ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷന്‍ കിംഗ് ബാബു ആന്റണി നായകനാവുന്നു.
തന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം ഒരു മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരുടെ മുന്നില്‍ തിരിച്ചെത്തുകയാണ്.വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
‘നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം’ എന്ന ടാഗ് ലൈനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു.വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവര്‍സ്റ്റാറില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് തുടങ്ങുവാനുളള ഒരുക്കത്തിലാണ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്