തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ അര്‍ജുന്‍. ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് അപകടത്തിന് കാരണമായതെന്നും അര്‍ജുന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.
അപകടമുണ്ടാവുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആയിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്നിലെ സീറ്റിലിരുന്നതിനാലാണെന്നും ഫോറന്‍സിക് പരിശോധനാഫലത്തില്‍ തെളിഞ്ഞിരുന്നു.
ബാലഭാസ്‌കര്‍ അപകട സമയത്ത് പിന്‍സീറ്റിലായിരുന്നെന്നും ഭാര്യ ലക്ഷ്മി മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് ലക്ഷ്മിയും മൊഴിനല്‍കിയിരുന്നു.