ArticlesBREAKING NEWSKERALALATESTNEWS

നഗ്നതയുടെ രാഷ്ട്രീയം

  • സന റബ്സ്

നഗ്‌നത എന്നത് പലര്‍ക്കും പലതാണ്. രഹ്ന ഫാത്തിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവാദ വിഷയം സംബന്ധിച്ചതാണീ ലേഖനം. ആ വിഷയത്തില്‍ പല പക്ഷത്തുനിന്ന് പലരും സംസാരിക്കുന്നുണ്ട്. അതിലൊന്നിലും ഭാഗഭാക്കാകുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. നഗ്‌നതയെ ന്യായീകരിക്കുവാനോ അതിന് മഹത് ഭാഷ്യം നല്‍കുവാനോ, പല വലിയ എഴുത്തുകാരുടെ കൃതികളെ ഇതുമായി താരതമ്യം ചെയ്യുന്നതു കാണുമ്പോള്‍ ചിലത് പറയാതെ വയ്യ എന്നു തോന്നി..

ശരീരപ്രദര്‍ശനമാണ് തന്റെ രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അത് ഉള്‍ക്കൊള്ളാന്‍ സമൂഹം വെന്തു പാകമായിട്ടില്ല എന്ന് അതിലൂടെ മുദ്രാവാക്യം വിളിക്കുമ്പോള്‍ നിങ്ങള്‍ വെളിവുള്ള സമൂഹത്തിന്റെ മുഖത്തടിക്കുകയാണ്. ആ അടി കൊള്ളണോ എന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. നഗ്‌നത ഓരോരുത്തരുടെയും സ്വകാര്യതയാണ്. ഇഷ്ടമുള്ളവര്‍ക്ക് അത് പബ്ലിക് ആക്കാം. പൊതുകാഴ്ചക്ക് നല്‍കിയ, നല്‍കാന്‍ ഉദ്ദേശിക്കുന്ന നഗ്‌നത സ്വീകരിക്കണോ വേണ്ടയോ എന്നത് നോക്കുന്നവര്‍ തീരുമാനിക്കും. അതുകൊണ്ടാണ് തുറന്നിട്ട ശരീരം ചിലര്‍ക്ക് പവിത്രവും ചിലര്‍ക്ക് സാധാരണവും മറ്റു ചിലര്‍ക്ക് ആഭാസവും വേറെ ചിലര്‍ക്ക് പുറമ്പോക്കും പലര്‍ക്കും കാഷ്വല്‍ ആന്‍ഡ് കൂളും ആകുന്നത്.

വാതിലും ജനലും അടച്ചു പറ്റുമെങ്കില്‍ ജനല്‍വിരികൂടി ഇട്ട് ഭദ്രമാക്കിയാണ് ഇന്ത്യയിലെ ഇണകള്‍ സ്വന്തം ഇണയെ കെട്ടിപ്പിടിക്കാനോ ഒന്നുമ്മവെക്കാനോ ശ്രമിക്കുക. അത് അവന്റെ/ അവളുടെ സദാചാരബോധം എന്ന് തെറ്റിദ്ധരിച്ചു കളയരുത്. ഒരു മനുഷ്യന്‍ സംസാരിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം അവനവന്റെ സ്വത്വം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് അതില്‍നിന്നും മനസ്സിലാക്കേണ്ടത്. വളരുന്ന സാഹചര്യവും കുറെ അവനെ അതിന് പ്രാപ്തനാക്കുന്നുമുണ്ട്. ആ സ്വത്വം സൂക്ഷിക്കാന്‍ അവന് സ്വകാര്യത വേണമെന്നും മനസ്സിലായിട്ടുണ്ട്. സദാചാരം എന്നത് ആളുള്ളപ്പോള്‍ പൊതിയുന്നതും ആളില്ലാത്തപ്പോള്‍ തുണി അഴിച്ചിടലും അല്ലല്ലോ. സദാചാരം എന്നത് സത്യസന്ധതയാണ്. ഒറ്റയ്ക്കും കൂട്ടമായും ജീവിക്കുമ്പോഴൊക്കെയും തന്നോടും മറ്റുള്ളവരോടും പുലര്‍ത്തുന്ന സത്യസന്ധയാണ് സദാചാരം. വിവരവും ആലോചനാശേഷിയും ഉള്ളവര്‍ക്കൊക്കെ അതങ്ങനെത്തന്നെ ആയിരിക്കും. അവനവന്റെ പേര്‍സണല്‍ സ്‌പേസ് സൂക്ഷിക്കുമ്പോലെ മറ്റുള്ളവരോട് പ്രതിപക്ഷ ബഹുമാനമുള്ള ഏതൊരാള്‍ക്കും സ്വന്തം ശരീരത്തോടും ജീവിതത്തോടും കാഴ്ചപ്പാടും ബഹുമാനവും ഉണ്ടാവും.

