ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന പ്രചാരണം രാജ്യത്ത് സജീവമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ബ്രാന്‍ഡ്‌സ്(ഐ.ഐ.എച്ച്.ബി) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനത്തിനും ടിക് ടോക് ചൈനീസ് ആപ്പെന്ന് അറിയില്ല. ചൈനീസ് ആപ്പായതുകൊണ്ട് ടിക് ടോക് ഒഴിവാക്കുമെന്ന് പറഞ്ഞത് 21 ശതമാനമാണ്.
ജൂണ്‍ 17നും 18നുമാണ് ഫോണ്‍വഴി ഐ.ഐ.എച്ച്.ബി സര്‍വേ നടത്തിയത്. 408 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 56 ശതമാനം പേര്‍ ടിക് ടോക് ചൈനീസ് ആപ്ലിക്കേഷനാണെന്ന് അറിയുമെന്നു പറഞ്ഞു. എന്നാല്‍ 32 ശതമാനത്തിന് ഇതറിയില്ലായിരുന്നു. ടിക് ടോക് ചൈനീസ് ആപ്പായതിന്റെ പേരില്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് 62 ശതമാനം ഉറപ്പില്ലെന്ന മറുപടിയാണ് നല്‍കിയത്. 11 പേര്‍ ടിക് ടോക് ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി.
പല ബ്രാന്‍ഡുകളും ചൈനീസാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് അറിയില്ലായിരുന്നു. ഉദാഹരണത്തിന് 37 ശതമാനം പേരും പറഞ്ഞത് ഒപ്പോ ഒരു ഇന്ത്യന്‍ കമ്പനിയാണെന്നാണ്. 42 ശതമാനത്തിന് മാത്രമേ ഒപ്പോ ചൈനീസാണെന്ന അറിവുണ്ടായിരുന്നുള്ളൂ. വിവോ യു.എസ്/യൂറോപ്യന്‍ കമ്പനിയാണെന്ന് 41 ശതമാനവും ഇന്ത്യനാണെന്ന് 12 ശതമാനവും മറുപടി നല്‍കി. 40 ശതമാനത്തിന് മാത്രമാണ് വിവോ ചൈനീസ് കമ്പനിയാണെന്ന അറിവുണ്ടായിരുന്നത്.
വണ്‍പ്ലസാകട്ടെ 30 ശതമാനംപേരും കരുതിയത് യൂറോപ്യന്‍ ബ്രാന്‍ഡാണെന്നാണ്. 22 ശതമാനം അമേരിക്കന്‍ കമ്പനിയെന്ന് പറഞ്ഞപ്പോള്‍ 14 ശതമാനം പേര്‍ ഇന്ത്യന്‍ കമ്പനിയാണ് വണ്‍പ്ലസെന്ന് പറഞ്ഞു. 30 ശതമാനം മാത്രമാണ് വണ്‍പ്ലസ് ചൈനീസ് കമ്പനിയാണെന്നു പറഞ്ഞത്. ചൈനീസ് കമ്പനിയായ വിവോ ഐ.പി.എല്ലിന്റെ മുഖ്യസ്‌പോണ്‍സറാകുന്നതിനെക്കുറിച്ചും സര്‍വേ നടത്തിയവര്‍ ചോദിച്ചു. ഇതിന് 72 ശതമാനം പേരും വിവോയെ ഒഴിവാക്കണമെന്നാണ് പറഞ്ഞത്. 14 ശതമാനം പേര്‍ മാത്രമാണ് പ്രശ്‌നമില്ലെന്ന് പറഞ്ഞത്.