BUSINESSBUSINESS NEWS

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വരുമ്പോള്‍

ഡോ. അനീഷ് വി. പിള്ള

(അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സവകലാശാല)

പഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഏതൊരു രാജ്യത്തിന്റെയും പരമപ്രധാനമായ കര്‍ത്തവ്യമാണ്. 1962 – ലെ പ്രസിദ്ധമായ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ഫ്. കെന്നഡിയുടെ ഉപഭോക്തൃ അവകാശങ്ങളുടെ പ്രെഖ്യാപനത്തെ തുടര്‍ന്നാണ് ലോകമെമ്പാടും ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ രൂപം കൊണ്ടു തുടങ്ങിയത്. ഇന്ത്യയിലെ പ്രഥമ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത് 1986 ആണ്. തുടര്‍ന്ന് ഉദാരവത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളുടെ വളര്‍ച്ച എന്നിവയുടെ സ്വാധീന ഫലമായി ഇന്ത്യന്‍ കമ്പോളങ്ങളില്‍ ധാരാളം ഉത്പന്നങ്ങളും മറ്റു അവശ്യ സര്‍വീസുകളും ലഭ്യമായി തുടങ്ങി. ഇതിനെത്തുടര്‍ന്ന് 1986 -ലെ നിയമത്തില്‍ പല മാറ്റങ്ങളും വന്നു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദ കാലത്തേ വിവരസങ്കതിക വിദ്യയില്‍ ഉണ്ടായ വളര്‍ച്ച ഒരു പുതിയ ഉപഭോക്തൃ സംസ്‌കാരത്തിന് തന്നെ കാരണമായി തീര്‍ന്നു. ഇന്ന് നഗരങ്ങളിലും, ഗ്രാമങ്ങളിലും ഓണ്‍ലൈന്‍ ആയി ഉത്പന്നങ്ങളും മറ്റു സേവനങ്ങളും വാങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തുണ്ടാകുന്ന അനഭിലഷണീയമായ പ്രവൃത്തികളെ നിയന്ത്രിക്കാനും, ഉപഭോക്താവിന്റെ അവകാശങ്ങളെ സംരക്ഷിക്കാനും 1986 -ലെ നിയമം അശക്തമാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു പുതിയ നിയമം എന്ന ആശയവുമായി മുന്നോട്ടു വരികയും അത് പാസാക്കുകയും ചെയ്തു. 2019, ഓഗസ്റ്റ് ഒന്‍പതാം തീയതി രാഷ്ട്രപതി ഒപ്പു വച്ച് അത് നിയമമായി മാറുകയും ചെയ്തു.

ഈ നിയമത്തിന്റെ പ്രധാന സവിശേഷത എന്തെന്നാല്‍ ഒരു ഉപഭോക്താവിന് സുരക്ഷിതമായ ഉത്പന്നങ്ങള്‍ ലഭിക്കാനും, ഉത്പന്നങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അറിയാനും, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നല്ല വിലയില്‍ ലഭിക്കാനും, പരാതികള്‍ കേള്‍ക്കാനും അതിനു വേണ്ട നിവര്‍ത്തികള്‍ ലഭിക്കാനും, ഉപഭോക്തൃ ബോധവല്കരണം തുടങ്ങിയ ആറു പ്രധാന അവകാശങ്ങള്‍ ഉണ്ട് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്രകാരമുള്ള ഉപഭോക്താവിന്റെ താല്പര്യ സംരക്ഷണത്തിനും, ഉപഭോക്താവിന്റെ പരാതികള്‍ പരിഹരിക്കുന്നതിനുമായാണ് ഈ നിയമം പാസ്സാക്കിയിട്ടുള്ളത്.
1986 -ലെ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ അതോറിറ്റിയുടെ ഏറ്റവും പ്രധാനപെട്ട സവിശേഷത എന്തെന്നാല്‍ ഒന്നിലധികം അല്ലെങ്കില്‍ ഒരു കൂട്ടം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പൊതു പരാതികള്‍ ഈ അതോറിറ്റിമുന്പാകെ സമര്‍പ്പിക്കാം. അതുവഴി ഉപഭോക്തൃ ഫോറത്തില്‍ പരാതിപ്പെട്ടവരും, പെടാത്തവരുമായ എല്ലാ ഉപഭോക്താവിനും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. ഇത് ഒരു പരിധിവരെ ഒരു വിഷയത്തിലുള്ള വ്യത്യസ്തങ്ങളായ പരാതികളെ ഇല്ലാതാക്കുകയും അതുവഴി ഉപഭോക്തൃ ഫോറങ്ങളിലെ പരാതി പ്രവാഹം ഒഴിവാക്കപ്പെടുകയും ചെയ്യും. പരസ്യങ്ങളിലൂടെ തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചു ഉപഭോക്താവിനെ വലയില്‍ വീഴ്ത്തുന്ന നിര്മാതാക്കള്‍ക്കെതിരയെയും അത്തരം പരസ്യങ്ങള്‍ക്കെതിരെയും നടപടി എടുക്കാന്‍ ഈ നിയമ പ്രകാരം ഉപഭോക്താവിന് കഴിയും. അതുപോലെ അത്തരം പരസ്യങ്ങളില്‍ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന രീതിയില്‍ അഭിനയിക്കുന്ന വ്യക്തികള്‍ക്കു എതിരെയും, നടീനടന്മാര്‍ക്കെതിരെയും നടപടി എടുക്കാന്‍ ഈ നിയമം അനുശാസിക്കുന്നു.

ഓണ്‍ലൈന്‍ വ്യാപാരത്തിലുള്ള അനഭലഷണീയമായ പ്രവൃത്തികളെയും, ചൂഷണങ്ങളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് വളരെ സ്ലാഹനീയമായ കാര്യമാണ്. നിലവില്‍ അത്തരം ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍ ഈ നിയമത്തിന്റെ കീഴില്‍ ഓണ്‍ലൈന്‍ വ്യപാരത്തെ സമര്‍ത്ഥമായി നിയന്ത്രിക്കാന്‍ ആവശ്യമായ ഒരു ചട്ടം ഇതിനോടകം തന്നെ നിര്‍മിച്ചു കഴിഞ്ഞു. ഈ ചട്ടങ്ങള്‍ പ്രകാരം രാജ്യത്തു നടക്കുന്ന എല്ലാ ഓണ്‍ലൈന്‍ വ്യാപാരങ്ങളും നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുകയും, ഉപഭോക്താവിന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കു പുതിയ നിയമം വേണ്ട നിവര്‍ത്തികള്‍ നല്‍കുകയും ചെയ്യും.
കാലങ്ങളായുള്ള ഒരു പരാതി ആണ് കേസ് തീര്‍പ്പാക്കാന്‍ എടുക്കുന്ന കാലതാമസം. മൂന്നു അല്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കണം എന്നാണെങ്കിലും പലപ്പോഴും ദീര്‍ഘമായി കേസുകള്‍ നീണ്ടു പോകുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ തുക നഷ്ടപരിഹാരമായി ലഭിക്കേണ്ട കേസുകളില്‍ ഉപഭോക്താക്കള്‍ ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാന്‍ മടിക്കാറുണ്ട്. ഈ പ്രേശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്ക്ക് പുതിയ നിയമത്തില്‍ മീഡിയേഷന്‍ അഥവാ മധ്യസ്ഥ ചര്‍ച്ചയിലൂടെയുള്ള പരിഹാരത്തിന് വ്യവസ്ഥകള്‍ ഉണ്ട്. ഇപ്രകാരം ഉപഭോക്താവിന് തന്റെ പരാതികള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇനി മുതല്‍ കഴിയും.
ഉത്പന്നങ്ങളുടെ നിലവാരമില്ലായ്മ പലപ്പോഴും ഉപഭോക്താവിനെ അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. എന്തന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് കേടു പാടുകള്‍ ഇല്ലാത്തതിനാല്‍ 1986 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതിപ്പെടാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പുതിയ നിയമത്തില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും, വിതരണകാരനുമെതിരെ പരാതി നല്കാന്‍ വ്യവസ്ഥയുണ്ട്.

ഈ നിയമത്തിലെ മറ്റൊരു വലിയ പ്രാധാന്യം എന്നത് അഞ്ചു ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര പരാതികള്‍ക്ക് കോര്‍ട്ട് ഫീസ് അടക്കേണ്ടതില്ല. ഇത് ഒരു വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്തെന്നാല്‍ പലപ്പോഴും നഷ്ടപരിഹാര തുക ചെറുതാകുമ്പോള്‍ കോര്‍ട്ട് ഫീസ് അടക്കുക എന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത്ര താല്പര്യമുള്ള കാര്യമല്ല. പലപ്പോഴും ഇതുമൂലം, കേസ് കൊടുക്കുന്നതില്‍ നിന്ന് പോലും ഉപഭോകതാവ് പിന്തിരിയറുണ്ട്. അതുപോലെ തന്നെ ഉപഭോക്താവിന് നല്‍കുന്ന നഷ്ടപരിഹാരത്തുക ഒരു സാഹചര്യത്തിലും, ഉല്പന്നത്തിന്റെ അല്ലെങ്കില്‍ സവീസിന്റെ വിലയുടെ ഇരുപത്തിയഞ്ചു ശതമാനത്തില്‍ കുറയരുത് എന്നും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്രയും മനോഹരമായ ഈ നിയമം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പില്‍ വരണമെങ്കില്‍ ഉപഭോക്താക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എപ്പോഴൊക്കെയാണോ ഒരു ഉപഭോക്താവിന് തന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുന്നത്, അപ്പോഴെല്ലാം, ഈ നിയമത്തിലെ വ്യവ്‌സഥകള്‍ പ്രകാരമുള്ള നടപടികള്‍ എടുക്കണം. അപ്രകാരം ചെയ്താല്‍ ഒരു പരിധി വരെ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും, അനാവശ്യ പരസ്യങ്ങള്‍ ഒഴിവാക്കാനും, ഓണ്‍ലൈന്‍ വ്യാപാരം സുരക്ഷിതമാക്കാനും, വ്യാപാരികളില്‍ നിന്നുണ്ടാകുന്ന മറ്റു അനഭലഷണീയമായ മറ്റു പ്രവര്‍ത്തികള്‍ ഇല്ലാതാക്കാനും കഴിയും. 2019 – ഇല്‍ ആണ് ഈ നിയമം പാസ്സാക്കിയതെങ്കിലും, ഇത് നിലവില്‍ വന്നത് ഈ മാസം ഇരുപതാം തീയതി മുതലാണ്.

Related Articles

Back to top button