സൗദിയില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൌദിയിലെ ഇന്ത്യന്‍ എംബസി അപേക്ഷ സമര്‍പ്പിച്ചു. സൌദി വിദേശകാര്യ മന്ത്രാലയം വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്. കത്ത് വിദേശകാര്യമന്ത്രാലയം ആരോഗ്യവകുപ്പിന് കൈമാറി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
ട്രൂനറ്റ് പരിശോധന സംവിധാനം ഒരുക്കുന്നതിന്‍റെ നടപടികള്‍ ഇന്‍ഡ്യന്‍ എംബസികള്‍ വഴി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് സാരം. റാപ്പിഡ് ടെസ്റ്റിന് അനുമതി തേടി സൌദി വിദേശകാര്യമന്ത്രാലത്തിന് നല്‍കിയ കത്തിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ ആ രാജ്യത്ത് പരിശോധന ആരംഭിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. വിഷയത്തില്‍ നടപടിയാകും വരെ നാട്ടിലേക്ക് മടങ്ങാന്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് വിവരം.
സൌദിയില്‍ റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവക്കുള്ള പ്രായോഗിക പ്രശ്നങ്ങള്‍ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടതോടെ സംസ്ഥാനം എംബസിയില്‍ പ്രശ്ന പരിഹാരത്തിന് കത്തെഴുതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന നടപ്പിലാക്കാന്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സൌദി വിദേശകാര്യ മന്ത്രാലയത്തിനും ആരോഗ്യ വകുപ്പിനും കത്ത് കൈമാറിയത്. സൌദിയിലെ സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ചുള്ള റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
യാത്രാ ആവശ്യത്തിനുള്ള റാപ്പിഡ് ടെസ്റ്റായതിനാല്‍ കത്തിന് അനുകൂല തീരുമാനമുണ്ടാകും എന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. നടപടി ക്രമങ്ങള്‍ നീണ്ടാല്‍ അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് സൂചന.
മെയ് ഏഴുമുതല്‍ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് കേരളത്തിലെത്തിയത്. 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആകെ 71,958 പേരാണ് വിദേശങ്ങളില്‍നിന്ന് ഇങ്ങനെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേര്‍ എത്തിയിട്ടുണ്ട്. 35,327 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് നാട്ടില്‍ വരണമെങ്കില്‍ കേന്ദ്രസര്‍ക്കാരോ വിമാനകമ്പനികളോ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.