുത്തെത്തിച്ചു. അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തിരുന്ന ഡേ ജിബ്രാന് നല്ല പ്രോത്സാഹനം നല്‍കി. 1904ല്‍ ഫ്രെഡ് ഹോളണ്ട് ഡേയുടെ സ്റ്റുഡിയോയില്‍ വെച്ച് ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടത്തി. അവിടെ വെച്ചാണ് മേരി ഹസ്‌കല്‍ ജിബ്രാനെ പരിചയപ്പെടുന്നത്.. ആ പരിചയം വളരെ പെട്ടെന്ന് തന്നെ ഗാഡമായ സൗഹൃദമായി വളര്‍ന്നു ജിബ്രാന്റെ ചിത്രങ്ങളില്‍ ആകൃഷ്ടയായ മേരി അദ്ദേഹത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ജിബ്രാന്റെ സാഹചര്യം മനസ്സിലാക്കിയ മേരി ഹസ്‌കല്‍ അദ്ദേഹത്തെ സാമ്പത്തികമായി വളരെയധികം സഹായിച്ചു. 1905 ല്‍ അറബ് ഭാഷയിലെ ആദ്യ കൃതി ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ചു. അതിനു സാമ്പത്തിക സഹായം ചെയ്തത് മേരി ആയിരുന്നു.
ചിത്രകലയില്‍ അസാധാരണമായ താല്പര്യം ഉണ്ടായിരുന്ന ജിബ്രാന് ചിത്രകാരനായി അറിയപ്പെടാനായിരുന്നു കൂടുതല്‍ ആഗ്രഹം. 1908 ല്‍ മേരി ഹസ്‌കല്‍ അദ്ദേഹത്തെ ചിത്രകല അഭ്യസിക്കാനായി പാരിസില്‍ അയച്ചു. അഗസ്‌തെറോഡിന്റെ കീഴില്‍ പഠനം ആരംഭിച്ച അദ്ദേഹത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി മേരി മാസം തോറും എഴുപത്തി അഞ്ച് ഡോളര്‍ വീതം അയച്ചു കൊടുത്തു.
1910 വരെ ജിബ്രാന്‍ പാരിസില്‍ തുടര്‍ന്നു. ജിബ്രാന്റെ ബ്രഷില്‍ നിന്നും ഇമാം ഗസാലി, ഇബ്‌നുസീന, അല്‍ ഖന്‌സ ,ലൈല മജ്‌നു തുടങ്ങിയ പ്രസസ്തരായ ധാരാളം വ്യക്തികളുടെയും കഥാപാത്രങ്ങളുടെയും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ രൂപം കൊണ്ടു. 1910 ല്‍ ജിബ്രാന്‍ മേരിയുടെ മനോഹരമായ ഒരു ചിത്രം വരച്ചു. (ആ ചിത്രം ടെല്‍ഫെയര്‍ മ്യുസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്). മേരി സുഹൃത്തുക്കളായ ഷാര്‍ലറ്റ് ടെല്ലര്‍ നെയും എമിലി മിഷേല്‍ നെയും ജിബ്രാന് പരിചയപ്പെടുത്തി. അവര്‍ ജിബ്രനുമായി സൗഹൃദത്തില്‍ ആവുകയും അദ്ദേഹത്തിന് ചിത്രം വരക്കാനായി മോഡല്‍ ആയി നില്‍ക്കുകയും ചെയ്തു.
1912 ല്‍ ജിബ്രാന്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറി. അക്കാലത്ത് മിഖായേല്‍ നുഐമയെ പോലുള്ള പ്രശസ്തരായ മെഹ്ജര്‍ കവികളുമായി പരിചയപ്പെട്ട ജിബ്രാന്‍ മെഹ്ജര്‍ കവിയായ അമീറുല്‍ രൈഹാനിയുടെ ശൈലി പിന്തുടരുകയും മെഹ്ജര്‍ പ്രസ്ഥാനം അറബ് സാഹിത്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ഖ്യാതി നേടിക്കൊടുക്കുകയും ചെയ്തു. ഈ ഘട്ടത്തിലൊക്കെയും സാമ്പത്തികമായും മാനസികമായും ജിബ്രാന് താങ്ങായും തണലായും മേരി ഒപ്പമുണ്ടായിരുന്നു. ജിബ്രാന്‍ എഴുതി ‘എന്നെ സാമ്പത്തികമായും ബൌദ്ധികമായും ഉന്നതിയിലേക്ക് നയിച്ച മാലാഖയാണ് അവള്‍”.
