BREAKING NEWSLATESTNATIONALNEWS

ക‍ര്‍ണാടക മന്ത്രിയുടെ ഭാര്യക്കും മകള്‍ക്കും കോവിഡ്

കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ.സുധാകറുടെ ഭാര്യക്കും മകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

”കുടുംബാംഗങ്ങളുടെ കോവിഡ് ഫലം വന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്‍റെ ഭാര്യക്കും മകള്‍ക്കും പോസ്റ്റീവാണ്. ഇവരെ ചികിത്സയിലാണ്” മന്ത്രി ട്വിറ്ററില്‍ കുറിച്ചു. മന്ത്രിയുടെ രണ്ട് ആണ്‍മക്കള്‍ക്കും ടെസ്റ്റ് ഫലം നെഗറ്റീവാണ്.

തിങ്കളാഴ്ച മന്ത്രിയുടെ പിതാവ് പി.എന്‍ കേശവ റെഡ്ഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഒരു മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട സുധാകറും മറ്റ് മൂന്ന് മന്ത്രിമാരും ഏപ്രിലില്‍ ക്വാറന്‍റൈനില്‍ പോയിരുന്നു.

അതേസമയം കര്‍ണാടകയിലെ സ്ഥിതി മോശമാണ്. 9,399 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 142 പേരാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 5,730 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബംഗളൂരു 20 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടണമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.” മനുഷ്യ ജീവനുകള്‍ വച്ച് കളിക്കുന്നത് നിര്‍ത്തൂ. കുറച്ചു പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. മനുഷ്യ ജീവനുകള്‍ക്ക് എന്തെങ്കിലും വില കൊടുക്കുന്നുണ്ടെങ്കില്‍ ബംഗളൂരു 20 ദിവസത്തേക്ക് അടച്ചിടണം. അല്ലെങ്കില്‍ മറ്റൊരു ബ്രസീലായി മാറും. സമ്പദ് വ്യവസ്ഥയെക്കാള്‍ വലുതാണ് മനുഷ്യരെന്നുമായിരുന്നു” കുമാരസ്വാമിയുടെ ട്വീറ്റ്.

Related Articles

Back to top button