ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചതിന് പുറമെ ആലുവയിലെ ഓട്ടോ ഡ്രൈവര്‍ക്കും കോവിഡ് പോസിറ്റീവായി. നഗരത്തിലെ ആള്‍ത്തിരക്കേറുന്ന ഇടങ്ങളിലെല്ലാം പൊലീസിന്‍റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്.
ഓട്ടോഡ്രൈവറുള്‍പ്പെടെ ഉറവിടമറിയാത്ത ആറ് കോവിഡ് ബാധയാണ് ഏറ്റവുമൊടുവില്‍ എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 191 ആയി.
ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് ഡോക്ടര്‍മാരും ചില നഴ്‍സുമാരും നിരീക്ഷണത്തിലാണ്. നിലവില്‍ ആലുവ നഗരത്തെ കണ്ടെയ്‍മെന്‍റ് സോണാക്കിയിട്ടില്ലെങ്കിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷൻ, പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കൊച്ചി കോർപറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകൾ, പറവൂർ നഗരസഭയിലെ എട്ടാം ഡിവിഷൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷൻ കൂടി കണ്ടെയ്‍മെന്‍റ് സോണിലുള്‍പ്പെടുത്തി. എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ, പറവൂര്‍ തുടങ്ങി എറണാകുളത്തെ ചെറുതും വലുതുമായ മറ്റ് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത പരിശോധന ശക്തമാണ്. നിയമലംഘനം തുടരുന്ന സാഹചര്യമുണ്ടായാല്‍ മാര്‍ക്കറ്റുകള്‍ അടച്ചിടുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്.