കർണാടക ഹുബ്ലിയില്‍ നിന്ന് നാട്ടിലെത്തിയ വ്യാപാരി മരിച്ചതു കോവിഡ് കാരണമെന്ന് സ്ഥിരീകരണം. മൊഗ്രാൽപുത്തുർ കോടക്കുന്നിലെ ഡി.എം. അബ്ദുൽ റഹ്മാൻ (52) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. നാട്ടിലേക്കു വരുമ്പോൾ തന്നെ പനി ഉണ്ടായിരുന്നതിനാൽ തലപ്പാടി അതിർത്തിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.30ന് നേരിട്ട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഹുംബ്ലിയിൽ നിന്ന് ടാക്സിയിലാണ് ഇതേ കടയിലുള്ള മൊഗ്രാൽപുത്തുർ സ്വദേശിയടക്കം 4 പേർ തലപ്പാടിയിലെ അതിർത്തിയിലെത്തിയത്. അവിടെ നിന്ന് മറ്റൊരു കാറിൽ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ ആറോടെ എത്തി. അത്യാഹിത വിഭാഗത്തിലെത്തിച്ച് പരിശോധിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. ഹൃദ്രോഗത്തിന് സർജറി നടത്തിയിരുന്ന അബ്ദുൽ റഹ്മാന് പനിയും ഉണ്ടായിരുന്നുവെന്നു പറയുന്നു.തലപ്പാടി വരെ ഓക്സിജൻ നൽകിയാണ് കാറിലെത്തിച്ചത്.
കോവിഡ് പോസിറ്റീവാണെന്ന സുചനയെത്തുടർന്ന് കാറിലുണ്ടായിരുന്നവരോടും ആശുപത്രിയിൽ കാണാനെത്തിയ ബന്ധുക്കളോടും ആശുപത്രിയിൽ അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പേരും കാറിലും ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ബന്ധുക്കളുമടക്കം 9 പേർ ക്വാറന്റീനിൽ പോയി.