തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഫൈസലിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈസലിന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിന്റെ വീട്ടിലെത്തിയത്.
ഒന്നര വര്‍ഷമായി ഫൈസല്‍ ഫരീദ് വീട്ടിലേക്ക് വന്നിട്ടില്ല. വീട് പൂട്ടി സീല്‍ വയ്ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബന്ധുക്കളുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കുകയായിരുന്നു. ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചത് ഒന്നര മാസം മുന്‍പാണ്. നാടുമായി ഫൈസലിന് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് വിവരം. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. രണ്ട് നില വീട് കസ്റ്റംസ് മുഴുവനായി പരിശോധിച്ചു. നേരത്തെ ഫൈസലിനെ നാട്ടിലെത്തിച്ച ശേഷം പരിശോധന നടത്താമെന്നായിരുന്നു തീരുമാനം.
അതേസമയം കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കസ്റ്റംസിന്റെ കൈവശമുള്ള പ്രതിയുടെ കസ്റ്റഡിക്കായി എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് സരിത്തിനെ കോടതിയിലെത്തിച്ചത്.