BREAKING NEWSKERALALATESTNEWS

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കസ്റ്റംസ് കൊഫേപോസ ചുമത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകും. അതേസമയം, ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിക്കും.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. കൊഫെപോസ പ്രകാരം അറസ്റ്റിലാകുന്ന പ്രതികളെ ഒരു വര്‍ഷംവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാര്‍ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നല്‍കേണ്ടത്. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്യാം. നിവേദനവും ഹര്‍ജിയും തള്ളിയാല്‍ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വരുമാന മാര്‍ഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും സ്വപ്നക്ക് പങ്കുള്ളതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. പ്രതികളെ ഹാജരാക്കിയപ്പോള്‍ എന്‍.ഐ.എ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഭീകരവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷിന് പല ബാങ്കുകളിലും പണമിടപാടുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

Related Articles

Back to top button