ഷംന കാസിം ബ്ലാക്മെയില്‍ കേസില്‍ മുഖ്യപ്രതി ഹാരിസ് അറസ്റ്റില്‍. ഇയാളെ ചോദ്യയ്ത് വരികയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും കേസില്‍ ഇനിയും മൂന്ന് പേരെ പിടികൂടാനുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.
ഷംനയുടേത് പോല മറ്റ് നാല് കേസുകള്‍ കൂടെയുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി. അതേസമയം കേസില്‍ സിനിമാ താരങ്ങളുടെകൂടി മൊഴി രേഖപ്പെടുത്തും. പ്രതികള്‍ സ്വര്‍ണക്കടത്തിനായി താരങ്ങളെ സമീപിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്. പ്രതികള്‍ക്ക് സിനിമ മേഖലയിലെ അടക്കം ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളില്‍ സംഘത്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കേസുകള്‍ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സംഘത്തിനെതിരെ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സിനിമാ മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിനിരയായിട്ടുണ്ട്.
തട്ടിപ്പ് സംഘത്തില്‍ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുന്ന ഷംനയില്‍ നിന്ന് ഇന്ന് വിശദമായ മൊഴിയെടുക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ഷംന കാസിമിന്‍റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്‍റൈനില്‍ പോകേണ്ടതിനാൽ ഷംനയുടെ മൊഴി ഓൺലൈൻ വഴിയാകും രേഖപ്പെടുത്തുക.