
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെതർ ഫ്‌ളാറ്റിൽ ഗൂഡാലോചന നടന്നു എന്ന നിഗമനത്തിലുറച്ച് നിൽക്കുകയാണ് കസ്റ്റംസ്. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കണ്ടിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങളാണ്. ഹെതർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് ലഭിച്ചത് നിർണ്ണായക മൊഴിയാണെന്നാണ് സൂചന.
കേസിലെ മുഖ്യ ആസൂത്ര സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവിൽ ഇന്നലെ രാത്രിയോടെ എൻഐഎ സംഘത്തിന്റെ പിടിയിലായിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.
സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.