മേരിയോടുള്ള കടപ്പാട് എങ്ങനെ വീട്ടുമെന്നറിയാതെ ജിബ്രാന്‍ ആകുലപ്പെട്ടിരുന്നു. അവര്‍ നിരന്തരം കത്തുകള്‍ എഴുതി. സ്‌നേഹവും ആദരവും നിറഞ്ഞൊഴുകുന്ന ഭാവദീപ്തമായ കത്തുകള്‍. മേരിയോട് പറയാത്ത ഒരു സങ്കടമോ സന്തോഷമോ ജിബ്രാന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു. അദ്ദേഹം എഴുതി ‘പ്രിയപ്പെട്ട മേരി നൈരാശ്യം എന്നെ കീഴടക്കുമ്പോഴൊക്കെ ഞാന്‍ നിന്റെ കത്തുകള്‍ വീണ്ടും വീണ്ടും വായിക്കും. അപ്പോഴെന്റെ ആഹ്‌ളാദം തിരികെ കിട്ടും.’
ഒരു ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹം എഴുതി ‘പ്രിയസുഹൃത്തേ മറ്റാരെ കുറിച്ചും ചിന്തിക്കാതിരുന്നിട്ടും ഞാന്‍ ഇന്ന് നിന്നെ കുറിച്ച് ചിന്തിക്കുന്നു. നിന്നെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്റെ ജീവിതം കൂടുതല്‍ ഹൃദ്യവും മനോഹരവുമാകുന്നു. ഞാന്‍ നിന്റെ കൈ ചുംബിക്കുന്നു. പ്രിയപ്പെട്ട മേരീ നിന്റെ കൈ ചുംബിക്കുമ്പോള്‍ ഞാന്‍ സ്വയം അനുഗ്രഹീതനാകുന്നു’.
സുഹൃത്തോ സഹോദരിയോ അമ്മയോ കാമുകിയോ എന്ന് വേര്‍തിരിക്കാനാവാത്ത വിധത്തില്‍ അത്രയേറെ അഗാധമായ ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. സ്‌നേഹാധിക്യത്താല്‍ .ഒരു വേള അദ്ദേഹം വിവാഹാഭ്യര്‍ത്ഥന പോലും നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ തന്നെക്കാള്‍ പത്ത് വയസ്സിന് ഇളയ ജിബ്രാനെ വിവാഹം ചെയ്യാന്‍ മേരിക്ക് താല്പര്യം ഇല്ലായിരുന്നു. എക്കാലവും ജിബ്രാന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരിക്കാനായിരുന്നു മേരിയുടെ ആഗ്രഹം. 1926ല്‍ ജേക്കബ് ഫ്‌ലോറന്‍സ് മിനിസ്മായി മേരി ഹസ്‌കലിന്റെ വിവാഹം നടന്നു. അതിനു ശേഷവും ജിബ്രാന് സുഹൃത്തും സഹായിയുമായി മേരി ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ എന്ത്‌കൊണ്ടോ ജിബ്രാന്‍ അവിവാഹിതനായി തുടര്‍ന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ‘പ്രവാചകന്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നു.
‘നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക .എന്നാല്‍ അത് സ്‌നേഹത്തിന്റെ ഒരു ബന്ധനം ആവാതിരിക്കട്ടെ.
അത് നിങ്ങളുടെ ആത്മാവുകളുടെ തീരങ്ങള്‍ക്കിടയില്‍ ഇളകിക്കൊണ്ടിരിക്കുന്ന സമുദ്രമാകട്ടെ’.
