
ദോഹ : സംഗീതം മാനസിക സംഘര്‍ഷം ലഘൂകരിക്കാനും കര്‍മ്മ രംഗത്ത ഊര്‍ജ്ജം പകരാനും സഹായകമാകുമെന്ന് പ്രമുഖ സംരംഭകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസ പാടി ദോഹ വേവ്‌സ് പുറത്തിറക്കിയ അല്‍ ഫുര്‍ഖാന്‍ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം സംഗീതസാന്ദ്രമാക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്നും അശ്വാസം ലഭിക്കുകയും നല്ല സൗഹൃദങ്ങളിലൂടെ സംരംഭങ്ങളില്‍ വിജയിക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.
താനൊരു പ്രൊഫഷണല്‍ പാട്ടുകാരനല്ലെന്നും ഹോബിയെന്ന നിലക്ക് ഒഴിവ് സമയങ്ങളില്‍ പാടാനും പാട്ടു കേള്‍ക്കാനും സമയം കണ്ടെത്തുക മാത്രമാണ് ചെയ്യാറുള്ളതെന്നും മറുപടി പ്രസംഗത്തില്‍ ഡോ. വി. വി. ഹംസ പറഞ്ഞു. നല്ല പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസിന് വല്ലാത്ത അനുഭൂതിയാണ്. പാട്ടുകളും പാട്ടുകാരേയും ഇഷ്ടപ്പെടുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് ഈയര്‍ഥത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകാശന ചടങ്ങില്‍ ഗ്രൂപ്പ് ടെന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.എം കരീം, മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഒട്ടോമാക്‌സ് ട്രേഡിംഗ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, അല്‍ സുവൈദ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ഹൈ മാക്‌സ് ഡയറക്ടര്‍ ഇഷ്ഫാക് എന്നിവര്‍ സംസാരിച്ചു.
ഡോ. ഹംസ വി.വി പാടി അഭിനയിച്ച അല്‍ ഫുര്‍ഖാനിലെ ഗാനങ്ങള്‍ രചിച്ചത് ബാപ്പു വെള്ളിപ്പറമ്പും, റഫീഖ് പോക്കാക്കിയും, സുറുമ ലത്തീഫുമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദോഹ വേവ്‌സ് ചെയര്‍മാന്‍ മുഹമ്മദ് ത്വയ്യിബും ദൃശ്യാവിഷ്‌കാരം നിര്‍വ്വഹിച്ചത് ഫിറോസ് എം.കെയും, അസിസ്റ്റന്റ് ക്യാമറമാന്‍ നിയാസ് അബ്ദുല്‍ നാസറുമാണ്.