
പരിശീലന മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ നിരീക്ഷണത്തിൽ. താരത്തെ പിന്നീട് കൊവിഡ് പരിശോധനക്ക് വിധേയനാക്കും. കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മത്സരത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ടീം രണ്ടായി തിരിഞ്ഞ് പരിശീലന മത്സരം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് താരം രോഗലക്ഷണങ്ങൾ പ്രകടമാക്കിയത്. തുടർച്ചയായി പന്തെറിഞ്ഞ് താരം തളർന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവനയിൽ പറയുന്നു. താരത്തിന് വയറിളക്കവും ഉണ്ടെന്നാണ് പ്രസ്താവനയിൽ സൂചിപ്പിക്കുന്നത്.
പരിശീലന മത്സരം നടക്കുന്നത് ഏജ് ബൗൾ സ്റ്റേഡിയത്തിലായിരുന്നു. അവിടെ തന്നെയാണ് താരം ഐസൊലേഷനിലുള്ളത്. മത്സരത്തിൻ്റെ ആദ്യ ദിനം താരം 15 റൺസ് നേടി പുറത്താവാതെ നിൽക്കുകയായിരുന്നു.
കളിക്കാരും, മാച്ച് ഒഫീഷ്യൽസും സപ്പോർട്ടിംഗ് സ്റ്റാഫുകളും ഉൾപ്പെടെ 700ലധികം കൊവിഡ് ടെസ്റ്റുകളാണ് വിൻഡീസ് പരമ്പരക്ക് മുന്നോടിയായി ഇസിബി നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പോലും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് ക്രിക്കറ്റ് ബോർഡ് പറയുന്നു.