BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎഇ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎഇ. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് യുഎഇയുടെ തീരുമാനം. ഫൈസല്‍ ഫരീദ് നിലവില്‍ ദുബായി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതും. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസല്‍ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നു വന്നപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. അഭിഭാഷകരുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല.

Related Articles

Back to top button