KERALANEWS

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളെ എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎ അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. നാലാം പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. കേസിലെ നിര്‍ണായക വിവരങ്ങള്‍ സന്ദീപിന്റെ ബാഗ് പരിശോധിച്ചാല്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

കേരളത്തിലെ ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല സ്വര്‍ണം കൊണ്ടുവന്നതെന്നും സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. യുഎഇ എംബ്ലം, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചു. സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്നും കോടതിയില്‍ എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. 2019 മുതല്‍ പലതവണയായി പ്രതികള്‍ 57 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ ഐ അറിയിച്ചു. പലപ്പോഴായി 9 കിലോഗ്രാം, 18 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി വിദേശത്ത് നിന്ന് നയതന്ത്രബാഗേജില്‍ കടത്തിയത് 30 കിലോഗ്രാം സ്വര്‍ണ്ണമായിരുന്നു. ഇതിനു വേണ്ടി പ്രധാനമായും തട്ടിപ്പ് നടന്നത് യു എ ഇയിലായിരുന്നുവെന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ഒരു ബാഗും എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Related Articles

Back to top button