നല്ലൊരു എഴുത്തുകാരി ആയിരുന്നു മേരി ഹസ്‌കല്‍ .എന്നാല്‍ സ്വന്തം രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ മേരി പ്രാധാന്യം നല്‍കിയത് ജിബ്രാന്റെ കൃതികള്‍ക്കാണ്. ഞലമരവ ളീൃ ീോമൃൃീം, രൃമ്വ്യ ശി ഹീ്‌ല ,വലമ്‌ലി ീി ലമൃവേ, േെമൃറൗേെ ാലഹീറ്യ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ മേരി രചിച്ചിട്ടുണ്ട്.
ജിബ്രാന്റെ മരണം വരെ ആ സൗഹൃദം തുടര്‍ന്നു ലിവര്‍ സിരോസിസും ക്ഷയരോഗവും ജിബ്രാനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.. കടലും പുഴയും ഒന്നാണ് എന്നത് പോലെ ജീവിതവും മരണവും ഒന്ന് തന്നെയാണെന്ന് വിളംബരം ചെയ്ത ആ മഹാപ്രതിഭ 1931 ഏപ്രില്‍ 10 ന് നാല്പത്തിയെട്ടാമത്തെ വയസില്‍ ന്യൂയോര്‍ക്കിലെ സെയിന്റ് വിന്‍സെന്റ് കാത്തലിക് മെഡിക്കല്‍ സെന്ററില്‍ വെച്ച് ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഭാഷയില്‍ ആഗ്രഹങ്ങളുടെ ആഴങ്ങള്‍ക്കതീതമായ നിശബ്ദജ്ഞാനത്തില്‍ ലയിച്ചു ചേര്‍ന്നു.
ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയില്‍ ആണ് കഴിഞ്ഞിരുന്നത്, എങ്കിലും ലബനോനോടുള്ള അഗാധ പ്രണയത്താല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചില്ല എന്ന് മാത്രമല്ല ലബനോനില്‍ തന്നെ തന്റെ ദേഹം സംസ്‌കരിക്കണം എന്നായിരുന്നു ജിബ്രാന്റെ ആഗ്രഹം. മേരി ഹസ്‌കലും സഹോദരിയും കൂടി ലബനോനിലെ മാന്‍സസ്റ്റെഴ്‌സ് മൊണാസ്റ്ററിയില്‍ സ്ഥലം വാങ്ങി 1932 ല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്യുകയും അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാല്‍കരിക്കുകയും ചെയ്തു. ഇപ്പോള്‍ അത് മ്യുസിയം ആണ്.
ജിബ്രാന്‍ തനിക്കെഴുതിയ കാവ്യ മനോഹരങ്ങളായ കത്തുകള്‍ ലോകം അറിയുന്നതിന് വേണ്ടി മേരി ഹസ്‌കല്‍ പ്രസിദ്ധപ്പെടുത്തി. 1936 ല്‍ മേരിയുടെ ഭര്‍ത്താവു മരണപ്പെട്ടു. 1964 ഒക്ടോബര്‍ 9നു 90 മത്തെ വയസ്സില്‍ മേരി ഹസ്‌കല്‍ മരണപ്പെട്ടു. ജിബ്രാന്റെ ഭാഷയില്‍ ശ്വാസം നിലക്കുക എന്നാല്‍ ഉയരുവാനും വികസിക്കാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളില്‍ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്. ജോര്‍ജിയയിലെ സാവന്നയില്‍ ലോരല്‍ ഗ്രോവ് സെമിത്തേരിയില്‍ അടക്കം ചെയ്തു. മേരിയുടെ നിസ്വാര്‍ത്ഥസ്‌നേഹവും കാരുണ്യവും ആണ് ജിബ്രാനെ ജിബ്രാന്‍ ആക്കി മാറ്റിയത്. ജിബ്രാന്‍ എഴുതുന്നു ‘ഞാന്‍ ഒരു കലാകാരനായത് മേരി ഹസ്‌കലിലൂടെയാണ്.

Related Articles

Back to top button