യൂറോപ്പിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ലൈംഗികതയും ശരീരം തുറന്നിടലും കുറെയൊക്കെ പബ്ലിക് ആണ്. അവരുടെ ഭൂമിശാസ്ത്രവും, കാലാവസ്ഥയും വിദ്യാഭ്യാസരീതിയും വ്യത്യസ്തമായതിനാല്‍ അവിടെ പ്രൈവസി എന്നതിനും ഫ്രീഡം എന്നതിനും മറ്റുള്ളവരുടെ കാര്യത്തിലേക്ക് നുഴഞ്ഞു കയറുന്നതിനുള്ള പരിധിയും നമ്മുടെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വളരെ വ്യത്യസ്തമാണ്. അതവിടെ നില്‍ക്കട്ടെ.

നരവംശ പരിണാമവും ശാസ്ത്രവളര്‍ച്ചയും നോക്കുമ്പോള്‍ പ്രിമിറ്റീവ് മനുഷ്യന്‍, നിയാണ്ടര്‍ത്തല്‍ മനുഷ്യന്‍, ക്രോമാഗ്‌നണ്‍ മനുഷ്യന്‍ എന്നിങ്ങനെ ഹോമോസാപിയന്‍സ് വരെ എത്തി നില്‍ക്കുന്ന നമ്മുടെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഉല്‍പ്പത്തിയില്‍ ആദ്യം വസ്ത്രം ഉണ്ടായിരുന്നില്ല. പിന്നീട് ചൂടും തണുപ്പും മഞ്ഞും മഴയും വന്നപ്പോള്‍ ഇലകളും മരത്തൊലികളും ഉപയോഗിച്ച് അവന്‍ വസ്ത്രമുണ്ടാക്കി, തീയുണ്ടാക്കി, ചക്രമുണ്ടാക്കി എന്നൊക്കെ കണ്ടു. ഒരുമിച്ച് വേട്ടയാടി നടന്നിരുന്ന മനുഷ്യന്‍ ഒറ്റയ്ക്ക് വേട്ടയാടി, ഒറ്റയ്ക്ക് ഭക്ഷിച്ചു. ഒരുപാടു ഇണകളില്‍ രമിച്ചു നടന്നു ഭോഗവും വംശവര്‍ദ്ധനവും മാത്രം നടത്തി ജീവിച്ചു.

ഇതിനേക്കാള്‍ മെച്ചമാണ് ഒരു കൂട്ടവും കുടുംബവും ഉണ്ടാക്കിയാല്‍ എന്ന് മനസ്സിലാക്കി ഒരു കൂട്ടം മനുഷ്യരുടെ നാഥനായി. കുറച്ചുകൂടി സുരക്ഷിതമായി ജീവിക്കാന്‍ ഗുഹകളും കുടിലുകളും ഉണ്ടാക്കി. അവസാനം അത് വീടുകളില്‍ എത്തി. ഇതില്‍ ഒരു കാലഘട്ടത്തിലെ മനുഷ്യനും പഴയതിലേക്ക് തിരിച്ചുപോയി വസ്ത്രം അഴിച്ചുവെക്കാന്‍ മെനെക്കെട്ടതായി കണ്ടിട്ടില്ല. തീ വേണ്ടെന്നു വെച്ചിട്ടില്ല. പരിഷ്‌കാരങ്ങള്‍ വേണ്ടെന്നു വെച്ചിട്ടില്ല. കാരണം അവന്‍ ബുദ്ധി ഉപയോഗിക്കുന്നു. അത്രമാത്രം!

സാഹിത്യത്തില്‍ ‘ആത്മാവിന്റെ വസ്ത്രമാണ് ദേഹം’ എന്ന് പറയുന്നുണ്ട്. അതുകൊണ്ടു വസ്ത്രത്തിനു വേറൊരു വസ്ത്രം എന്തിനെന്നും!. ആത്മാവിന്റെ ഭക്ഷണമാണ് വായന എന്ന് കരുതി ആഹാരം ഉപേക്ഷിച്ച ദേഹം എങ്ങനെയിരിക്കും എന്ന് പറയേണ്ടല്ലോ. വായിക്കുന്ന ആരും ഭക്ഷിക്കാതെ ഇരിക്കുന്നുമില്ല.

കലയിലെ നഗ്നത കാണുമ്പോള്‍ ആരും അയ്യേ എന്ന് പറയാറില്ല. ഗബ്രിയേല്‍ മാര്കിസ് നഗ്നത എഴുതി അല്ലെങ്കില്‍ വിശ്വാത്തര ക്ലാസ്സിക്കുകളില്‍ ഇതെല്ലാം ഉണ്ട് പാഠപുസ്തകങ്ങളില്‍ നഗ്നമായ ശരീരത്തിന്റെ കീറിമുറിക്കലും വിചാരണയും ഉണ്ട് എന്നതുകൊണ്ട് ഞാനും ഞങ്ങളും ഇപ്പോള്‍ കാണിക്കുന്ന തുറന്ന ശരീരം നിങ്ങള്‍ കണ്ടേ പറ്റൂ എന്ന് പറയുന്നത് ശുദ്ധമായ വിവരമില്ലായ്മയാണെന്ന് മനസ്സിലാക്കാനും അല്പം സെന്‍സ് വേണം. ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകള്‍ പല മനുഷ്യരിലും പലതാണല്ലോ കുട്ടിക്ക് മുല കുടിക്കാന്‍ കൊടുക്കുന്നതും കളിക്കാന്‍ കൊടുക്കുന്നതും വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്.

ഇനി നഗ്‌നതയും ടോട്ടോച്ചാനും:

പ്രശസ്തയായ ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്‍ന്റെ ഗുഡ്വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാന്‍, ‘ദ ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോ’ എന്ന പുസ്തകം.

എങ്ങനെയാണു കുട്ടികള്‍ പ്രകൃതിയോട് ഇണങ്ങിയും കൂട്ടിച്ചേര്‍ന്നും ജീവിക്കേണ്ടത് എന്നാണ് അതിലെ വിഷയം. ഇതില്‍ ടോമോ ഗാക്വെന്‍ എന്ന സ്ഥലത്തെ തന്റെതന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് അവര്‍ വിവരിച്ചിരിക്കുന്നത്. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ ടോമോ എന്ന സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപനപരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഇന്നൊരു പഠനവിഷയമാണ്.

കുട്ടിക്ക് കുളിക്കാനും കളിക്കാനും പഠിക്കാനും നീന്താനും മല കയറാനും ആ വിദ്യാലയത്തില്‍ സ്ഥലവും സ്വാതന്ത്ര്യവും ഉണ്ട്. ‘പുസ്തകങ്ങള്‍ ആകാശത്തേക്ക് വലിച്ചെറിയൂ എന്നിട്ടു പ്രകൃതിയിലേക്ക് വരൂ’ എന്ന് റൂസ്സോ പറഞ്ഞത് ഇവിടെ ചേര്‍ത്തു വായിക്കണം. പുസ്തകം കത്തിക്കാനല്ല അദ്ദേഹം ആഹ്വാനം ചെയ്തത്. പുസ്തകം ഉപേക്ഷിക്കാനുമല്ല കൊബായാഷി മാസ്റ്റര്‍ പറഞ്ഞത്. മറ്റൊന്ന് പഠനരീതികള്‍ കളികളിലൂടെ എന്നത് ഒരു പ്രായം വരെയേ പ്രാബല്യത്തില്‍ വരുത്താനാവൂ എന്നത് ഗ്രന്ഥകര്‍ത്താവിനും നമ്മുടെ അധ്യാപകര്‍ക്കും അറിയാം. പത്താം ക്ലാസ് വരെ പ്രവര്‍ത്തനാധിഷ്ഠിതപഠനം ആവാം; വേണം താനും. ശേഷം കുറെ സ്വയം പഠനമാണ്. അതുവരെ പഠിച്ച പാഠങ്ങള്‍ അത്രയും അമൂല്യമായതിനാല്‍ മുന്നോട്ട് പോകാന്‍ ഇവ വെളിച്ചമായിത്തീരുകയും ചെയ്യും.

ഇവിടെയും മനസ്സിലാക്കുന്നതിന് ഏറ്റക്കുറച്ചിലുകള്‍ കാണാം. അതുകൊണ്ടാണ് ടോട്ടാചാനിലെ കുട്ടി നഗ്‌നനായി വെള്ളത്തില്‍ ചാടുന്നത് കാണുമ്പോള്‍ അതും മറ്റ് തുണിയഴിക്കലും ചേര്‍ത്തുവെച്ച് ‘നഗ്‌നതയുടെ രാഷ്ട്രീയം’ പറയാന്‍ ആളുകള്‍ക്ക് തോന്നുന്നത്. വലുതായാല്‍ ടോട്ടോച്ചാന്‍ തുണി അഴിച്ചു പൊതുവിടത്തില്‍ വെള്ളത്തില്‍ ചാടുമെന്ന് എനിക്ക് തോന്നുന്നില്ല. തുണിയോടുകൂടി ചാടിയേക്കാം.

Related Articles

Back to top button