ഞായറാഴ്ച ലോക്ക്ഡൌണ്‍ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് ഇന്ന് സാധാരണ ഇളവുകളുണ്ടാകും. കടകമ്പോളങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും, വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനും അനുമതിയുണ്ട്. കണ്ടയ്‍ന്‍മെന്‍റ് സോണിലും ഹോട്ട്സ്പോട്ടിലും നിയന്ത്രങ്ങള്‍ തുടരും.
സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെ എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ട് ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഉള്ള ഇളവുകള്‍ ഇന്ന് മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകും. കടകമ്പോളങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനും അനുമതിയുണ്ട്. എന്നാല്‍ സാമൂഹ്യഅകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പുറത്തിറങ്ങിയാല്‍ നിയമനടപടി സ്വീകരിക്കും. രാത്രികാല കര്‍ഫ്യൂ തുടരും, രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ഹോട്ട് സ്പോട്ടുകളിലും കണ്ടൈയ്ന്‍മെസോണുകളിലും യന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകും.