37 ദിവസത്തിന് ശേഷം കാസര്‍കോട് ജില്ലയില്‍ വീണ്ടും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ അവരുടെ യാത്രവിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയ വ്യക്തി യാത്രാവിവരം മറച്ച് വെച്ചിരുന്നു.
ചെമ്മനാട് പഞ്ചായത്ത് സ്വദേശിയായ 67കാരനാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന മൂന്ന് പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി ജില്ലയിലേക്ക് പ്രവേശിച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ശരിയായ യാത്രാവിവരങ്ങള്‍ മറച്ച് വെച്ചത് കാരണം ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരീക്ഷണത്തിലേക്ക് പോവേണ്ടിവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരും. ഇത് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ താളം തെറ്റിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ 283പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 146 പേര്‍ ഇതര സംസ്ഥാനത്തുനിന്നും 124 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. ഇത് വരെ 13 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.