BREAKING NEWSKERALALATESTNEWSPOLITICS

യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല; ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

കോട്ടയം ജില്ലാ പ്രസിഡന്റ് പദവി സംബന്ധിച്ച തര്‍ക്കത്തിൽ ജോസ് കെ. മാണി  പക്ഷത്തിനെതിരെ യുഡിഎഫ് നടപടി. ജോസ് കെ.മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ അറിയിച്ചു. ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു. പല തലത്തില്‍ ചര്‍ച്ച നടത്തി. ആവശ്യത്തിലേറെ സമയം നല്‍കി. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല യുഡിഎഫ് തീരുമാനമെടുത്തത്. മറ്റന്നാൾ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.

യുഡിഎഫിന്റേത് ചതിയും പാതകവുമാണെന്നു  റോഷി അഗസ്റ്റിന്‍ എംഎൽഎ രോഷത്തോടെ പ്രതികരിച്ചു. യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. ആളും അര്‍ഥവുമില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് എം. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും എംഎൽഎ പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. യുഡിഎഫ് നേതൃത്വം നീതിയുക്തമായി പെരുമാറുന്നില്ലെന്ന പരാതിയും ജോസ് വിഭാഗത്തിനുണ്ട്.

Related Articles

Back to top button