തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് അതി രൂക്ഷമായതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത. എന്നാല്‍ എല്ലാ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ലേക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്.
വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ചര്‍ച്ചയാവും. തലസ്ഥാനത്തെ തീരദേശ മേഖലയിലും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പര്‍ക്ക വ്യാപനം രൂക്ഷമാണ്.
സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397ലേക്കും എത്തി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.