ഉത്തര്‍പ്രദേശില്‍ വെടിവെപ്പില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കാണ്‍പൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്ര അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തിരിച്ചിലിനിടെയാണ് പൊലീസിന് നേരെ വെടിവെപ്പുണ്ടായത്. റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന് നേരെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
മറ്റൊരു കൊലപാതക ശ്രമ കേസില്‍ വികാസ് ദുബെയെ തേടി കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലെ വീട്ടില്‍ റെയ്ഡിന് എത്തിയതായിരുന്നു പൊലീസ് സംഘം. പത്തോളം പേര്‍ അടങ്ങുന്ന അക്രമി സംഘം പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സബ് ഇന്‍സ്‌പെക്ടറും അഞ്ച് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. ലക്‌നൗവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം.