TECHWEB

ആസ്ഥാനം മാറ്റല്‍; ടിക് ടോക്കിന് വീണ്ടും തിരിച്ചടി

 

ലണ്ടന്‍: ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ആസ്ഥാനം ഒരുക്കാനുള്ള ടിക് ടോക് നീക്കത്തിന് തിരിച്ചടി. പ്രധാന വിപണിയായ ഇന്ത്യയില്‍ നിരോധനം നേരിടുകയും വിവിധ രാജ്യങ്ങളില്‍ നിരോധ ഭീഷണിയിലുമാണ് ടിക് ടോക്. അതിനിടെയാണ് ലണ്ടനില്‍ തങ്ങളുടെ ആസ്ഥാനം സ്ഥാപിക്കാനുള്ള ടിക് ടോക് മാതൃകമ്പനി ബൈറ്റ് ഡാന്‍സിന്റെ പദ്ധതി ഉപേക്ഷിക്കുന്നത്. നേരത്തെ 3000ത്തോളം പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി ബൈറ്റ് ഡാന്‍സ് ബ്രിട്ടീഷ് മന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുതിയ സാഹചര്യത്തില്‍ ടിക് ടോക് മാതൃകമ്പനി തന്നെ നിലപാടില്‍ നിന്നും പിന്നോട്ട് വലിയുകയാണ്. അടുത്തിടെ ഉടലെടുത്ത ബ്രിട്ടീഷ് ചൈനീസ് വ്യാപാര പ്രശ്‌നങ്ങളാണ് പുതിയ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഇലക്ട്രോണിക്ക് കമ്പനി വാവ്വെയ്ക്ക് കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിന് പിന്നാലെയാണ് ലണ്ടന്‍ ആസ്ഥാന നീക്കം ടിക് ടോക് അവസാനിപ്പിച്ചത്.

ടിക് ടോക്കിന്റെ പ്രദേശിക ആസ്ഥാനം നിലനില്‍ക്കുന്ന ഡബ്ലിന്‍ ആണ് അടുത്തതായി ടിക് ടോക് തങ്ങളുടെ ആസ്ഥാനമാക്കുവാന്‍ ആലോചിക്കുന്നത്. നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളും അനുമതികളും ഉള്ളതിനാല്‍ ഈ ആസ്ഥാന മാറ്റം വലിയ ബാധ്യതയുണ്ടാക്കില്ലെന്നാണ് ടിക് ടോക് മാതൃകമ്പനിയുടെ പ്രതീക്ഷ.

അടുത്തിടെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ലോകത്താകമാനം 100 കോടിയോളം ഉപയോക്താക്കളുള്ള ടിക് ടോക്കിന് സംഭവിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ടിക് ടോക് നിരോധനം എന്ന മുറവിളി ഉയരുകയാണ്.

Related Articles

Back to top button